രതീഷ് ബാലു
മലപ്പുറം ജില്ലയിലെ വണ്ടൂരാണ് സ്വദേശം. കഴിഞ്ഞ പതിനാറ് വർഷമായി എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ താമസിക്കുന്നു. വീട്ടുകാരും, കൂട്ടുകാരും വിളിയ്ക്കുന്ന പേര് ബാലു. ആ വിളിപ്പേര് എനിക്ക് ഇഷ്ടമായതിനാൽ രതീഷ് എന്ന പേരിനൊപ്പം ബാലുവെന്നുകൂടി കൂട്ടിച്ചേർത്തു "രതീഷ് ബാലു" എന്നാക്കി.
വായനയും എഴുത്തും ഏറെ ഇഷ്ടം.
തൊഴിൽ : ബിസിനസ്
ഭാര്യ സീമ , മക്കൾ അർജുൻ, കൃഷ്ണ
യന്ത്ര മനുഷ്യൻ
............................
അതെ അവനിന്ന് മജ്ജയും മാംസവുമുള്ള യന്ത്ര മനുഷ്യനാണ്..
ചിലർ യന്ത്ര മനുഷ്യനെ ഉണ്ടാക്കീ.. കണ്ടു പിടിച്ചൂ എന്നൊക്കെ അവകാശപ്പെടുമ്പോൾ അവൻ ചിരിയ്ക്കാറുണ്ട്. വർഷങ്ങൾക്ക് മുൻപേ അവനെന്ന യന്ത്ര മനുഷ്യൻ ഇവിടുണ്ടായിരുന്നൂ എന്നതാണ് കാരണം...
അതിലും എത്രയോ വർഷങ്ങൾക്ക് മുൻപേ രുധിരവും , ഞരമ്പുകളുമുള്ള എത്രയെത്ര യന്ത്ര മനുഷ്യർ ജീവിച്ച് മരിച്ചു പോയിരിയ്ക്കുന്നൂ...!!
അവൻ ജനിച്ചപ്പോൾ മനുഷ്യനായിരുന്നൂ , അപ്പൊൾ അവനേ ആരും കരയാൻ പഠിപ്പിച്ചിരുന്നില്ല , ചിരിയ്ക്കാൻ പഠിപ്പിച്ചിരുന്നില്ല..
ആരാലും പഠിപ്പിയ്ക്കാതെ സ്വതന്ത്രനായ് സ്വയം കരഞ്ഞൂ , സ്വയം ചിരിച്ചൂ , അതൊന്നും ആരാലും നിയന്ത്രിയ്ക്കപ്പെട്ടിരുന്നില്ല..
പിന്നീട് ദിവസങ്ങൾ കടന്നു പോകുന്തോറും അവൻ , തന്നെപ്പോലെ ഉണ്ടായ യന്ത്ര മനുഷ്യരാൽ നിയന്ത്രിയ്ക്കപ്പെട്ടു തുടങ്ങി...
അപ്പോഴാണ് മനൂഷ്യനിൽ നിന്നും യന്ത്ര മനുഷ്യനിലേയ്ക്കുള്ള അവൻറ്റെ പ്രയാണം തുടങ്ങിയത്...
ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിയന്ത്രിയ്ക്കാൻ സെൻസറോന്നും ആവശ്യമില്ലാതെ , തനുവിൽ യന്ത്രങ്ങളില്ലാതെ , യന്ത്രമനൂഷ്യരാൽ നിയന്ത്രിയ്ക്കപ്പെടുന്ന യന്ത്ര മനുഷ്യൻ...
ഭൂമിയിൽ ജനിച്ച് വീണ അന്ന് മുതൽ സ്വതന്ത്രപ്രകൃതിയുടെ ഉൽപ്പന്നമായ അവൻ , അവൻറ്റെ സ്വന്തമായ പുഴകളും , കടലും , കാടുകളും , മലകളും , അരുവികളും , കുളങ്ങളും , കാറ്റും , കല്ലും , മുള്ളും , പക്ഷി മൃഗാധികളേയും , മഴയേയും , വെയിലിനേയും , മഞ്ഞിനേയും എതിർ ലിംഗത്തേയും , പൂക്കളേയും പ്രേമിച്ച് അനൂഭവിയ്ക്കേണ്ട
അവൻ , ആരൊക്കെയാലോ നിയന്ത്രിയ്ക്കപ്പെട്ടൂ , വഴി തിരിച്ച് വിടപ്പെട്ടൂ..
സ്വന്തം മനസ്സിനൊപ്പം പറന്ന് നടക്കേണ്ട ശരീരം പല പൊട്ട നിയമങ്ങളാൽ തളച്ചിടപ്പെട്ടൂ....
അവനേറ്റവും മിടുക്കുള്ളതും , ഇഷ്ടമുള്ളതും ആയ കാര്യങ്ങളെ സ്വായത്തമാക്കുന്നതിന് പകരം , അത് ജീവിതത്തിൽ പകർത്തുന്നതിന് പകരം മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് , മറ്റുള്ളവരുടെ താൽപ്പര്യത്തിന് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വന്നൂ..
ജന്മനാ അവന് കിട്ടിയ കഴിവുകൾ തിരസ്കരിയ്ക്കപ്പെട്ടു..
അപ്പോഴും അവനെ ആ യന്ത്ര മനൂഷ്യനെ അവർ വിളിച്ചൂ...
"സ്വതന്ത്രൻ"
"സമൂഹ ജീവി" എന്ന ഓമനപ്പേരാൽ ബന്ധിതനായ അവൻ അതിൻറ്റേ ജന്മ വാസനകൾ സമൂഹത്തിന് അടിയറ വച്ച സ്വതന്ത്രനായീ...
എന്തൊരു വിരോധാഭാസം...
പരമ്പരകളായ് അവൻ ഈ അടിമത്തം കൈമാറി വന്ന മറ്റുള്ള യന്ത്ര മനുഷ്യരാൽ നിയന്ത്രിയ്ക്കപ്പെടുന്ന യന്ത്ര മനുഷ്യനായീ...
എന്ത് പറയണം , എങ്ങനെ പറയണം , എന്ത് ചവയ്ക്കണം എങ്ങനെ ചവയ്ക്കണം , എന്ത് ചെയ്യണം എങ്ങനെ ചെയ്യണം , എങ്ങനെ ജീവിയ്ക്കണം , എന്നീ കാര്യങ്ങൾ മറ്റുള്ളവരാൽ നിയന്ത്രിയ്ക്കപ്പെടുന്ന സ്വതന്ത്രൻ എന്ന് പേരുള്ള , യന്ത്രമില്ലാത്ത യന്ത്ര മനുഷ്യൻ.
ജനനം മുതൽ മരണം വരേ അവന് നിഷേധിയ്ക്കപെട്ട അവൻറ്റെ വാസനകൾ അവനെ ഭ്രാന്തിൻറ്റെ ഉടമയാക്കി , കെട്ടി പൂട്ടി വച്ച മനസ്സും ശരീരവും എതിലേയൊക്കെയെ നിയന്ത്രണവിധേയമായും അല്ലാതെയും സഞ്ചരിച്ചൂ...
ആർക്കോ വേണ്ടി എന്തെല്ലാമോ ചെയ്തു കൂട്ടീ..
എല്ലാ യന്ത്ര മനുഷ്യർക്കും ഭ്രാന്തിൻറ്റെ ഇതേ അനുഭവമായത് കൊണ്ട് ആർക്കുമിത് തിരിച്ചറിയാൻ കഴിഞ്ഞില്ല...
സ്വയം മറക്കാൻ ചിലപ്പോൾ പുകകളിലും ചിലപ്പോൾ പാനീയങ്ങളിലും അഭയം തേടീ...
ചിലപ്പോൾ സ്വപ്നങ്ങളിലും ചിലപ്പോൾ പ്രതീക്ഷകളിലും അഭയം തേടീ...
ചിലപ്പോൾ പ്രണയങ്ങളിലും ചിലപ്പോൾ ബന്ധങ്ങളിലും അഭയം തേടീ...
അവൻറ്റെ ചിന്തകളെ തണൂപ്പിയ്ക്കാൻ അവർ അവന് ദൈവത്തെ പരിചയപ്പെടുത്തി..
അത് അവൻറ്റെ മനസ്സിന് തണുപ്പേകാൻ ശ്രമിച്ചെങ്കിലും ശരീരം പലപ്പോഴും വഴങ്ങിയില്ല...മനസ്സും ശരീരവും തമ്മിൽ മൽസരിച്ചു കൊണ്ടേയീരുന്നു.
അതവനെ കൂടുതൽ അസ്വസ്ഥനാക്കി..
എല്ലാവരും യന്ത്ര മനുഷ്യരായത് കൊണ്ട് അവരെല്ലാം അനുഭവിച്ച ആ വികാരത്തെ അവർ ജീവിതത്തിൻറ്റെ ഭാഗമായി കണ്ടു...
സമൂഹ ജീവിയുടെ ആചാരങ്ങളെ മുറുകെ പിടിച്ച് അവർ അവനേ , ആ യന്ത്ര മനുഷ്യനെ സമൂഹ ജീവിയായ മറ്റൊരു യന്ത്ര മനുഷ്യയുമായ് കൂട്ടിക്കെട്ടി ഇണയാക്കി...
രണ്ട് പേരും മറ്റുള്ളവരാൽ ഒരുപോലെ നിയന്ത്രിയ്ക്കപ്പെട്ടിരുന്ന "സ്വതന്ത്രർ"...
സ്വന്തം ആഗ്രഹങ്ങളേയും , ഇഷ്ടങ്ങളേയും മറ്റുള്ളവരുടെ മുന്നിൽ അടിയറ വെച്ച സമൂഹ ജീവികൾ...
പാവം ആ സ്വതന്ത്രരുടെ കാലുകൾ തമ്മിൽ കയറില്ലാതെ തന്നെ അവർ വലിയൊരു ഊരാക്കുടുക്കിലാക്കി....
ബന്ധനത്തിൽ നിന്നും ബന്ധനത്തിലേയ്ക്ക് അവർ മൂക്കു കുത്തി "സ്വതന്ത്ര"രായിക്കൊണ്ടേയിരുന്നൂ...
ഇതിനിടയിൽ പലതും , പലതും അവർക്ക് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നൂ...
നഷ്ടങ്ങൾ തങ്ങളുടേത് മാത്രമായി.
നിയന്ത്രിയ്ക്കുന്നവർ ഇവരുടെ നഷ്ടങ്ങളിൽ ഇടപെട്ടില്ല , കാരണം
അവർ നിയന്ത്രണത്തിൻറ്റെ മാത്രം വക്താക്കളാണ്....
ഒരു യന്ത്രമനുഷ്യനും കാലത്തിൻറ്റെ മുന്നിൽ നഷ്ടങ്ങളില്ല. അവൻ തലച്ചോറുള്ള , ഹൃദയമുള്ള വെറും യന്ത്രം മാത്രം എന്നത് കാലങ്ങളുടെ നീതി...
കാലങ്ങൾ ചത്തു കൊണ്ടിരുന്നൂ...
അവസാനമവസാനം യന്ത്രമനുഷ്യൻ നിശ്ചലനാവാനും തുടങ്ങി...അവൻറ്റെ ശ്വാസം ശരിയ്ക്കും സ്വതന്ത്രമായി...
അവനെ കുഴിച്ച് മൂടുന്നത് വരെയും അവൻ മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരുന്നൂ..
അവസാന മൺതരിയും വീണൂ കഴിഞ്ഞൂ...
അവൾ ചിരിച്ചൂ , സന്തോഷത്തോടെ..
ഇനി അവനെ ആർക്കും നിയന്ത്രിയ്ക്കാൻ കഴിയില്ല...
നാളെ ഞാനും അവനെപ്പോലെ സ്വതന്ത്രയാകും.
എങ്കിലും അവരാരും സങ്കടപ്പെട്ടില്ല , ഒരാൾ പോയാലെന്താ , അവർക്ക് നിയന്ത്രിയ്ക്കാൻ ഒരുപാട് ജന്മങ്ങൾ ഇനിയും ബാക്കിയുണ്ട്...
പക്ഷേ ഇപ്പോൾ അവനേ കുറിച്ചുള്ള ആ വാക്ക് ശരിയ്ക്കും അന്വർത്ഥമായിരിയ്ക്കുന്നു.....
മണ്ണിനടിയിലെ..
"സ്വതന്ത്രൻ"
***
..രതീഷ് ബാലു..