top of page

റഫീഖ് പന്നിയങ്കര

ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും എഴുതുന്നു. ആകാശവാണിയിലും കഥകൾ അവതരിപ്പിക്കാറുണ്ട്.
പതിനാറ് വർഷത്തോളം കാലം റിയാദിൽ നിന്നും പ്രസിദ്ധീകരിച്ച ഇല ഇൻലൻഡ് മാസികയുടെ പത്രാധിപ സമിതി അംഗമായിരുന്നു.
നഗരക്കൊയ്ത്ത്, ബത്ഹയിലേക്കുള്ള വഴി, മാണിക്യത്തുരുത്ത് (കഥകൾ).
കടൽദൂരം (കവിതകൾ).
കേരള സാംസ്‌കാരിക വകുപ്പിന്റെ തകഴി സ്മാരക കഥാപുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


റഫീഖ് പന്നിയങ്കര
റഫ്‌സിലാസ്
മാത്തറ
പൂളക്കൽ പറമ്പ്‌
കോഴിക്കോട് - 673 014

റഫീഖ് പന്നിയങ്കര

മാസ്ക്



മാസ്ക് ധരിക്കുക. സാനിറ്റയ്സർ ഉപയോഗിക്കുക. ശാരീരിക അകലം പാലിക്കുക.
കൗണ്ടറിന് മുമ്പിലെ വലിയ അക്ഷരങ്ങളിൽ കണ്ണ് തറഞ്ഞു നിന്നു.
തൊപ്പിക്കും മാസ്കിനുമിടയിലെ രണ്ടു കണ്ണുകൾ മാത്രം പുറത്തു കാണിച്ചു കൊണ്ട് സെക്യൂരിറ്റി ജീവനക്കാരൻ ചെയർ ചൂണ്ടിക്കാണിച്ച് ഇരിക്കാൻ പറഞ്ഞു.
അനുസരിച്ചു. ചെയറിൽ ഇരുന്നു.
തൊട്ടടുത്തിരുന്ന സ്ത്രീയുടെ പാതി മറഞ്ഞ മുഖമെങ്കിലും ആ നെറ്റിയും കൺതിളക്കവും ഉള്ളിലെ പഴയ കൗമാരക്കാരൻ പൊടിമീശയും തടവി അവിടെ ചുറ്റിക്കറങ്ങി.
അവരെന്നെയും കണ്ടു. നിറമുള്ള തട്ടവും പുള്ളിപ്പാവാടയുമണിഞ്ഞ് അവളും പൊടിമീശക്കാരന്റെ കൺവെട്ടത്തേക്ക് ഇറങ്ങി വന്നു.
അന്നവൾക്ക് എന്നെ കാണുന്നതേ വെറുപ്പായിരുന്നില്ലേ..
ഇന്നും ആ വെറുപ്പ് ഉള്ളിലുണ്ടാവുമോ.
സുഖമാണോ.. അവളുടെ മാസ്കിനുള്ളിലൂടെ നാലക്ഷരങ്ങൾ പുറത്തേക്കു വന്നു.
ശബ്ദത്തിന് ഒരു മാറ്റവുമില്ല. മുഖം മാറിയിട്ടുണ്ടാകുമോ.
ഒന്നുമറിയില്ല.
ങാ.. സുഖമായി പോകുന്നു.
അവൾ എന്തോ പറയാൻ വാക്കുകൾ പരതുന്നു.
എന്റെ ഉള്ളിൽ പറയാൻ ഏറെയുണ്ട്. സമയവും ഒരുപാട്. കൗണ്ടറിനു മുകളിൽ നമ്പർ തെളിയാൻ നേരമിനിയും പോകണം.
അന്ന്, മാസ്കിന്റെ കാലമല്ലായിരുന്നു. എന്നിട്ടും നീയെന്റെ അന്നത്തെ വാക്കിനൊരു മറുപടി നൽകിയില്ല. ഒന്നു നിൽക്കാൻ പോലും കൂട്ടാക്കാതെ തട്ടത്തിൻ നിറത്തിൽ മുഖമൊളിപ്പിച്ചു വെച്ചത് നീ മറന്നാലും എനിക്ക് മറക്കാൻ കഴിയില്ല.
സാമൂഹ്യ അകലത്തിന്റെ ചിന്ത പോലുമില്ലാതിരുന്ന
അക്കാലത്ത് എന്തിനായിരുന്നു എന്നിൽ നിന്നും ഇത്രമേൽ അകലം പാലിച്ചത്. സോപ്പും സാനിറ്റയ്സറും തൊടാതെ തന്നെ എത്രയെളുപ്പത്തിൽ നീയന്ന് എന്നെ കാണാൻ ഇഷ്ടമേയല്ലെന്ന് കൈ കഴുകി.
ആണ്ടുകൾക്കിപ്പുറം വീണ്ടും നമ്മൾ കണ്ടു മുട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ മുഖത്തിന്റെ പാതി ഭാഗവും മാസ്കിനാൽ മറഞ്ഞിരിക്കുന്നു. എന്റെയും അതെ.
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് മുമ്പുള്ളവർ പറഞ്ഞിട്ടില്ലേ. എന്റെ കാര്യത്തിൽ അത് നൂറ്റൊന്ന് വട്ടം ശരിയാണെന്ന് ഞാൻ ആണയിടുന്നു. പക്ഷെ, ഉള്ളിലൊന്നും മുഖത്ത് മറ്റൊന്നുമായി നടക്കുന്ന നിന്നെപ്പോലെയുള്ളവർക്ക് മാസ്ക് അത്യാവശ്യം തന്നെ. നിന്റെ മുഖത്തിന്‌ മാസ്ക് നന്നായി ചേരുന്നുമുണ്ട്.
നിന്റെ മുഖത്ത് അദൃശ്യമായ ഒരു മാസ്ക് എന്നുമുണ്ടായിരുന്നു എന്നു വേണം കരുതാൻ. എന്താ, ഞാൻ പറഞ്ഞത് ശരിയല്ലേ.
പിന്നെ, ഇപ്പോൾ പലരും പറയുന്നത് ഈ മാസ്ക് ധരിച്ചു നടക്കുമ്പോ ശ്വാസമെടുക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നാ. കണ്ണട വെച്ചു നടക്കുന്നവരും തുടക്കം മുതൽക്കേ പരാതിയാ. നമ്മുടെ ചുടുനിശ്വാസം കണ്ണടയിൽ പതിഞ്ഞു കാഴ്ചയെ മറയ്ക്കുന്നു എന്ന്. ചില കാഴ്ചകൾ മങ്ങിമായുന്നത് തന്നെയാണ് നല്ലതെന്നു തോന്നും. ചുറ്റും നിത്യേന എത്രമാത്രം നിസ്സഹായരുടെ കരച്ചിലുകളാണ് ഉയർന്നു പൊങ്ങുന്നത്. ചില ചിത്രങ്ങൾ അറിയാതെ മുമ്പിൽ വന്നു നിവരും. മാസ്ക് ഉള്ളതിനാൽ, കാഴ്ച മങ്ങിയതിനാൽ അതിനെക്കുറിച്ചോർത്ത് വെറുതെ നെഞ്ച് പുകയ്‌ക്കേണ്ടല്ലോ.
ഇതെല്ലാം കേൾക്കുന്നത് തന്നെ നിനക്ക് പുശ്ചമാണല്ലോ, അല്ലേ?
നമ്മുടെ ചില കാര്യങ്ങൾ കേൾക്കാൻ പലർക്കും നേരമില്ല. താൽപ്പര്യമില്ല എന്നതാണ് സത്യം.
മാസ്ക് ധരിച്ച് തെരുവിലൂടെ നടക്കുമ്പോൾ നമുക്ക് നമ്മോട് തന്നെ സംസാരിക്കാം. കാര്യങ്ങൾ വിശകലനം ചെയ്യാം. വാദപ്രതിവാദങ്ങൾ നടത്താം. പാട്ടു പാടാം. കരയാം. ചിരിക്കാം. നമ്മുടെ മുഖത്തെ ഭാവങ്ങളൊന്നും ഒരുത്തനും കാണില്ല.
ഇന്നലെ രാവിലെ ഉറക്കമെഴുന്നേൽക്കാൻ വൈകി. കുളിയും കാര്യങ്ങളുമെല്ലാം പെട്ടെന്ന് കഴിച്ച് പുറത്തേക്കിറങ്ങാൻ നേരം ഭാര്യ ചോദിച്ചു, ഇന്നെന്തേ ഷേവ് ചെയ്യുന്നില്ലേ എന്ന്. ക്ലീൻ ഷേവിങ്ങിന്റെ ആളാ ഞാൻ. അവൾ വന്നു കയറിയ കാലം മുതൽക്കേ കാണുന്നതാണല്ലോ ഈ ശീലം. എന്നാൽ മാസ്ക് ഉള്ള ആശ്വാസത്തിൽ ഒരു ദിവസം ഷേവ് ചെയ്തില്ലെങ്കിലും അതിന്റെ അഭംഗി മാസ്ക് അഡ്ജസ്റ്റ് ചെയ്തോളും.
എന്റെ അയൽപ്പക്കത്തുണ്ടൊരു സുന്ദരിക്കോത. മുമ്പ് ഞാനീ സുന്ദരിയുടെ കാര്യം നിന്നോട് പറയാൻ ശ്രമിച്ചിട്ടുണ്ട് എന്നാണെന്റെ ഓർമ. നിനക്കതൊന്നും കേൾക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
ആ സുന്ദരിക്കോത മുഖത്ത് ചായം പൂശി, ചുണ്ടിൽ ലിപ്സ്റ്റിക് ഒക്കെ തേച്ച് ആകെയൊരു സംഭവമാണ് ആള്. മാസ്‌കണിയാൻ തൊടങ്ങിയതീ പിന്നെ, ലിപ്സ്റ്റിക് ഒക്കെ തേച്ചിട്ട് ആര് കാണാനാ എന്നാണവരുടെ വേവലാതി. ചിരിപ്പിക്കാനായിട്ട് ഓരോ ജൻമങ്ങൾ.
മാസ്ക് നമ്മുടെ ജീവിതത്തിൽ ശീലിപ്പിച്ചതാരാ. ഒരു കുഞ്ഞു വൈറസ്. അവന്റെ പേരോ.. കൊറോണ എന്നും. വെറും കൊറോണയല്ല. നമ്മുടെ മോഹൻലാൽ ചിത്രത്തിൽ പറയുന്ന പോലെ, വിൻസെന്റ് ഗോമസ് എന്ന സ്റ്റൈലിൽ ഐ ആം കോവിഡ് കൊറോണ എന്നൊക്കെ ഒരു എഫക്റ്റോട് കൂടി പറയണം. ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണാ വൈറസ് നമ്മുടെ ജീവിതത്തിലെ ചില ശീലക്കേടുകൾ തിരുത്തിയെഴുതിച്ചില്ലേ.. പ്രത്യേകിച്ച് ലോക്ഡൗൺ നാളുകളിൽ നമ്മുടെ ജീവിതരീതികളും മറ്റു പ്രവർത്തനങ്ങളുമെല്ലാം ഇതു വരെ പാലിച്ചു പോന്നതിൽ നിന്നും എത്ര വ്യത്യസ്തമായിരുന്നു എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ?
മനുഷ്യർ മണ്ണ് ചവിട്ടി നടക്കാൻ തുടങ്ങി. എന്നതാണ് അതിലേറെ പ്രധാനം.
തിരക്ക് ഭാവിച്ചു പരക്കം പാഞ്ഞവർ കുറേ ദിവസം താൻ വീട്ടിനുള്ളിൽ അടച്ചിരുന്നാലും ലോകത്തിന് ഒന്നും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞ ദിനങ്ങൾ കൂടിയായിരുന്നില്ലേ നമ്മിലൂടെ കടന്നു പോയത്. വീടിനുള്ളിലും പുറത്ത് ചുറ്റും, തന്നെ കൂടാതെ ജീവികളും ജീവിതവുമുണ്ടെന്ന് മനസിലാക്കി. അയൽപക്ക സൗഹൃദങ്ങളുടെ മൂല്യമറിഞ്ഞു. ഒന്നു മിണ്ടാനും സൗഹൃദത്തിന്റെ തണൽകാഴ്ചയിലേക്ക് കണ്ണോടിക്കാനും സമയം തികയുന്നില്ല എന്നു തീർത്തും പേർത്തും പറഞ്ഞ കാലം എത്ര നരച്ചതായിരുന്നെന്ന് ബോധ്യം വന്നില്ലേ. എന്തു ചെറിയ കാര്യങ്ങൾക്കു പോലും മാളിലേക്കും ഹൈപ്പർ മാർക്കറ്റിലേക്കും കാറോടിച്ചു കിതച്ച നിന്നെപ്പോലെയുള്ളവർ വീട്ടിനടുത്തുള്ള കവലയിലെ കുഞ്ഞുകടയിലേക്ക് തിരിച്ചെത്തി. മല്ലി, മുളക്, ഉലുവ തുടങ്ങി മറ്റു പലതും പൊതിഞ്ഞു കെട്ടുന്നതിനിടയിൽ, മാസ്ക് മറച്ച മുഖമാണെങ്കിലും ചിരിയും ചങ്ങാത്തവും പങ്കുവെയ്ക്കാൻ ശ്രമിച്ചു തുടങ്ങിയില്ലേ.
കല്യാണമാമാങ്കങ്ങൾക്ക് അറുതിയായി. അത്, വിരലിലെണ്ണാവുന്ന അത്രയും ആളുകളിലേക്ക് ചുരുങ്ങി. ഭക്ഷണപദാർഥങ്ങൾ പാഴാക്കിയിരുന്ന "ഫുഡ്‌ ഫെസ്റ്റിവലുകൾ" എത്രമേൽ അർത്ഥശൂന്യമായിരുന്നെന്ന സത്യമറിഞ്ഞു. ആർഭാടരഹിത കൂടിച്ചേരൽ എത്ര മഹിതമാണെന്ന തിരിച്ചറിവും ഇക്കാലത്തു തന്നെയല്ലേ നമ്മെ വന്നു തൊട്ടത്.
മറ്റൊന്ന്, നീയടക്കം എത്രയാളുകൾ ശ്രദ്ധിച്ചു കാണുമെന്നറിയില്ല. തൽക്കാലത്തേക്കാണെങ്കിലും നാം വീടകങ്ങളിൽ ഒതുങ്ങിയ നാളുകളിൽ പ്രകൃതിയിൽ സംഭവിച്ച മാറ്റങ്ങൾ പല മാധ്യമങ്ങളും വാർത്തകളായി അവതരിപ്പിച്ചിരുന്നു.
വാഹനപ്പുകയും മറ്റു മലിനാവസ്ഥകളും ചുരുങ്ങി ഇല്ലാതായപ്പോൾ നമ്മുടെ അന്തരീക്ഷം ഏറെക്കുറെ ശുദ്ധമായിട്ടുണ്ടത്രെ. പുഴകളും നദികളും തെളിഞ്ഞൊഴുകാൻ തുടങ്ങിയെന്നും വാർത്തകളിൽ നിറഞ്ഞു വന്നു. പ്രകൃതിയോടൊട്ടി നിന്ന് ജീവിക്കുന്ന മനുഷ്യർക്ക് എന്തുമാത്രം ആനന്ദപൂരിതമാണ് ഇതു പോലുള്ള വിശേഷങ്ങൾ.
പക്ഷെ, നമുക്ക് ചുറ്റും ശുദ്ധവായു നിറഞ്ഞപ്പോൾ അത് നേരിട്ട് ശ്വസിക്കാനുള്ള ഭാഗ്യം നമുക്കില്ല. അപ്പോഴേക്കും മാസ്ക് നമ്മുടെ ജീവിതശീലമായി കഴിഞ്ഞില്ലേ.
ഒരു മാസ്ക് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ ഓക്സിജന്‍ കുറയുമെന്നും അത് മരണത്തിനു വരെ കാരണമാകുമെന്നും അതിനിടയിൽ ചില വാർത്തകൾ നീ ശ്രദ്ധിച്ചിരുന്നോ. അതത്രയും വ്യാജപ്രചരണങ്ങൾ ആയിരുന്നുവത്രേ. വരുന്ന വാർത്തകളിൽ സത്യമേത്, നുണയേത് എന്നെങ്ങനെ വേർതിരിക്കും. അല്ലെങ്കിലും സത്യം യാത്രയ്ക്കൊരുങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റി മടങ്ങിയെത്തിയിരിക്കുമെന്ന് ആരാ പറഞ്ഞത്.
അതുപോലെ തന്നെ മാസ്കുകൾ ഉപയോഗശേഷം വീട്ടിലെ മറ്റു മാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുന്ന ആളുകളുണ്ട്. ഇത് തെരുവുനായ്ക്കൾ കടിച്ച് രോഗപ്പകർച്ചയ്ക്കു കാരണമാകുമെന്ന് വിദഗ്ധരുടെ കണ്ടെത്തൽ. ഒരിക്കൽ മാത്രം ഉപയോഗിക്കേണ്ട മാസ്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നവരുണ്ട്. ഇവ തുച്ഛമായ വിലയ്ക്ക് കിട്ടുമെങ്കിലും ഇത്രയൊക്കെ മതിയെന്നാണ് ചിലരുടെ രീതി. ജീർണിക്കാത്ത തരത്തിലുള്ള മാസ്കുകളും പ്ലാസ്റ്റിക് കവർ പോലെ നിരോധിക്കണം എന്നാണ് എന്റെ ഒരിത്. അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാത്ത ഏതുതരം മാസ്ക്‌ എങ്ങനെ ഉപയോഗിക്കണം എന്നതു സംബന്ധിച്ച് ഞാനും നീയുമടങ്ങുന്ന സമൂഹത്തിന് വല്യ ധാരണയൊന്നുമില്ല.
നിന്റെ മുഖത്ത് മാസ്കുള്ളതിനാൽ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടോ, അതോ ഇതൊന്നും അത്ര വല്യ കാര്യമൊന്നുമല്ല എന്ന നിഷേധഭാവമാണോ, ഒന്നുമറിയില്ല.
ഒടുക്കം നീ എഴുന്നേറ്റു പോകുമ്പോൾ അതാ.. എന്റെ നമ്പർ ആയി എന്നു മാത്രം പറഞ്ഞു. ഒന്ന് യാത്ര ചോദിക്കാൻ പോലും തോന്നിയില്ലല്ലോ. പിന്നെയും എപ്പോഴെങ്കിലും കാണാമെന്ന് പറഞ്ഞില്ലല്ലോ..
എന്നെ ഇഷ്ടമായിരുന്നെന്നും അത് പറയാനുള്ള ധൈര്യം അന്നില്ലായിരുന്നെന്നും ഒന്ന് പറഞ്ഞൂടായിരുന്നോ..
ഇപ്പോഴെന്റെ കവിളിൽ, എന്നെക്കുറിച്ചോർത്ത് ചൂടുകണ്ണീർ പടരുന്നു. അത് തുള്ളികളായി താഴേക്കൊഴുകുന്നെങ്കിലും തറയിലേക്കിറ്റി വീഴില്ല. ഈ കണ്ണീരൊപ്പാൻ പാതിമുഖത്ത് മാസ്ക് ഉണ്ടല്ലോ. ഇപ്പോൾ ഈ മാസ്ക് കൊറോണാ പ്രതിരോധത്തിന് മാത്രമല്ല. മറ്റു പലതും മറയ്ക്കാനുള്ള കവചം കൂടിയാണല്ലോ?

bottom of page