ബിനോജ് വിശ്വേശ്വരൻ
കായംകുളം സ്വദേശിയാണ്. അരിപ്രാവുകൾ, കൂട് , ഒറ്റത്തുള്ളി, പ്രവാസികളുടെ വെള്ളിയാഴ്ച, ഒരോർമ്മപ്പെടുത്തൽ, എന്നിവ ചെറുകഥകൾ, ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.
അങ്കമാലി മാങ്ങാകറി
പാചകം ഒരു കലതന്നെയാണെന്ന് രേഖചേച്ചി ഉണ്ടാക്കി തന്ന അങ്കമാലി മാങ്ങാക്കറി കൂട്ടികൊണ്ടിരുന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. പല്ലില്ലാത്ത മോണ കാട്ടിചിരിച്ചുകൊണ്ട് രേഖചേച്ചിയുടെ മകൾ അമ്മു ആ വഴിയൊന്നു പാളി നോക്കിയിട്ടു അടുത്ത മുറിയിലേക്ക് പിച്ചവെച്ചുനടന്നു പോയി. നീ കഴിക്കേടാ.. സുരേഷേട്ടൻ വന്നിട്ട് പോയാൽ മതി.
ആഴ്ചയിൽ ഒരു ദിവസം രുചിയോടെ ഭക്ഷണം കഴിക്കുവാനാണ് രേഖചേച്ചിയുടെ വീട്ടിലേക്ക് എത്തുന്നത് . ബാച്ചിലർ ജീവിതത്തിലെ പറുദീസയാണ് ഇങ്ങനെ വല്ലപ്പോഴും രുചിയോടെ കിട്ടുന്ന ആഹാരം. അത് വളയിട്ട കൈകൾ കൊണ്ട് കിട്ടുമ്പോൾ അതിനൊരു പ്രത്യേക സ്വാദ് തന്നെയുണ്ട്.
നീ എന്താണ് ആലോചിച്ചിരിക്കുന്നതു?. പാത്രം കഴുകിയിട്ട് എനിക്ക് ഉച്ചക്കുള്ള സീരിയൽ കാണുവാൻ ഉള്ളതാണ്. സീരിയലുകൾ കാണുന്ന പതിവ് ജീവിതത്തിൽ നിന്നും ഓടി ഒളിച്ചിട്ടു കാലങ്ങൾ എത്ര ആയെന്ന് മനസ്സിൽ വെറുതെ ആലോചിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന വേഗം കൂട്ടുവാൻ ഞാൻ മറന്നില്ല..
ഉടനെ തന്നെ എഴുന്നേറ്റേക്കാം .. ആ മറുപടി രേഖചേച്ചിയുടെ മനം കുളിർപ്പിക്കാതിരുന്നില്ല. അമ്മു വഴക്ക് കൂട്ടാതെ ഇരിക്കുന്ന നേരത്തു മാത്രമേ ഈ ടീവീ കാഴ്ച നടക്കുകയുള്ളു. കഴിച്ചു കഴിഞ്ഞപ്പോഴേക്കും മാണിക്യൻ്റെ വിളി വന്നിരുന്നു. അവൻ ഡ്യൂട്ടി കഴിഞ്ഞു വൈകിയേ വരികയുള്ളൂ .
ശനിയായ്ച്ച ദിവസങ്ങളിൽ ഞാൻ സാധാരണ പാചകം ചെയ്യാറില്ല. മാണിക്യൻ വൈകിട്ട് പാചകം ചെയ്യുവാനുള്ള ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കുവാനാണ് വിളിച്ചത്.
ചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ പണ്ടൊരു ദിവസം മാണിക്യൻ ഉണ്ടാക്കിയ അങ്കമാലി മാങ്ങാകറിയുടെ സ്വാദ് തികട്ടി വന്നു. കയ്യിൽ ഇരുന്ന ചോക്ലേറ്റ് കഴിച്ചുകൊണ്ട് ആ ഓർമ്മകളിൽ നിന്നും ഓടിയൊളിക്കുവാൻ എൻ്റെ മനസ്സ് വെമ്പൽ കൊണ്ടു
പക്ഷേ ഓർമ്മകളും, അനുഭവങ്ങളുമെല്ലാം ഒരു ഞൊടിക്കിടയിൽ മനസ്സിൽ നിന്നും മായിച്ചു കളയുവാൻ പറ്റുന്നവയല്ലല്ലോ. മനസ്സ് ആ ദിവസത്തേക്ക് ഒരു വിരുന്നു നടത്തികൊണ്ട് ഓർമ്മകൾ പുനർസൃഷ്ടിക്കുക തന്നെ ചെയ്തു.
കറിയേ പറ്റി പറയുന്നതിനു മുൻപ് മാണിക്യനെ പറ്റി പറയേണ്ടതായിട്ടുണ്ട് പേര് പോലെ തന്നെ ആളൊരു മാണിക്യം തന്നെയാണ്. അഞ്ചടി ഉയരം ചിരിച്ച മുഖം കാണുമ്പോൾ കുപ്പയിൽ കിടക്കുന്നൊരു മാണിക്യ കല്ലുപോലെ തോന്നും. ഇരട്ടപേര് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ ഒക്കെ മാണിക്യൻ കയർക്കാറുള്ളതിനാൽ നിങ്ങളോടും ആ പേര് പറയുവാൻ ഞാനും താല്പര്യപ്പെടുന്നില്ല.
പ്രവാസജീവിതത്തിനിടയിൽ ദാനം കിട്ടിയതുപോലെയുള്ള അവധി ദിവസങ്ങൾ ആഘോഷിച്ചു മാണിക്യൻ തിരികെ വന്നപ്പോൾ അവരുടെ വീട്ടുമുറ്റത്തുള്ള കുള്ളനായ ഇരുമ്പൻ പുളിമരത്തിൽ നിന്നും മാണിക്യൻ്റെ ഭാര്യ ലക്ഷ്മി എണീവച്ചു കയറി പറിച്ചുണക്കി കൊടുത്തുവിട്ട രണ്ടു കിലോ ഇരുമ്പൻ പുളിയും, നാടൻ കായ വറുത്തതും ചാള അച്ചാറിട്ടതും, ചമ്മന്തി പൊടിയുമെല്ലാം ഞങ്ങൾക്ക് ഇടക്കാല ആശ്വാസം പോലെയായിരുന്നു. ഇലുമ്പൻ പുളി മാത്രം അവഗണയുടെ തേരോട്ടത്തിൽ പെട്ട് ഭദ്രമായി അലമാരിയിൽ സ്ഥാനം പിടിച്ചു.
ഇലുമ്പൻ പുലിയുടെ ഗുണഗണങ്ങളെ പറ്റിയൊക്കെ പിന്നീടു പലപ്പോഴും പറഞ്ഞെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ പാചകവിദഗ്ദ്ധനായ ഷിനോച്ഛൻ അതൊന്നും അംഗീകരിക്കുവാൻ തയ്യാറായില്ല. അതിനു ഷിനോച്ഛൻ്റെ മറുപടി ഇങ്ങനെയായിരുന്നു. പിന്നേ .. ഈ ലോകത്ത് ഉള്ള എല്ലാവരും പുളി കൂട്ടിയാണ് സൗന്ദര്യം വർധിപ്പിക്കുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം യൂട്യൂബിൽ കണ്ട അങ്കമാലി മാങ്ങാ കറി മുറിയിൽ സംസാര വിഷയമായി. അങ്കമാലിയെ പറ്റി രേവതി കിലുക്കത്തിൽ പറഞ്ഞ അറിവ് മാത്രമേ ഷിനോച്ഛനും ഉണ്ടായിരുന്നുള്ളു. എൻ്റെ പാചക വൈദഗ്ധ്യം സുലൈമാനിയിൽ മാത്രം ആയിരുന്നതിനാൽ നീണ്ട ഒരു കോട്ടുവാ വിട്ട്, പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന മട്ടിൽ ഞാനുമിരുന്നു . ഞങ്ങളുടെ സഹമുറിയനായ മമ്മൂട്ടിക്ക യാതൊരു അഭിപ്രായവും പറയാതെ ടിവിയിൽ ചാനലുകൾ മാറി മാറി പരീക്ഷിക്കുന്ന തിരക്കിലായിരുന്നു.
കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങിയ മാണിക്യൻ്റെ കർണ്ണപടലങ്ങളിലേക്ക് ഒഴുകിയെത്തിയ വാക്ക് അങ്കമാലി മാങ്ങാകറിയെന്ന് മാത്രമായിരുന്നു. അതിനെന്താ ...വായ്ക്ക് രുചിയായിട്ട് തന്നെ വെച്ച് തന്നേക്കാം. ഞങ്ങൾ എല്ലാവരും ഒന്ന് ഞെട്ടാതിരുന്നില്ല. മാണിക്യൻ്റെ വീട് അങ്കമാലിയിൽ ആയിരുന്നുവെന്നത് അയാൾക്ക് ഒരു മുതൽകൂട്ടായിരുന്നു.
തല തോർത്താതെ തന്നെ വേണ്ട സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് ഉണ്ടാക്കി മമ്മൂട്ടിക്കയെ ഏല്പിച്ചു. ആ ലിസ്റ്റിൽ രണ്ടു കിലോ ചൂര തന്നെ വേണമെന്ന് പ്രത്യേകം അടിവരയിട്ടു എഴുതിയിട്ടുമുണ്ടായിരുന്നു.
മാണിക്യൻ എല്ലാവരോടുമായി മറ്റൊരു നിബന്ധന അവതരിപ്പിക്കുവാനും മറന്നില്ല.
അങ്കമാലി മാങ്ങാക്കറി പാചകം ചെയ്യുമ്പോൾ ആരും അടുക്കളയുടെ പരിസരത്ത് പോലും വരാൻ പാടില്ലത്രേ.. മാങ്ങാക്കറിയുടെ റെസിപ്പി എങ്ങനെയെങ്കിലും സൂത്രത്തിൽ പഠിച്ചെടുക്കാമെന്നുകരുതിയിരുന്ന ഷിനോച്ചന് ആ നിബന്ധന കേട്ടപ്പോൾ നിരാശ തോന്നാതിരുന്നില്ല.
ലിസ്റ്റ് നോക്കി റൂമിലെ കാരണവരായ മമൂട്ടിക്കാ സമ്മതം മൂളി. നീയും അടുക്കളയിലേക്ക് വന്നു പോകരുത്. എന്നെ നോക്കിയാണ് മാണിക്യൻ അത് പറഞ്ഞത്.
തേങ്ങയും മാങ്ങയും തിരിച്ചറിയാൻ വയ്യാത്ത ഇയാൾ കറി വച്ചാൽ ഉച്ചയ്ക്ക് പട്ടിണി ആകുമെന്ന് ഞാൻ അറിയാവുന്ന രീതിയിൽ ഒക്കെ പറഞ്ഞത്തിന്റെ ദേഷ്യം മാണിക്യൻ തീർത്തത് അങ്ങനെയായിരുന്നു.
രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങുവാൻ കിടന്നത്. ബാച്ചിലർ ജീവിതത്തിൽ ഇതൊക്കെ സാധാരണവുമായിരുന്നു. ആഘോഷങ്ങളുടെ രാവുകളാവും മിക്കവാറും അവധി ദിനങ്ങൾ. മനസ്സിൽ ഉള്ള വിഷമതകൾ കഴിയുന്നതും ആരെയും അറിയിക്കാതെ ഒരു ഒളിച്ചുകളി നടത്തി ജീവിതം ആഘോഷിക്കുയാണെന്ന് വരുത്തി തീർക്കുവാനുള്ള തന്ത്രപ്പാട്.
ഉച്ചഊണിനു കാലമായ നേരത്തായിരുന്നു ഞാൻ എഴുനേറ്റത്. അടുക്കളയിൽ നിന്നും പണ്ടെന്നോ തറവാട്ടിലെ തട്ടുമ്പുറത്ത് നിന്നും കേട്ടതുപോലെയുള്ള ശബ്ദങ്ങൾ കർണ്ണപടങ്ങൾക്ക് അരോചകമായി തുടങ്ങിയപ്പോൾ പുതപ്പിനുള്ളിൽ നിന്നും പുറത്ത് കടക്കുവാൻ എന്നിൽ സമ്മർദ്ദങ്ങളുടെ വേലിയേറ്റം അരങ്ങേറി. പല്ല് തേക്കുവാനുളള ബ്രഷ് എടുത്ത് ബാത്റൂമിലേക്ക് നടക്കുന്നതിനിടയിൽ അടുക്കളയിലേക്ക് ഒന്ന് പാളി നോക്കുവാൻ മറന്നില്ല.
ഉയർത്തി പിടിച്ച വാളുമായി കോട്ടക്ക് കാവൽ നിൽക്കുന്ന ഒരു യോദ്ധാവിനെ പോലെ മാണിക്യൻ കിച്ചണിൽ തന്നെയുണ്ട്. ചുവന്ന തോർത്ത് ഒരെണ്ണം തലയിൽ കെട്ടിയിട്ടുണ്ട്, ആരുടെയോ ഒരു കൈലി മുണ്ട് എടുത്ത് അരയിൽ അലങ്കാരം പോലെ കെട്ടിയിട്ടുണ്ട്. സിഗരറ്റ് ഒരണ്ണം ചെവിപ്പുറകിൽ തിരുകി വെച്ചിട്ടുമുണ്ട്. ഒരു വടക്കൻ വീരഗാഥയിൽ യോദ്ധാക്കളെ പോലെ കയ്യിൽ ഇരിക്കുന്ന ചട്ടുകവുമായി ദ്രുതചലനങ്ങൾ നടത്തുന്നതിനിടയിലാണ് എന്നെ കണ്ടത്.
അടുക്കളയിൽ കാലു കുത്തിയാൽ നീ വിവരം അറിയും. എന്നെ നോക്കി മാണിക്യൻ അങ്ങനെ മുരളുന്നത് കേട്ടുകൊണ്ടാണ് മമ്മൂട്ടിക്കാ ഫ്ലാറ്റിനു താഴെയുള്ള ബിൽഡിംഗിലെ കഫ്റ്റീരിയാൽ നിന്നും ചായ കുടിയും കഴിഞ്ഞു എത്തിയത്.
ഇന്നാ .... ആരും അടുക്കളയിൽ കയറേണ്ട. നിങ്ങൾക്ക് കുടിക്കുവാനുള്ള ചായ ഞാൻ വാങ്ങിയിട്ടിട്ടുണ്ട് . വിശാല ഹൃദയത്തിനുടമയാണ് മമ്മൂട്ടിക്ക. സമാധാനപ്രിയൻ .
ബാത്‌റൂമിൽ നിന്നും തിരികെ ഇറങ്ങി വന്നപ്പോഴേക്കും മാണിക്യൻ അടുക്കളയിലെ കലാപരിപാടികൾ അവസാനിപ്പിച്ചു പുറത്തേക്ക് ഇറങ്ങുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
മാണിക്യൻ വിജയ കരമായി ഹൃദയ ശാസ്ത്രക്രിയ നടത്തിയ ഒരു ഡോക്ടറേ പോലെ കൈകൾ കഴുകി, മുഖം അവിടെയിരുന്നൊരു ടിസ്സു പേപ്പറുകൊണ്ട് തുടച്ചെന്ന് വരുത്തി തീർത്തു.
ഞാൻ മെല്ലെ അടുക്കളയിലേക്ക് ഊളിയിട്ടു. തവിയെടുത്തു കറി ഇത്തിരി എടുത്തു രുചിച്ചു നോക്കി കടൽ വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞെടുത്താൽ ഇതുപോലെ ഒരരുചി ഉണ്ടാവില്ല.
എനിക്കൊരു ദേഷ്യവും മാണിക്യനോട് തോന്നിയില്ല, തോന്നിയിട്ടൊട്ടു കാര്യവുമില്ലായിരുന്നു, കാരണം കാരണവരായ മമ്മൂട്ടിക്ക ശാന്തതയുടെ സന്ദേശവാഹകനായി വിലക്കിൻ്റെ പൂച്ചെണ്ടുമായി അവിടെ നിൽപ്പുണ്ടായിരുന്നു.
വിശപ്പു കണ്ണിലേക്ക് ഇരുട്ടിൻ്റെ മൂടൽ മഞ്ഞു പൊഴിക്കുവാൻ തുടങ്ങിയിരുന്നു.
അല്പം വിശ്രമത്തിന് ശേഷം കിച്ചനിലേക്കെത്തിയ മാണിക്യനോട് മമ്മൂട്ടിക്ക അതീവ സൗമ്യനായി ചോദിച്ചു. എന്തിനാടാ ഈ പണി ഞങ്ങളോട് കാണിച്ചേ?. അതേ മമ്മൂട്ടിക്ക അങ്ങനെയേ പെരുമാറുകയുള്ളൂ. സൗമ്യതയുടെ നിറകുടമായിരുന്നയാൾ . ആ ശാന്തത ദുരന്തത്തിലേക്ക് പോകുമായിരുന്ന ഒരു അനിഷ്ടസംഭവത്തെ അപ്പാടെ വിഴുങ്ങി കളഞ്ഞുവെന്ന് വേണമെങ്കിൽ പറയാം.
എന്തുപറ്റി കറി വെന്തില്ലേ .. അടുക്കളയിലേക്ക് പാഞ്ഞു കയറിയിട്ട് മാണിക്യൻ ഒന്നുമറിയാത്തപോലെ ചോദിച്ചു. പണി പാളിയെന്നു മനസ്സിലാക്കിയ മാണിക്യൻ രക്ഷപെടുവാനായി മറ്റൊരു തന്ത്രം പ്രയോഗിക്കുവാൻ ശ്രമിക്കാതിരുന്നില്ല.
കറി പാത്രത്തിൽ തവിയിട്ടാൽ , അത് വളിച്ചു പോകുമെന്നു ഈ ലോകത്ത് എല്ലാവർക്കും അറിയാം. നിനക്ക് മാത്രം അത് അറിയില്ലേ?. മാണിക്യൻ എന്നെ നോക്കി കയർക്കാണ് ശ്രമിച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി.
അപ്രതീക്ഷിതമായി മുഴങ്ങിയ കോളിങ് ബെല്ലിൻ്റെ ശബ്ദം കേട്ടതും, എവിടെ നിന്നോ പറന്നിറങ്ങിയതു പോലെ ഷിനോച്ഛൻ വാതിൽക്കൽ എത്തിയിരുന്നു. വിവേകപൂർവ്വം പ്രവർത്തിച്ച് മമ്മൂട്ടിക്ക മാണിക്യന് കറിവക്കാൻ ചൂരക്ക് പകരം മത്തി വാങ്ങിച്ചു നൽകി നഷ്ടങ്ങളുടെ കണക്ക് കുറച്ചപ്പോൾ, വിശന്നു പൊരിഞ്ഞിരുന്ന ഞങ്ങളുടെ ആമാശയത്തിന് ആശ്വാസമേകി ഷിനോച്ചൻ സൂപ്പർ ഹീറോയായി മാറി.