top of page
Pooja online  2-11_edited.png

(ശ്രീകുമാർ എഴുത്താണി)

ദീർഘകാലം ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകൻ. ജോലിയിൽ നിന്നും സ്വയം വിരമിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മലയാളത്തിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചെറുകഥകളെ കുറിച്ചും എഴുത്താണി എന്ന FB ഗ്രൂപ്പിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറുകഥ എഴുതാൻ പഠിപ്പിക്കുന്ന എഴുത്താണിക്കളരിയുടെ പത്ത് ബാച്ചുകളിലായി നൂറോളം ആളുകൾ പരിശീലനം നേടി. ലിറ്റററി വൈബ്സ് എന്ന ഇംഗ്ലീഷ് ഓൺലൈൻ വാരികയിൽ തന്നെ നൂറിലധികം കഥകൾ എഴുതി. ഇപ്പോൾ ChatGPT ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ക്രിയേറ്റീവ് ആപ്പിന്റെ ലാംഗ്വേജ് ഫെസിലിറ്റേറ്റർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഫിഫ്ത് എലമെന്റ് ഫിലിം, പെബിൾ ഡ്രോപ്പ് ഇൻറീരിയർ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ പാർട്ടണർ ആണ്.

Contact :

9995866840

(ശ്രീകുമാർ എഴുത്താണി)

അന്യരുടെ ആകാശങ്ങൾ

അബോധം പുലർകാലത്തെ മൂടൽമഞ്ഞ് പോലെ മറയുകയും വേദന ആളിക്കത്തുന്ന അഗ്നി കുണ്ഡത്തിന്റെ എറിയേറി വരുന്ന ചൂടുപോലെ ഉടലാകെ നീറ്റൽ പോലെ പടരുകയും ചെയ്തപ്പോൾ റീനയുടെ കണ്ണുകൾ ഭർത്താവിനെക്കാളും മുൻപേ തിരഞ്ഞത് രമണിയെ ആയിരുന്നു.

അഭി അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മുറിയിലേയ്ക്ക് അവളെ കൊണ്ട് വന്നിട്ട് ഏറെ നേരം ആയിരുന്നില്ല. ബോധം വന്നു കണ്ണ് തുറന്നാൽ നഴ്സിനെ അറിയിക്കണം എന്ന് പറഞ്ഞിരുന്നു. മരുന്ന് കൊടുക്കാനുണ്ട്.

മരുന്ന് കൊടുത്തു കഴിഞ്ഞ് നേഴ്സ് പോയപ്പോൾ മടിച്ചു മടിച്ചാണെങ്കിലും റീന അഭിയോട് രമണി എവിടെ എന്ന് തിരക്കി.

"ഇന്നലെ രാത്രിയിൽഒത്തിരി താമസിച്ചാണ് അവൻ വന്നത്. രാവിലെ എങ്ങോട്ടോ പോയി. പോകുന്നു എന്നേ പറഞ്ഞുള്ളു. എങ്ങോട്ടെന്ന് അറിയില്ല." ഇന്നലെ രാത്രിയിൽ അവൻ കുടിച്ച് ബോധം കെട്ട് മുറിയിൽ കിടന്നു പിച്ചും പേയും പറഞ്ഞതും ഉറക്കെയുറക്കെ കരഞ്ഞതും അയാൾ മറച്ചു വെച്ചു

"പെട്ടെന്ന് എന്ത് പറ്റി."

"അറിയില്ല. നിന്റെ കാര്യമൊന്നും അവനോടു പറഞ്ഞില്ലല്ലോ. ഇന്നലെ എന്തായാലും അറിഞ്ഞു. അപ്പോൾ മുതലാണ് ഈ മാറ്റം."

ശരിയാണ്. സാധാരണയായി കുടുംബത്തിൽ അവനറിയാത്ത ഒരു രഹസ്യവുമില്ല എന്ന് പറയാം.

പലതവണ ഹോസ്പിറ്റലിൽ പോയപ്പോഴൊക്കെ അവൻ ചോദിച്ചതാണ് എന്താണ് അസുഖമെന്ന്. പല തവണയും അഭിയില്ലാതെ റീന ഒറ്റയ്ക്കാണ് അവനോടൊപ്പം ഡോക്ടറെ കാണാൻ പോയിരുന്നത്. വയറ്റുവേദന എന്ന് മാത്രം അവനെ അറിയിച്ചാൽ മതി എന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചതാണ്.

"നമ്മൾ കള്ളം പറഞ്ഞെന്ന് കരുതിയായിരിക്കുമോ?"

"ഓ അതൊന്നുമല്ല. ഇത് വേറെ എന്തോ കാര്യമാ. കണ്ടാൽ തോന്നും നമ്മൾ വേണ്ടെന്നു വെച്ചത് അവന്റെ കുഞ്ഞിനെ ആണെന്ന്."

അഭി ചിരിച്ചു. റീന തന്റെ വേദന മറച്ചു വെച്ച് ഒരു പുഞ്ചിരി കൊണ്ട് അയാളോടൊപ്പം ചേർന്നു . എങ്കിലും അവൾ മറ്റൊരു കാര്യം മനസ്സിൽ ഓർത്തു.

രമണിയെക്കുറിച്ച് അഭി പറഞ്ഞ തമാശ മറ്റൊരാളെക്കുറിച്ച് പറയുമോ.

മൂന്നു വർഷമേ ആയുള്ളൂ രമണി അവരുടെ കൂടെ ഡ്രൈവറായി കൂടിയിട്ട്. ട്രാന്സ്ജെന്ഡേഴ്സിന്റെ ഏതോ ഘോഷയാത്രയിൽ പങ്കെടുക്കാൻ മധുരയിൽ വയനാട്ട് നിന്ന് അവരുടെ ലോറിയിൽ കയറി നഗരത്തിൽ വന്നതാണ്. മടങ്ങിപ്പോകാൻ ലോറി കിട്ടിയില്ല. പാവാടയും ബ്ളൗസുമാണ് വേഷം. വിലകുറഞ്ഞ ഒരു വിഗ്ഗും ഹൈഹീൽഡും ഒക്കെയുണ്ട്.

ഒരു സ്ഥലത്തോടും ജോലി തിരയാൻ പോയിട്ട് ഇരക്കാൻ പോലും വയ്യാത്ത അവസ്ഥ. ഗിരീഷിന്റെ കമ്പനിയിലെ ഒരു അക്കൗണ്ടന്റിന് അവനെ കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നി. ആയാലും ഗേ ആണെന്ന് തോന്നിയിട്ടുണ്ട്. ഡ്രൈവിങ്ങ് അറിയാമെന്നു പറഞ്ഞപ്പോൾ അഭയ്‌ക്കും ഒരു ഡ്രൈവറെ ആവാശയമുണ്ടെന്നറിഞ്ഞ് വിളിച്ചു കൊണ്ട് വന്നതാണ്.

വിശ്വസ്തനാണെന്ന് മാത്രമല്ല സ്ത്രൈണത കലർന്ന ഒരു സ്നേഹവും വാത്സല്യവും എല്ലാരോടുമുണ്ട്. മനുഷ്യരോടെന്നല്ല ജീവനുള്ള എല്ലാത്തിനോടും അങ്ങനെയാണ്. ചിലപ്പോൾ പൂച്ചയോട് സംസാരിച്ചിരിക്കുന്നത് കാണാം. അഭിയുടെ അമ്മയും ഇതുപോലൊക്കെ ആയിരുന്നു.

ഒരു വർഷം കൂടെയേ എന്തായാലും കൂടെ നിർത്താൻ കഴിയുമായിരുന്നുള്ളു. അഭിക്കും റീനയ്ക്കും ഒരു വർഷത്തിനകം വിസ ശരിയാവും. അപ്പോൾ എന്തായാലും പിരിയണം. അപ്പോൾ വിഷമിക്കാനുള്ളത് ഇപ്പോൾ വിഷമിച്ചു എന്ന് കരുതാം

എന്നാലും ഈ രമണിയ്ക്ക് ഇതെന്തു പറ്റി. അതുപോലെയൊക്കെയായിരുന്നു അഭിയും ചിന്തിച്ചു കൊണ്ടിരുന്നത്. യു എസ്സിൽ ചെന്ന് സെറ്റിൽ ആയിട്ട് മതി മക്കളൊക്കെ എന്ന് കരുതിയിരുന്ന അഭിയ്‌ക്കും റീനയ്ക്കും ഇടയിൽ ഒരു ജീവനുള്ള കളിപ്പാട്ടം പോലെയായിരുന്നു രമണി. ആണിന്റെയും പെണ്ണിന്റെയും ജോലികൾ എല്ലാം സന്തോഷത്തോടെ ചെയ്യും. റീനയ്ക്ക് അവനോടും അവനു റീനയോടുമുള്ള സ്നേഹവും അടുപ്പവും കണ്ട് അഭിക്ക് ചിലപ്പോൾ അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ അതിൽ കാര്യമില്ലെന്നും തോന്നിയിട്ടുണ്ട്. അഭിയോട് തോന്നുന്ന സങ്കോചം പോലും റീനയ്ക്ക് രമണിയോട് ഉള്ളതായി തോന്നിയിട്ടില്ല. കുളിമുറിയിൽ നിന്നിറങ്ങി അവന്റെ മുന്നിലൂടെ ഒരു ചെറിയ ടവൽ മാത്രമുടുത്ത് പോകാനൊന്നും അവൾക്ക് ഒരു മടിയുമില്ല. അത് മാത്രമല്ല ഇടയ്ക്കിടയ്ക്ക് രമണിയേയും അഭിയേയും ചേർത്ത് ഓരോ കഥകൾ പറഞ്ഞ് ഇരുവരയും ശുണ്ഠി പിടിപ്പിക്കയും ചെയ്യും.

രമണിയ്ക്ക് അറിയിലെങ്കിലും ആ കഥകളിൽ ഒരു ചെറിയ സത്യത്തിന്റെ അംശം ഉണ്ടായിരുന്നു. അസ്വാഭാവികമായ ഒരാകര്ഷണം പലപ്പോഴും അവനോട് തോന്നിയിട്ടുണ്ട്. ചില പെരുമാറ്റ രീതികളായിൽ രമണിക്ക് അഭിയുടെ അമ്മയുമായുള്ള സാമ്യം കൂടി ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈ വിട്ടു പോയേനെ. അതോ നേരെ മറിച്ചാണോ എന്നും അയാൾ സംശയിച്ചിട്ടുണ്ട്. ഇഷ്ടപ്പെടാത്ത ഒരു ചിന്തയാണെങ്കിലും അമ്മയുമായി റീനയ്ക്കുള്ളതിലും സാമ്യം രമണിയിലാണെന്നതും ഒരു സത്യമാണ്.

റീനയ്ക്ക് അബോർ ഷനാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് അറിഞ്ഞ നിമിഷം അവൻ അകെ തകർന്നു പോയി. വിദേശത്ത് പോകേണ്ടത് അത്യാവശ്യമായത് കൊണ്ട് റീനയുടെ ഗർഭം ഒഴിവാക്കേണ്ടതാണ് എന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നത് കൊണ്ട് അവൾ ഗർഭിണിയാണെന്ന് ആരെയും, അവനെപ്പോലും, അറിയിച്ചിരുന്നില്ല. ചില ലക്ഷണങ്ങൾ കണ്ടിട്ട് അവൻ അവളെ കളിയാക്കാൻ നോക്കി എന്ന് ഒരിക്കൽ റീന പറഞ്ഞു. ഒരു ജോലിക്കാരനോ സഹോദരിയോ ആയിട്ടല്ല സ്വന്തം അനിയത്തിയായിട്ടാണ് അവൾ അവനെ കരുതിയിരുന്നത്. അവർ തമ്മിൽ പറയാത്ത കാര്യങ്ങളില്ല. റീനയെ വേണ്ട രീതിയിൽ മനസ്സിലാക്കിയത് പോലും രമണിയിലൂടെയായിരുന്നു.

അവൻ വെള്ളമടിച്ച് കണ്ടിട്ടേ ഇല്ല. ഇന്നലെ അവൻ കിടക്കുന്ന ഔട്ട് ഹൗസിൽ കിടന്ന് എന്തൊരു ബഹളമായിരുന്നു. കരച്ചിലും നിലവിളിയും. അതൊന്നും ഇവൾ തത്ക്കാലം അറിയണ്ട. വളരെ നിര്ബന്ധിച്ചാണ് അവൾ അബോർഷന് സമ്മതിച്ചത്. അതിന്റെ സങ്കടം കാണും. അതിനു പിറകേ ഇതും കൂടി അവൾ താങ്ങില്ല.

ആശുപത്രിയുടെ പ്രസവ വാർഡിനു പുറത്ത് കാർഷെഡ്‌ഡിൽ വെറും തറയിൽ പേപ്പർ വിരിച്ചിട്ട കിടക്കുകയാണ് സുബ്രഹ്മണ്യൻ എന്ന രമണി. ഒന്നും രണ്ടും മണിക്കൂറുകൾ കഴിയുമ്പോഴൊക്കെ അവിടെ ഓരോ കുഞ്ഞുങ്ങൾ പിറക്കുന്നുണ്ട്.അപ്പോൾ പ്രത്യേകമായ ഒരു മണിമുഴക്കം കേൾക്കാം. ഏത് ദിശയിൽ നിന്നെന്ന് അറിയാതെ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം. ചിലപ്പോൾ തണുത്തിട്ട് ചിലപ്പോൾ വിശന്നിട്ട്. അതിലേറെ അടുത്തുള്ള കുട്ടികൾ കരയുന്നത് കേട്ടിട്ട്. കുട്ടികൾ അങ്ങനെയാണ്. വികാരങ്ങൾ പോലും സ്വന്തമായില്ല. ആര് കരഞ്ഞാലും ചിരിച്ചാലും അവരും കൂടെച്ചേരും.

ആ കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് കിടന്നപ്പോൾ രമണിയ്ക്ക് തന്റെ ദുഃഖവും ഒന്ന് ശമിച്ചപോലെ തോന്നി.

റീനച്ചേച്ചിക്ക് വേണ്ടെങ്കിൽ ആ കുഞ്ഞിനെ തനിക്ക് തരാമായിരുന്നു എന്ന് ഒരു കൊച്ചുപെൺ കുട്ടിയെപ്പോലെ അവൻ ചിന്തിച്ചുപോയി.

പതിയെ കടന്നു വന്ന ഒരു തണുത്ത കാറ്റ് തുറന്നു കിടന്ന ഉടുപ്പിനിടയിലൂടെ കയറി അവന്റ നെഞ്ചിൽ ഇക്കിളിയിട്ടു. അവന്റെ ദേഹത്ത് പെട്ടെന്നൊരു രോമാഞ്ചമുണ്ടായി. അതാസ്വദിച്ച് കണ്ണടച്ച് കിടന്ന് മയങ്ങിയപ്പോൾ മറ്റേതോ ലോകത്ത് മറ്റൊരു ജന്മത്തിൽ അഭിസാറിന്റെ മുഖവും റീന ചേച്ചിയുടെ നിറവുമുള്ള ഒരു കുഞ്ഞിന് പാലുകൊടുക്കുന്നത് അവൻ സ്വപ്നം കണ്ടു

bottom of page