ഓർമ്മച്ചെപ്പിൽ നിന്നും ഒരേട് ( രഞ്ജിത്ത് മാത്യു)
വർഷങ്ങൾക്ക് മുൻപ് തിരുനക്കര മൈതാനത്തിനടുത്ത് നിന്നും പൂജയെന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഓർമ്മകളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ ഇതൊരു സ്വപ്നം യാഥാർഥ്യമായ നിമിഷമാണെന്ന് പറയാം. ഈ സ്വപ്നത്തിലേക്ക് നീന്തി അടുക്കുമ്പോൾ, ഒപ്പം തുഴയാൻ മലയാളത്തിലെ പ്രശസ്‌തരായ കുറെയേറെ എഴുത്തുകാർ ഉണ്ടെന്നുള്ളത് വളരെയധികം ചാരിതാർഥ്യം നിറഞ്ഞ നിമിഷമാണ്.
ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച നിരവധി ആളുകളെ നന്ദിയോടെ സ്മരിക്കാതിരുന്നാൽ അത് വലിയൊരു കളങ്കമായി മാറുകതന്നെ ചെയ്യും..
ഓർമ്മകൾക്ക് പിന്നാലേ പായുമ്പോൾ , ആ പ്രിൻറിംഗ് പ്രസ്സിൽ പൂജ മാസികയുടെ പണിപ്പുരയിൽ നിറഞ്ഞു നിന്നിരുന്ന സി. എൻ. മാത്യു (തമ്പി). എൻ്റെ അപ്പനായിരുന്നു. മാറ്റർ എഴുതുവാനും , പ്രൂഫ് എഡിറ്റ് ചെയ്യുവാനുമൊക്കെ എൻ്റെ 'അമ്മ ശോശാമ്മ മാത്യു , താങ്ങും തണലുമായി അപ്പനൊപ്പം നിന്നു എന്നതും വിചിത്രമായ ഒരു വസ്തുതയായി എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. കുട്ടികളായിരുന്ന ഞങ്ങൾക്ക് ( ഞാനും , സഹോദരി റെൻസിയും ) വീട്ടിൽ പലപ്പോഴും ഫോട്ടോ പതിച്ച ചെറിയ തടിയുടെ കട്ട ബ്ലോക്കുകൾ കാണുവാൻ കഴിഞ്ഞിട്ടുമുണ്ട്. ആ ബ്ലോക്കുകൾ ഉണ്ടാക്കി വേണം പ്രസ്സിൽ ചിത്രങ്ങൾ അച്ചടിക്കുവാൻ. കാലം മുന്നോട്ടു കുതിച്ചപ്പോൾ അച്ചടി യന്ത്രങ്ങൾ പുരോഗമന പാതയിൽ സഞ്ചരിച്ചു തുടങ്ങി, തടി ബ്ലോക്കുകളോട് വിട ചൊല്ലി. ലോകത്തിൻ്റെ ഏത് കോണിൽ ഇരുന്നും നിർദേശങ്ങൾ നൽകുവാനും, എന്തും പ്രിൻറ് ചെയ്യുവാനും സാധിക്കുന്ന രീതിയിലേക്ക് ടെക്നോളജി വികസിച്ചു.
വികസനത്തിൻ്റെ മറ്റൊരു മുഖം ആയിരുന്നു ഓൺലൈൻ വായന. അച്ചടിക്കാതെ തന്നെ ലോകത്തിൻ്റെ ഏതൊരു കോണിലും ഇരുന്ന് ഒറ്റ ക്ലിക്കിൽ വായനയുടെ പതുവസന്തം തീർക്കാനായി നിങ്ങൾക്ക് മുന്നിലേക്ക് ഞങ്ങൾ എത്തുകയാണ് .
പൂജ ഓൺലൈൻ മാസികയെന്ന പേരിൽ.. മാറ്റത്തിൻ്റെ പുതിയൊരു മുഴക്കവുമായി.
ആദ്യ ലക്കം പൂജ മാസികയിൽ അപ്പൻ്റെ തൂലികയിൽ തന്നെ വിരിഞ്ഞൊരു ഒരു കവിതയുണ്ടായിരുന്നു.
" പൂജയ്ക്ക് പുഷ്പങ്ങളുമായി " ഇന്നും മനസ്സിൽ അതിലെ വരികൾ മായാതെ നിൽക്കുന്നതിനാൽ, ആ കവിത എൻ്റെ ഓർമ്മച്ചെപ്പിൽ നിന്നും അടർത്തിയെടുത്ത് നിങ്ങൾക്കായി സമ്മാനിക്കുന്നു.
പൂജയ്ക്ക് പുഷ്പങ്ങളു-
മായി വരുന്നിതാ
പൂജാരിയായി നിൽ-
ക്കണേ ഗുരുനാഥാ
കാണിക്ക മണ്ഡപ-
ത്തിനരിക്കലിരുന്നങ്ങു
നാണയമിടുന്നോരേ
കണ്ടിട്ടു പറഞ്ഞില്ലേ
രണ്ടു കാശിട്ടയിവൾ
വിധവയെല്ലാരിലും
മുന്തിയ ഭാഗം തന്നു
അങ്ങതിൽ പ്രസാദിച്ചു.
പൂജയ്ക്ക് പുഷ്പങ്ങ-
ളുമായി വരുന്നിതാ
പൂജയിൽ പ്രസാദിക്ക-
യെൻ ഗുരു മിശിഹായേ.