top of page

രതീഷ് നായർ

1981 ൽ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ശ്രീധരൻ നായരുടേയും ചന്ദ്രവതിയമ്മയുടേയും മകനായി ജനനം. പാലക്കുഴ ഗവ: മോഡൽ ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദവും, കോയമ്പത്തൂർ GRD കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി. 2006 മുതൽ 2011 വരെ കൊച്ചി അമൃത ആശു പത്രിയിൽ ജോലി ചെയ്ത ശേഷം ഓസ്ട്രേലിയയിലെ അഡലെയ്ഡിലേക്ക് കുടിയേറി.ഭാര്യ വിദ്യ മക്കൾ ശ്രീനന്ദ, യദുനന്ദൻ.അഡലെയ്ഡിൽ സൗത്ത് ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പിൽ മാനസിക രോഗ വിഭാഗത്തിലെ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്നു.

പ്രസിദ്ധീകരിച്ച പുസ്തകം: വെള്ളിക്കൊട്ടാരവും സ്വർണ്ണ കിരീടവും(ഗ്രീൻ ബുക്സ്, തൃശൂർ)

രതീഷ് നായർ

അപരൻ




ചേട്ടായി, കുർബാനയ്ക്ക് വരുന്നോ?

വീടിൻ്റെ പുറകുവശത്ത് പച്ചക്കറിക്കു വെള്ളമൊഴിച്ചു കൊണ്ടിരുന്ന ബിജു ,മിനിയുടെ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി. അയാളുടെ കണ്ണിലെ ദൈന്യത തിരിച്ചറിഞ്ഞ മിനി പിന്നീടൊന്നും പറയാതെ അകത്തേക്ക് പോയി.

ബിജു വരില്ലെന്നറിയാമെങ്കിലും വർഷങ്ങളായി മിനി അതേ ചോദ്യം ചോദിക്കും. ഒരേ അനുഭവങ്ങൾ ഓരോമനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വ്യത്യസ്തമാണെന്ന് അവൾക്ക് തോന്നി. മിനിയും ബിജുവും കടന്നു. പോയത് ഒരേ അനുഭവത്തിലൂടെയാണെങ്കിലും ,ബിജു ഇന്നും അതിൽ നിന്നും പുറത്തു വന്നിട്ടില്ല എന്നാൽ ആ ദിവസങ്ങളേക്കുറിച്ച് മിനി ഓർക്കുന്നത്തന്നെ ബിജുവിൻ്റെ ഇത്തരം പെരുമാറ്റങ്ങൾ കാണുമ്പോൾ മാത്രമാണ്.

നാട്ടിൽ കൂട്ടുകാർക്കിടയിൽ ജീവിച്ചിരുന്ന ബിജു ഒരു കൂട്ടുമില്ലാതെ വീട്ടിലിരിക്കുന്നു. അന്നൊക്കെ കിസ്മസും, ന്യൂ ഇയറുമെല്ലാം, കൂട്ടുകാരുടെ ഒപ്പം ആഘോഷിച്ചതിന് മിനി ബിജുവിനോട് പല വട്ടം വഴക്കടിച്ചുട്ടുണ്ട്. ഇന്ന് പുറം ലോകവുമായുള്ള ബിജുവിൻ്റെഎകബന്ധം ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുമായി മാത്രമാണ്. ക്ലീനിംഗ് ജോലിയായതുകൊണ്ട് വേറെ ആളുകളോട് ഒന്നും സംസാരിക്കേണ്ട ആവശ്യവുമില്ല.

ജോലിയെല്ലാം രാത്രി സമയത്താണ്. എല്ലാമറിയാമെങ്കിലും ഇത്രയ്ക്കും ഒറ്റപ്പെട്ട് ജീവിക്കുവാൻ മാത്രം എന്താണ് ഉണ്ടായതെന്ന് മിനി ഇടയ്ക്കിടക്ക് ബിജുവിനോട് ചോദിക്കും. അപമാനിക്കപ്പെട്ടവൻ്റെ ദു:ഖം നിനക്ക് മനസ്സിലാവില്ല എന്ന് ബിജു മറുപടി കൊടുക്കും. ചെറുപ്പം മുതൽ ആരും കളിയാക്കുന്നത് ബിജുവിന് സഹിക്കാൻ കഴിയില്ല എന്ന് അപ്പച്ചൻ പറഞ്ഞ് മിനി കേട്ടിട്ടുണ്ട്.

ബിജുവും ആരേയും കളിയാക്കുകയോ, പരിഹസിക്കുകയോ ചെയ്യാത്ത ആളായിരുന്നു. ആളുകളുടെ പരിഹാസം പതിയെപ്പതിയെ നിലയ്ക്കുമെന്ന് എത്ര പറഞ്ഞാലും ബിജുവിന് മനസ്സിലാവില്ല.പണ്ടൊക്കെ ആളുകളെ അഭിമുഖീകരിക്കാതിരിക്കാൻ ഇംഗ്ലീഷ് കുർബാനയുള്ള പളളിയിലാണ് മിനി പോയിരുന്നത്. ഇടക്കാലത്താണ് മലയാളം കുർബാനയ്ക്ക് പോയി തുടങ്ങിയത്. ബിജുവിനെ പ്രതീക്ഷിച്ച് നിൽക്കുന്നതിൽ അർത്ഥമില്ല എന്നറിയാവുന്ന മിനി, മോളേയും കൂട്ടി പള്ളിയിലേക്ക് പോയി.

വെള്ളമൊഴിച്ചു കഴിഞ്ഞു എന്ന് വരുത്തി, ബിജു വീടിനകത്തേക്ക് കയറി. മനസ്സ് അസ്വസ്ഥമാകുന്നതായി അയാൾക്ക് തോന്നി.ക്രിസ്മസ് രാത്രിയിലെ കുർബാന. ഓർമ്മ വച്ച ശേഷം നാട്ടിൽ ഒരിക്കലും മുടക്കിയിട്ടില്ല. പ്രവാസ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് പങ്കെടുത്തത്.
അഡലെയ്ഡിൽ അവസാനമായി പള്ളിയിൽ പോയതും അന്നായിരുന്നു.

മിനിയുടെ ചോദ്യമാണോ,അതോ കിസ്മസിന് പതിവായുള്ള വരണ്ട കാറ്റിനു പകരം കാലാവസ്ഥാ വ്യതിയാനം സമ്മാനിച്ച തണുത്ത കാറ്റാണോ എന്നറിയില്ല മനസ് ഉൾവലിയുന്നു. ബിജു ഫ്രിഡ്ജിൽ നിന്ന് ബിയർ ബോട്ടിൽ എടുത്ത് പൊട്ടിച്ചു. ബോട്ടിലുള്ളിൽ നുരഞ്ഞ് പൊന്തിയ ലഹരി ഉള്ളിലേക്ക് വലിഞ്ഞ് മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു. ആരെക്കെയോ തന്നെ നോക്കി ചിരിക്കുന്നും അടക്കം പറയുന്നതും അയാൾ കണ്ടു.
അപരൻ ബിജു.. ഡാ അപരാ.. ദാരിദ്യ വാസി,. നാണമില്ലാത്തവൻ... പട്ടി..
പട്ടിക്കുഴി.. ആളുകളുടെ ശബ്ദം കൂടിക്കൂടി വരുന്നു. ബിജു കുറച്ച് നേരം ചെവി പൊത്തിപ്പിടിച്ചു.
സാധാരണ ഒന്നു രണ്ട് ബിയർ കുടിച്ചാൽ റിലാക്സ്ഡ് ആവുന്നതാണ്. ഇന്ന് കൂടുതൽ അസ്വസ്ഥമാകുന്നു. കുപ്പികൾ ഒഴിഞ്ഞു കെണ്ടേയിരുന്നു.

ഓർമ്മകൾ പതഞ്ഞ് പൊന്തി വന്നു. അപരൻ എന്ന വാക്ക് ആദ്യമായി കേട്ടത് എന്നാണെന്ന് ഓർമ്മയില്ല .
ഒരുപക്ഷേ ശ്രദ്ധിച്ചത് പത്മരാജന്റെ അപരൻ എന്ന സിനിമ വന്നപ്പോൾ ആയിരിക്കാം ശത്രു ,ഒരാളെ പോലെ ഇരിക്കുന്ന മറ്റൊരാൾ എന്നൊക്കെയാണ് അപരനെ കുറിച്ച് കേട്ടിട്ടുള്ളത് ശത്രുതയോടെ പെരുമാറിയിട്ടില്ലെങ്കിലും തന്നോട് രൂപസാദൃശ്യമുള്ള ആരും ഇല്ലെങ്കിലും ബിജു അപരനായി മാറി.
അല്ലെങ്കിലും മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ഒരേ പേരുള്ള കുറേ പേരുണ്ടെങ്കിൽ അവരെ വട്ടപ്പേരിട്ട് വിളിക്കുന്നത് . ഇവിടെ തന്നെ എത്ര ബിജുവാണ് .മഹാത്മ ബിജു ,മൊട്ട ബിജു ,കറുമ്പായി ബിജു, താടി ബിജു ,അമ്മാവൻ ബിജു ,പിന്നെ അപരൻ ബിജുവും.

അഡലെയ്ഡിൽ വന്ന് ആറുമാസം ആയിട്ടും ജോലി ഒന്നും കിട്ടാതെ വന്നപ്പോൾ കാണുന്ന ഓരോരുത്തരോടും ജോലി കെഞ്ചി നടന്ന ദിവസങ്ങൾ. ഭക്ഷണം കഴിക്കാൻ എന്ത് ചെയ്യും ,വാടക എങ്ങനെ കൊടുക്കും എന്ന് ചിന്തിച്ചിരുന്ന ദിവസങ്ങൾ 15 വർഷങ്ങൾക്ക് മുൻപ് ഇത്രയും മലയാളികൾ ഒന്നുമില്ല ഏറിയാൽ ഒരു 500 പേരുണ്ടാവും നോർത്തിലെ പള്ളിയിലാണ് കൂടുതൽ മലയാളികളും പോയിരുന്നത് പള്ളിയിൽ വെച്ച് കൈക്കാരൻ ജോസാണ് ബിജുവിനോട്
സണ്ണിച്ചായനേക്കുറിച്ച് പറഞ്ഞത്.

സണ്ണിച്ചായൻ 30 വർഷം മുമ്പ് ഓസ്ട്രേലിയയിൽ എത്തിയതാണ് ഭാര്യ ഷീല യൂണിവേഴ്സിറ്റി പ്രൊഫസർ ആണ്. സണ്ണിച്ചായൻ ഹോട്ടൽ,ടാക്സി കാറുകൾ എന്നീ മേഖലയിൽ ബിസിനസുകൾ ചെയ്യുന്നു. കൂടാതെ
ഓസ്ട്രേലിയയിൽ പലയിടങ്ങളിലായി 15 ഓളം വീടുകളും ഉണ്ടെന്നാണ് കേട്ടത് ജോസ് പറഞ്ഞതു പോലെ സണ്ണിച്ചായനെ കണ്ടു. സണ്ണിച്ചായൻ മകളുടെ കല്യാണത്തിരക്കിലായിരുന്നു. ഒരു മാസത്തിനു ശേഷം ജോലി ഒന്നും ആയില്ലെങ്കിൽ വന്ന് കാണുവാൻ സണ്ണിച്ചായൻ പറഞ്ഞു. പോകുവാൻ നേരം ബിജുവിൻ്റെ നമ്പർ വാങ്ങി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം സണ്ണിച്ചായൻ ബിജുവിനെ വിളിച്ചു. കോൾ കണ്ടപ്പോൾ ജോലി എന്തെങ്കിലും റെഡിയായിട്ടുണ്ടാകും എന്നാണ് ബിജു കരുതിയത്.. പക്ഷേ സണ്ണിച്ചായൻ മകളുടെ കല്യാണം ക്ഷണിക്കുവാനാണ് വിളിച്ചത്. പാർട്ടിക്ക് കുടുംബവുമായി എത്തണം എന്ന് പറഞ്ഞു. സംസാരത്തിനിടയിൽ മറ്റൊരു കോൾ വരികയും കോൾ കട്ട് ചെയ്യുകയും ചെയ്തു .കല്യാണം വിളിച്ച സണ്ണിച്ചനോട് വലിയ ആദരവും സ്നേഹവും തോന്നി.

ആദ്യമായി കണ്ട ആളെ പോലും കല്യാണം വിളിച്ചിട്ടുണ്ടെങ്കിൽ അഡലെയ്ഡിലെ മലയാളികൾ മുഴുവൻ ഉണ്ടാകുമെന്ന് ബിജു മനസ്സിൽ ഉറപ്പിച്ചു .ഓസ്ട്രേലിയയിൽ വന്നിട്ടുള്ള ആദ്യത്തെ കല്യാണമാണ്. സ്യൂട്ടും കോട്ടുമൊക്കെ ഇട്ടാണ് ഓസ്ട്രേലിയയിൽ ആളുകൾ കല്യാണത്തിന് പോകുന്നത് എന്ന് പറഞ്ഞു കേട്ടു.കയ്യിൽ ബാക്കിയുള്ളത് 3200 ഡോളർ മാത്രമാണ് പക്ഷേ ഒന്ന് സംശയിക്കാതെ പോയി മൂന്നുപേർക്കും കല്യാണത്തിന് ഇടാൻ സ്യൂട്ടും കോട്ടുമൊക്കെ വാങ്ങി. കല്യാണത്തിന് വിളിച്ച നിലയ്ക്ക് എന്തായാലും സണ്ണിച്ചൻ ഒരു ജോലി
ശരിയാക്കിത്തരുമെന്ന് ബിജു ഉറപ്പിച്ചു.

കല്യാണ പാർട്ടിക്ക് ചെന്നപ്പോൾ അവിടെ 150 നടുത്ത് ആളുകൾ മാത്രം. എല്ലാവരും കേരള സ്റ്റൈലിൽ ആണ് ഡ്രസ്സ് ചെയ്തിരിക്കുന്നത് .ബിജുവും കുടുംബവും മാത്രമാണ് സ്യൂട്ടും കോട്ടുമിട്ട് കല്യാണത്തിന് വന്നിരിക്കുന്നത് .ഉള്ളിൽ കയറിയതും ആളുകളെല്ലാം അവരെ സൂക്ഷിച്ചു നോക്കുവാൻ തുടങ്ങി. പരിചയക്കാർ ആകെ പള്ളിയിലെ കൈക്കാരൻ ജോസും ഇന്ത്യൻ സ്റ്റോർ നടത്തുന്ന തോമാച്ചായനും മാത്രമാണ്. ജോസ് നേരിട്ട് തന്നെ ചോദിച്ചു നിന്നെ കല്യാണം വിളിച്ചോ എന്ന് സണ്ണിച്ചായനും കുടുംബവും നീ എന്താണിവിടെ എന്ന് ചോദിക്കാതെ ചോദിക്കുന്നുണ്ടായിരുന്നു.

പക്ഷേ ആരും ഇറങ്ങി പോകാനും പറഞ്ഞില്ല .വിളിച്ചിട്ടാണ് പോയതെങ്കിലും വലിഞ്ഞു കയറി ചെന്നവന്റെ അനുഭവം . ഭക്ഷണം കഴിച്ചെന്നു വരുത്തി .ഒന്നും മനസ്സിലാകാത്ത മോൾ നന്നായി ഭക്ഷണം കഴിച്ചു. നാട്ടിൽ നിന്ന് വന്നശേഷം ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കുകയല്ലേ, അവൾ കഴിക്കട്ടെ. കഴിച്ചശേഷം ഫോട്ടോ എടുക്കാൻ നിന്നില്ല .കയ്യിലിരുന്ന് ബൊക്കെയും ഗിഫ്റ്റും മോളെ കൊണ്ട് സണ്ണിച്ചായൻ മകൾക്ക് കൊടുത്ത് അവിടെ നിന്നിറങ്ങി .

പിറ്റേ ഞായറാഴ്ച ക്രിസ്മസ് രാത്രിയിൽ പള്ളിയിലും വിചിത്രമായ അനുഭവമായിരുന്നു. ഇതിനുമുൻപ് കണ്ടിട്ട് ഒരു ഭാവമില്ലാത്തവർ പോലും പരിഹാസത്തോടെ നോക്കുന്നത് കണ്ടു. പള്ളിയിൽ പോകുമെങ്കിലും വീടുകളിലുള്ള പ്രാർത്ഥനകൾക്കൊന്നും ബിജു പോയിരുന്നില്ല .കുടുംബ പ്രാർത്ഥനയ്ക്ക് ക്ഷണിച്ചുകൊണ്ട് മേരിയാൻ്റിയുടെ കോൾ വന്ന ദിവസമാണ് കല്യാണത്തിന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായത്.

എല്ലാവരേയും പ്രാർത്ഥനയ്ക്ക് ക്ഷണിച്ച ആൻ്റി ബിജുവിനോട് സണ്ണിച്ചായന്റെ മകളുടെ കല്യാണത്തിന് വരാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു. കല്യാണ ഒരുക്കങ്ങൾക്ക് സണ്ണിച്ചായന് എല്ലാ സഹായവും ചെയ്തിട്ട് കല്യാണത്തിന് വരാതിരുന്നത് എന്താണ് എന്ന് ആൻ്റി സംശയിച്ചു കല്യാണത്തിന് താൻ വന്നിരുന്നു എന്നാൽ കല്യാണ ഒരുക്കങ്ങൾക്ക് താൻ ഒന്നും ചെയ്തിട്ടില്ല എന്ന് ണിജു പറഞ്ഞു

തന്നെ ശ്രദ്ധിക്കാതിരിക്കാൻ വഴിയില്ല' എന്നും, താനും കുടുംബവും മാത്രമാണ് അന്ന് വെസ്റ്റേൺ സ്റ്റെലിൽ വന്നത് എന്നും പറഞ്ഞപ്പോഴേക്കും ആൻ്റിക്ക് കാര്യം മനസ്സിലായി.ആൻ്റി വിളിക്കാൻ ഉദ്ദേശിച്ചത് പോർട്ട് അഡലെയ്ഡിൽ താമസിക്കുന്ന ബിജു തോമസിനെയാണ്.

രണ്ടുപേരും ബിജു തോമസ് എന്ന് സേവ് ചെയ്തുകൊണ്ട് പറ്റിയതാണ് . എന്തായാലും വിളിച്ചതല്ലേ നിങ്ങളും പ്രാർത്ഥനയ്ക്ക് വരണം കേട്ടോ എന്ന് പറഞ്ഞ് ആൻ്റി ഫോൺ വെച്ചു. താത്പര്യം ഇല്ലാതിരുന്നിട്ടും മിനിയുടെ സന്തോഷത്തിനായി കുടുംബ പ്രാർത്ഥനയ്ക്ക് പോയി .അവിടെ ജോസും,തോമാച്ചായനും, പരിചയമില്ലാത്ത പത്തോളം കുടുംബങ്ങളും ഉണ്ടായിരുന്നു .മോളി ആൻറി വളരെ സന്തോഷത്തോടെ സ്വീകരിച്ചു .

ജോസ് ബിജുവിനെ ഒരാളുടെ അടുത്തേക്ക് വിളിച്ചിട്ട് ,ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചു
മറ്റേയാൾ ഇല്ല എന്ന് തലയനക്കി ഇത് നിന്റെ അപരൻ ആണെന്നും .നിനക്ക് പകരം സണ്ണിച്ചായന്റെ
മോളുടെ കല്യാണം ഉണ്ടയാൾ ആണെന്നും ജോസ് പറഞ്ഞു.മോളി ആൻ്റിപറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത് എന്നും കൂട്ടിച്ചേർത്തു.


അയാൾ ബിജുവിന് ഷെയ്ഖ് ഹാൻഡ് കൊടുത്തിട്ട് പറഞ്ഞു. പരിചയപ്പെട്ടതിൽ സന്തോഷം. രണ്ടുപേരുടെയും പേര് ഒന്നായ നിലയ്ക്ക് ആരെങ്കിലും പേരിൽ ചെറിയൊരു മാറ്റം വരുത്തണം. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. പുതുതായി വരുന്നവർ പേരുമാറ്റുന്നതാണ് എളുപ്പം.

ജോസ് പറഞ്ഞു , വേണ്ട പേര് മാറ്റുകയൊന്നും വേണ്ട, ഇവൻ അപരൻ ആണല്ലോ അപ്പോൾ ഇനിമുതൽ അപരൻ ബിജു,അത് മതി. ജോസും മോളി ആന്റിയും ഒക്കെ ഫോണിൽ പേര് മാറ്റുന്നത് കണ്ടു .ചെറുപ്പത്തിൽ പട്ടപ്പറമ്പിൽ എന്ന തൻ്റെ വീട്ടു പേര് പട്ടിപ്പറമ്പിൽ എന്ന് മാറ്റിക്കളിയാക്കിയ കൂട്ടുകാരേയാണ് ബിജുവിന് ഓർമ്മ വന്നത്. ജോസിൻ്റെ ചിരിയിൽ ചെറുപ്പത്തിലെ കൂട്ടുകാരിൽ കണ്ട അതേ പരിഹാസം കണ്ട ബിജു ജോസിനെ തല്ലുകയും, പ്രാർത്ഥനാ യോഗം അലങ്കോലപ്പെടുകയും ചെയ്തു.

അവിടെ നിന്ന് ഇറങ്ങുമ്പോൾ ബിജു തീരുമാനിച്ചു ഇനി ഒരു മലയാളിയുടെയും പരിപാടിക്ക് പോയി അപമാനിതനാവില്ല . അപരനാവില്ല..പിന്നീട് ഒരിക്കലും പള്ളിയിലും പോയിട്ടില്ല .

തല്ലിയതിൻ്റെ ദേഷ്യത്തിൽ ജോസ് പള്ളിയിൽ വന്നവരൊക്കെ അപരന്റെ കഥകൾ പറഞ്ഞു .ഒരിക്കലും നേരിട്ട് കാണാത്തവർ പോലും അപരൻ ബിജു എന്ന പേരുകേട്ടു. കല്യാണത്തിന് പോയത് കൂടാതെ പല തട്ടിപ്പുകളും ചെയ്തതായി കഥകൾ ഇറങ്ങി. മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരസ്ത്രീ ബന്ധ കഥകൾ പോലും ആരോപിക്കപ്പെട്ടു.

ദൈവങ്ങൾ ജനിക്കുന്നതുപോലെ സൂപ്പർതാരങ്ങൾ ജനിക്കുന്ന പോലെ വലിയ കള്ളന്മാരും തട്ടിപ്പുകാരനും പ്രശസ്തരാകുന്ന പോലെ മുഖം മാറ്റി വച്ച കഥകളും പേര് മാറിയ കഥകളും ഒക്കെയായി അപരൻ ബിജു ഒരു കഥാപാത്രമായി മാറി.

അവസാനം പൊട്ടിച്ച ബിയറിലെ നുരകൾ അതിനുള്ളിലെ വാതകം നഷ്ടപ്പെട്ട് വെള്ളമായി. പതഞ്ഞു പൊങ്ങിയ ഓർമ്മക്കുമിളകളും ഇല്ലാതായി. മിനിയും, മോളും പള്ളിയിൽ നിന്നും മടങ്ങി വന്നപ്പോൾ ബിജു കഴിഞ്ഞ കുറേ ക്രിസ്മസ് രാത്രികൾ പോലെ സോഫയിൽ കിടന്ന് ഉറങ്ങിയിരുന്നു.

വട്ടപ്പേരുകളും, ബോസി ഷെയ് മിങ്ങും, ആത്മവിശ്വാസം തകർത്ത അനേകായിരം പേരുടെ അപരനായി അയാളുറങ്ങി.

bottom of page