top of page

രഞ്ജിത് വാസുദേവൻ

ജനനം തൃശൂർ ജില്ലയിലെ തീരദേശമായ മണലൂർ പഞ്ചായത്തിലെ കണ്ടശാംങ്കടവിൽ. പിതാവ് പരേതനായ മാമ്പുള്ളി വാസുദേവൻ, മാതാവ്:ശാരദ, ഭാര്യ: ലത, മക്കൾ: ആതിര, ആദർശ്. കണ്ടശാംങ്കടവ് ഗവണ്മെന്റ് ഹൈസ്ക്കൂളിൽ വിദ്യാഭ്യാസം അതിനുശേഷം കേരളവർമ്മ കോളേജിൽ പ്രീഡിഗ്രി, പിന്നീട് കാലിക്കറ്റ് യൂണിവേൾസ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ്സിൽ ബിരുദം. ഇരുപത് വർഷം ദുബായിലുള്ള ഗൾഫ്ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റോറിയലിൽ ജോലി നോക്കിയതിനുശേഷം ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം. അതോടൊപ്പം പുതിയ കഥാസമാഹരത്തിന്റെ പണിപ്പുരയിലാണ്.

ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഗ്രാമവാതിൽ എന്ന നോവലിനുശേഷം പ്രസിദ്ധീകരിച്ചത് നിഷ്കളങ്കൻ എന്ന കഥാസമാഹാരം.

വിലാസം : രഞ്ജിത്ത് വാസുദേവൻ, മാമ്പുള്ളി ഹൌസ്, കണ്ടശാംങ്കടവ് പി ഓ, ഫ്രാൻസീസ് ലൈൻ ,തൃശൂർ - കേരള – 680613.

Mob: 9400150010 Mob (rengithvasudevan@gmail.com)

രഞ്ജിത് വാസുദേവൻ

കുമ്പസാരം




റാഫേലിൻ്റെ ഇളയ പുത്രൻ വർക്കി പള്ളിയിലേക്ക് കയറിവരുമ്പോൾ കുർബാന കഴിഞ്ഞ് അച്ഛൻ പള്ളിമേടയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.


പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ പോയിട്ടും പുറകിൽ കാൽപെരുമാറ്റം കേട്ടാണ് അച്ഛൻ തിരിഞ്ഞ് നോക്കിയത്. ഭക്തിയോടെ തിരുരൂപം നോക്കി കുരിശു വരയ്ക്കുകയാണ് വർക്കി.


പതിവില്ലാതെയുള്ള വർക്കിയുടെ സാന്നിദ്ധ്യം അച്ഛനെയൊന്നു ആശ്ചര്യപ്പെടുത്താതിരുന്നില്ല. ചോദ്യഭാവത്തിൽ മുഖത്തേക്ക് നോക്കിയത് കണ്ടിട്ടാവാണം അവൻ്റെ ഉത്തരത്തിന് താമസമുണ്ടായില്ല. ഒന്നുമില്ലച്ഛോ, കുർബാനയ്ക്ക് മുൻമ്പ് എത്താൻ പറ്റിയില്ല എന്നു പറഞ്ഞ്, സ്വതേയുള്ള അലസതയുടെ ആലസ്യത്തിൽ വർക്കി പരുങ്ങി.



അച്ഛനത് അത്ര വിശ്വസനീയമായി തോന്നിയില്ല.


അപ്പൻ റാഫേൽ കടുത്ത വിശ്വാസിയും മുടങ്ങാതെ പള്ളിയിൽ വരുന്നതാണെങ്കിലും മക്കൾ രണ്ടുപേരും അങ്ങനെയല്ലയെന്ന് അച്ഛന് നന്നായി അറിയാമായിരുന്നു.



വയസ്സായി പണിയൊക്കെ നിറുത്തിയതിനുശേഷവും റാഫേൽ ഇടയ്ക്ക് പള്ളിയിൽ വന്ന് മറ്റു വിശേഷങ്ങളുടെ കൂടെ മക്കളുടെ കുരുത്തകേടുകൾ അച്ഛനുമായി പങ്ക് വെയ്ക്കാറുള്ളതാണ്.

രണ്ടുപേരും കൂലി പണിക്ക് പോകുന്നവരാണ്,



പക്ഷെ പതിവായി പോകില്ല എന്നുമാത്രം.



വർക്കിയേക്കാൾ കുറച്ച് ഭേദമായിരുന്നു ചേട്ടൻ ലാസർ. കുറച്ച് ദിവസം അടുപ്പിച്ച് ജോലിക്ക് പോയാൽ പിന്നെ കിട്ടിയ പൈസ തീരുന്നതുവരെ ജോലിയെകുറിച്ചൊരു ചിന്തയില്ല.



സദാസമയവും സർവ്വേരി കല്ല് നാട്ടിയതുപോലെ അങ്ങാടിയിലെ കടതിണ്ണയിൽ ചീട്ടുകളിക്കുന്നവർക്കൊപ്പമാണ്.. വർക്കി നീ വന്ന കാര്യം വേഗം പറയ്, ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. പെരുന്നാള് കഴിഞ്ഞതിൻ്റെ പണി ചെയ്ത് തീർക്കാൻ ഇനിയും കുറെ ബാക്കിയുണ്ട്.


നിന്നെ കണ്ടൊന്ന് സംസാരിക്കണമെന്ന് കഴിഞ്ഞ ദിവസം അപ്പൻ പറഞ്ഞിരുന്നു, അതിനായി പറഞ്ഞയച്ചതാണോ?.


“അതല്ല അച്ഛോ”


പിന്നെ എന്താ നിന്റെ പ്രശ്നം.?.


“എനിക്കൊന്ന് കുമ്പസാരിക്കണം” നിനക്കോ അച്ഛന്റെ മുഖത്ത് അറിയാതെയാണ് ചിരി പടർന്നത്..


തമാശയല്ലച്ഛോ, “ഈ കുമ്പസാരരഹസ്യം പുറത്ത് പറയാൻ പാടുണ്ടോ?”


വർക്കി സൺഡേ ക്ലാസ്സിലൊന്നും പോയിരുന്നില്ലേ?.


പോയിരുന്നു, എന്നാലും ഒരുറപ്പിനായി ചോദിച്ചതാണ്.


കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല എന്നാണ് നിയമം.. എന്താ അപ്പനും മോനും പിന്നെയും വഴക്ക് നടന്നോ,?. ഇപ്രാവിശ്യം അപ്പൻ നിന്നെ തല്ലിയോ?.



അതോ നീ അപ്പനെ തല്ലിയോ?.


ഞാൻ വഴക്കു പറയുമെങ്കിലും അപ്പനെ തല്ലുകയൊന്നുമില്ല.

ഈ നിലയ്ക്ക് പോയാൽ അധികം വൈകാതെ മോൻ്റെ കൈയിൽ നിന്നും കിട്ടും എന്നു പേടിയുള്ളതുകൊണ്ടല്ലേ, റാഫേൽ എന്നെ കാണാൻ വന്നത്.

അതൊന്നുമല്ല കാര്യം. “എൻ്റെ കുമ്പസാരം അച്ഛൻ ആരോടും പറയരുത്”.


ഇത്ര പേടിയുണ്ടെങ്കിൽ പിന്നെ ഇതിന് പോകാണോ? “നിർബന്ധമാണച്ഛോ”. അല്ലെങ്കിൽ പിന്നെ പ്രശ്നമായാലോ.


അങ്ങനെയാണെങ്കിൽ നീ ഇവിടെ കുറച്ചുനേരം ഇരിക്ക്, മേടയിലൊന്ന് പോയി വരാമെന്ന് പറഞ്ഞ് അച്ഛൻ തിടുക്കപ്പെട്ട് അൾത്താരയുടെ പടിയിറങ്ങി പുറത്തോട്ടുള്ള വാതിൽ ലക്ഷ്യമിട്ട് നടന്നു.


അച്ഛൻ്റെ വരവിനായി കാത്തിരിക്കുമ്പോഴും വർക്കിയുടെ മനസ്സിൽ പറയണോ വേണ്ടയോ എന്നൊരു ചിന്ത ശീതകാറ്റിൽ ഇറയത്തിരിക്കുന്ന നിലവിളക്കിലെ തിരിപോലെ മിന്നി മിന്നി കത്തി നിന്നു.


അക്ഷമയുടെ നടുവിലായിരുന്ന വർക്കിയുടെ അരികിൽ അൾത്താരയുടെ കമനീയത നിറഞ്ഞൊഴുകി. മേടയിൽ നിന്ന് അച്ഛൻ തിരിച്ച് വരുമ്പോഴും വർക്കി പള്ളിക്കകത്തുള്ള ദൃശ്യകലയുടെ പുതിയമാനങ്ങൾ തേടുകയായിരുന്നു.



ഇതിന് മുൻപും ഇവിടെ വന്നാപ്പോഴൊന്നും ചുമരുകളിലെ ചിത്രങ്ങൾക്കും അൾത്താരയുടെ പുറകിലെ പലവർണ്ണത്തിലുള്ള ചില്ലുകൾകൊണ്ട് അലംങ്കൃതമായ ജനലുകളൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല.


സങ്കല്‌പലോകത്തെ സഞ്ചാരിയെ പോലെ ചിന്തകളിൽ അഭിരമിക്കുമ്പോൾ അച്ഛൻ കടന്നു വന്നതും പുറകിൽ നിന്നതും വർക്കി അറിഞ്ഞിരുന്നില്ല.



തോളിൽ അച്ഛൻ്റെ കരസ്പർശനം വർക്കിക്ക് സ്ഥലകാലമുദിക്കാൻ അവസരമേകി.

കുമ്പസാരകൂട്ടിനടുത്തേക്ക് അച്ഛൻ വഴികാട്ടിയപ്പോഴും വർക്കി സംശയം തീർക്കാനായി ഒരിക്കൽകൂടി ചോദിച്ചു.


“അച്ഛൻ ആരോടും പറയുകയില്ലല്ലോ?."


നിനക്ക് പേടിയുണ്ടെങ്കിൽ പിന്നെ എന്തിനാ ഈ പണിക്ക് പോകുന്നത്.


“അതല്ല അച്ഛോ”. മാനം കപ്പല് കയറുമല്ലോ എന്നോർത്താണ്. അതിനുമാത്രമുള്ള മാനമൊന്നുമില്ല എന്നാണല്ലോ എൻ്റെ അറിവ്. അല്ലാ, കുമ്പസാരിച്ചാൽ പിടിവിട്ട മാനം തിരിച്ചുകിട്ടുമോ.


അച്ഛൻ വിചാരിച്ചാൽ നടക്കും.


അപ്പോൾ എനിക്ക് നീ പിന്നീട് ഒരു പാരയായി മാറും അല്ലേ?


“അങ്ങനയല്ലച്ഛോ കാര്യങ്ങളുടെ കിടപ്പ്”


ബാക്കികാര്യം കുമ്പസാരകൂടിൽ ഇരുന്നതിന് ശേഷം എന്ന് പറഞ്ഞ് അച്ഛൻ കുമ്പസാരകൂട്ടിലേക്ക് കയറി.


പ്രാർത്ഥനയ്ക്കായി മുട്ടുക്കുത്തി നിന്നുള്ള അനുഭവജ്ഞാനം കുറവായത്കൊണ്ട്, മെരുക്കാൻ കൂട്ടിനകത്ത് കയറ്റിയ ആനയെപോലെ കുമ്പസാരകൂടിനടുത്ത് വർക്കിക്ക് ഞെരിപിരി കൊള്ളേണ്ടി വന്നു.


സംശയനിവാരണത്തിനായി ഒരിക്കൽകൂടിയുള്ള ശ്രമം അച്ഛന്റെ സ്വരവിത്യാസം മനസ്സിലാക്കി പിൻതിരിപ്പിച്ചു.


വർക്കിയേ നീ വന്നത് രഹസ്യം പുറത്തു പറയുമോ എന്നറിയാ അതോ കുമ്പസാരിക്കാനാണോ?


വർക്കിയുടെ നീട്ടിയുള്ള മൂളൽ അച്ഛന് കേൾക്കാൻ മാത്രമുള്ളതായിരുന്നില്ല.

കസേരയിൽ ഒന്നുകൂടി ഇളകിയിരുന്നു വർക്കി പറയുന്നതു കേൾക്കാനായി കൂടിൻ്റെ വലതുവശത്തുള്ള ചെറിയ വിടവിലൂടെ അച്ഛൻ ചെവി ചേർത്തുവെച്ചു.


വർക്കിയുടെ കാലിൻ്റെ അടിയിൽ നിന്നു തുടങ്ങിയ വിറയൽ ശരീരമാകെ അരിച്ചു കയറുകയാണ്. തൊണ്ട വരണ്ട് ശബ്ദം പുറത്തോട്ടുവരാതെ വഴിയിൽ തടസ്സപ്പെട്ട് നിന്നു.

നീ നിശ്ശബ്‌ദതമായി കുമ്പസാരിക്കാൻ വന്നതാണോ അതോ എന്നെ ചുറ്റിക്കാൻ വന്നതാണോ?.



അച്ഛൻ്റെ സ്വരത്തിന് കടുപ്പം കൂടി.



മേടയിൽ എനിക്ക് ഇഷ്ടംപോലെ പണിയുണ്ട്. വർക്കിയേ നീ കളി വിട്ട് കാര്യത്തിലേക്ക് കടന്നേ.

നമ്മുടെ പള്ളിയുടെ നേർച്ച പെട്ടി കഴിഞ്ഞ ദിവസം കാണാതായത് തിരിച്ചു കിട്ടിയോ?.

നീ ഇതു ചോദിക്കാനായിട്ടാണോ എന്നെ ഇവിടേക്ക് വിളിച്ചുവരത്തിയത്. അച്ഛൻ്റെ ചോദ്യം പതിവിലും കവിഞ്ഞ ദേഷ്യത്തിലായിരുന്നു.


അതല്ലച്ഛോ. “ആ നേർച്ചപെട്ടി ഇനി കിട്ടില്ല എന്നു പറയാനാ”.


അത് നിനക്കെങ്ങനെ അറിയാം, പോലീസ് അന്വേക്ഷിക്കാൻ പോകുന്നതയല്ലേയുള്ളു.

അതെനിക്കൊരു അബദ്ധം പറ്റിയതാണ്. അച്ഛനെന്ന ചതിക്കരുത്.


അതു ശരി, കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുന്ന പോലെത്തൊരു തരികിട പരിപാടി അല്ലേ!!!.


“പറ്റിപോയില്ലേ അച്ഛോ”.

പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം?.


എടുക്കുവോളം അത് കിട്ടിയാലുള്ള ചെയ്തികളെ കുറിച്ചുമാത്രമായിരുന്നു ആലോചിച്ചത്. എടുത്തതിനുശേഷമാണ് അതിൻ്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.

എടുക്കുന്നതിന് മുൻപ് അതിൻ്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനെയാണ് വിവേകം എന്നു പറയുന്നത്, അതാണ് നിനക്കില്ലാതെ പോയത്.



അതുപോട്ടേ അതിൽ നിന്നും എത്ര പൈസ കിട്ടി.


രണ്ടായിരം രൂപ തികച്ച് കിട്ടിയില്ല.

പെരുന്നാള് കഴിഞ്ഞാൽ നേർച്ചപെട്ടി തുറന്ന് പൈസ എടുത്തിരിക്കും എന്ന് നിനക്കറിയില്ല?.

പെരുന്നാള് കഴിഞ്ഞതിൻ്റെ പിറ്റേദിവസം തന്നെ നേർച്ചപെട്ടി തുറക്കും എന്നു കരുതിയില്ലച്ഛോ.


എന്നിട്ട് ആ പെട്ടി എന്തു ചെയ്തു.

അതു ഞാൻ ആരും കാണാതെ ഒളിപ്പിച്ചിട്ടുണ്ട്.

“എവിടെ”?

അച്ഛോ ഉറപ്പല്ലേ, കുമ്പസാരരഹസ്യം പുറത്ത് പറയില്ലല്ലോ അല്ലേ!!!


നീ കാര്യം പറയു വർക്കിയേ!!!.


സെമിത്തേരിയുടെ അടുത്തുള്ള പൊട്ടകിണറ്റിൽ താഴ്ത്തിയിട്ടുണ്ട്.


അവിടെ നിന്നും അതു പൊങ്ങുമോ?


അതിന് സാദ്ധ്യത തീരെയില്ലച്ഛോ, അതിൽ നിറയെ കല്ലും മണ്ണും നിറച്ചിട്ടാണ് വെള്ളത്തിൽ താഴ്ത്തിയത്. മഴക്കാലമായതുകൊണ്ട് കിണറിൽ പകുതിയോളം വെള്ളമുണ്ട്.

നേർച്ചപെട്ടിയിലെ പണം നിനക്കെന്തിനായിരുന്നു ഇത്രാവിശ്യം, ഇടയ്ക്കാണെങ്കിലും പണിക്ക് പോകുന്നതല്ലേ.


വർഷക്കാലമായതുകൊണ്ട് പണിക്ക് പോക്ക് നടക്കുന്നില്ല. പിന്നെ കുറെനാളത്തെ ആഗ്രഹമാണച്ഛോ കുറച്ചു കാശ് കിട്ടിയാൽ ബാഗ്ളൂർ, മൈസൂരൊന്നു കാണണമെന്ന് കൂടെ വേളാങ്കണ്ണിയും.


അതിനുള്ള പൈസ നിനക്ക് കിട്ടിയോ?

അതുപോട്ടെ ഇവിടെത്തെ പള്ളിയിലേക്ക് സ്ഥിരമായി വരാത്ത നിനക്കന്തേ വേളാങ്കണ്ണി പള്ളി പോകണമെന്ന് തോന്നാൻ കാരണം.


ഇടവക പള്ളിയിൽ എപ്പോൾ വേണമെങ്കിലും വരാമല്ലോ, അതുപോലെയല്ലല്ലോ വെളാങ്കണ്ണി മാതാവിനെ കാണാൻ എല്ലാവർക്കും ഒരിത് ഉണ്ടാവില്ലേ.


എതാണ്ടുവില്ലേ, നീ എന്തുട്ടാ വർക്കി പറയുന്നത്. “മാതാവിനെ കാണാനുള്ള ആഗ്രഹം അച്ഛോ”.


നേർച്ചപെട്ടിയിൽ നിന്നും കിട്ടിയ പൈസകൊണ്ട് മാത്രം ഇതൊക്കെ നടക്കുമോ.

“തികയില്ലച്ഛോ”. പോകാനും താമസിക്കാനും ഇതൊക്കൊ മതിയാകും എന്നാ അറവുകാരൻ ജോസിൻ്റെ മകൻ ജോയി പറഞ്ഞത്. അവനും കൂടെ വരുന്നുണ്ട്. അവൻ്റെ പൈസ അവൻ സംഘടിപ്പിച്ചിട്ടുണ്ട്.


അപ്പോ നീ നേർച്ചപെട്ടി അടിച്ചുമാറ്റിയത് എന്നോട് പറയും വേണം, ഞാൻ ഇത് ആരോടും പറയാനും പാടില്ല. അതിൻ്റെ പേരിൽ നിനക്കൊരു കുഴപ്പവും വരാൻ പാടില്ല അല്ലേ.


നിനക്ക് വിവേകം കുറച്ച് കുറവാണെങ്കിലും അതിബുദ്ധി ഇത്തിരി കൂടുതലാണ്. ഈ കുതന്ത്രം നിൻ്റെ തലയിൽ തന്നെ ഉദിച്ചതാണോ?.


വർക്കി ഉത്തരം പറയാതെ തലമാന്തി നിന്നതേ ഉള്ളു.


കുമ്പസാരം കഴിഞ്ഞ് വർക്കി എണിക്കുമ്പോൾ മുട്ടു വേദന അസഹ്യമായി നടക്കാൻ കഴിയാതെ അടുത്ത കണ്ട ബെഞ്ചിൽ ഇരുന്ന് അച്ഛൻ്റെ മുഖഭാവം ശ്രദ്ധിച്ചു.


ഭാവവ്യത്യാസമൊന്നുമില്ലാതെ അച്ഛൻ്റെ മുഖം കടുത്ത ചിന്തയിലായിരുന്നു.

വർക്കി അച്ഛനോട് സ്തുതി പറഞ്ഞ് ഹാളിലൂടെ പുറത്തേക്ക് നടന്നു. വേദന കാരണം വളരെ പതുക്കെയാണ് പടിയിറങ്ങാൻ കഴിഞ്ഞത്. മഴ പതിയെ പെയ്ത് തുടങ്ങിയിട്ടുണ്ട്.


പുറകിൽ നിന്നും അച്ഛന്റെ വിളികേട്ട് വർക്കിയുടെ മനസ്സൊന്ന് പിടിഞ്ഞു. അച്ഛൻ ചതിക്കുമോ എന്ന സംശയത്തോടെയാണ് തിരിഞ്ഞ് നോക്കിയത്.


അച്ഛൻ പേഴ്സിൽ നിന്നും രണ്ടായിരത്തിൻ്റെ ഒരു നോട്ടെടുത്ത് വർക്കിയുടെ നേരെ നീട്ടി.

ചോദ്യഭാവം നിഴലിച്ച മുഖവുമായിട്ടാണ് അച്ഛൻ്റെ മുഖത്തേക്ക് നോക്കിയത്.


ബാഗ്ളൂരും മൈസൂരും കറങ്ങി വേളാങ്കണിയിലെത്തി അവിടെനിന്നും തിരിച്ചുപോരാനായി അവിടെത്തെ അച്ഛൻ്റെ അടുത്ത് കുമ്പസാരിക്കാൻ ഇടവരരുത് അതിനുവേണ്ടിയാണ് ഈ പൈസ.

തെറ്റ് ചെയ്യുന്നതിന് മുൻപ് അതിൻ്റെ ഗുണവും ദോഷവും പരിശോധിച്ച് മനസ്സിലാക്കണം,

അപ്പോൾ മാത്രമാണ് വിവേകത്തോടെ പെരുമാറാൻ കഴിയുകയൊള്ളു. പശ്ചാതാപത്തോടെ വർക്കി തല കുനിക്കുമ്പോൾ അച്ഛൻ ളോഹയിലെ കീശകളിൽ കൈകൾ തിരുകി നടന്നു തുടങ്ങിയിരുന്നു.

വർക്കിയുടെ മനസ്സിലും മുഖത്തും ആത്മവിശ്വാസത്തിൻ്റെ പുത്തിരി കത്തിനിന്നു. കുമ്പസാര രഹസ്യം അച്ഛൻ പുറത്തു പറയില്ല എന്ന വിശ്വാസത്തോടെ!!!!.

പള്ളിയിൽ നിന്നും റോഡിലേക്ക് കയറുമ്പോൾ വളവ് തിരിഞ്ഞ് പോലീസ് വണ്ടി പള്ളിയുടെ പടി കടന്ന് മേടയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു.

bottom of page