നീല തടാകം (blue lake )
നീല തടാകം (blue lake )
ഈ ഭൂഗോളത്ത് കാണുവാൻ ബാക്കിയായി എന്തൊക്കെയുണ്ടെന്ന് ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം നൽകുവാൻ ആർക്കും ഒരിക്കലും കഴിയുകയില്ല. എണ്ണിയാൽ ഒടുങ്ങി പോകുന്ന ദിനങ്ങൾക്കുള്ളിൽ കാണാൻ പറ്റുന്ന കാഴ്ചകൾക്ക് ഒരു പരിധിയുണ്ടെന്നുള്ളതൊരു യാഥാർഥ്യമായി നിലനിൽക്കത്തന്നെ മൗണ്ട് ഗാംബിയറിലെ നീല തടാകത്തെയാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുവാൻ പോകുന്നത്.
ആദ്യം തന്നെ ഈ തടാകത്തിന്റെ പ്രതേകതകളിലൂടെ നമുക്ക് ഒന്ന് യാത്രചെയ്യാം.
ഈ തടാകത്തിന്റെ മുകൾപരപ്പ് മുതൽ അടിത്തട്ട് വരെയുള്ള ഊഷ്മാവും, സാന്ദ്രതയും എപ്പോഴും ഒരേ പോലെ ആയതിനാൽ തടാകത്തിലെ വെള്ളം പൂർണ്ണമായി കൂടി കലർന്നതാണ് കിടക്കുന്നത്.
അതിനാൽ അതിലെ വെള്ളം ഒരിക്കലും ഉറഞ്ഞ പരുവത്തിൽ ആയി തീരുകയില്ല.
രണ്ടാമതായി ഈ തടാകം സ്ഥിതി ചെയ്യുന്നത്
അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നതും, ഇനിയൊരിക്കലും നടക്കുവാൻ സാധ്യത ഇല്ലാത്തതുമായൊരു സ്ഥലത്താണ്. ആ അഗ്നി പർവ്വതസ്ഫോടനം നടന്ന കാലത്ത് നാല് തടാകങ്ങൾ ആയിരുന്നു രൂപപ്പെട്ടിരുന്നത്. അതിൽ രണ്ട് തടാകങ്ങളിലെ വെള്ളം മുപ്പത് മുതൽ നാല്പത് വർഷങ്ങൾക്ക് മുൻപ് പൂർണ്ണമായി വറ്റി വരണ്ടു പോയി. ( ലെഗ് ഓഫ് മട്ടൺ ആൻഡ് ബ്രൗൺ ) എന്നാണ് ഇത് അറിയപ്പെടുന്നത് . പിന്നീട് ബാക്കിയുള്ള രണ്ട് തടാകങ്ങളിൽ ഒന്നാണ് ഈ നീല തടാകം.
അഗ്നിപര്‍വ്വതം പൊട്ടല്‍ ഉണ്ടായ വർഷം( 4300 വർഷങ്ങൾക്ക് മുൻപ്, 28000 വർഷങ്ങൾക്ക് മുൻപ്, 6000 വർഷങ്ങൾക്ക് മുൻപ് ) കണക്കാക്കുന്നതിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നുള്ള വസ്തുത നമ്മൾ വിസ്മരിക്കപ്പെട്ടുകൂടാ.
സമീപകാല വർഷം കണക്കാക്കിയാൽ പോലും ഓസ്‌ട്രേലിയൻ മണ്ണിൽ ഉണ്ടായ ഏറ്റവും സമീപകാല അഗ്നിപർവ്വത സ്ഫോടനമാവും ഇത്.
നീല തടാകത്തിന്റെ താഴ്ച്ച സാമാന്യത്തോത് അനുസരിച്ച് എഴുപത്തി രണ്ട് മീറ്റർ ആണ്. ചില സ്ഥലങ്ങളിൽ അത് എഴുപത്തിയഞ്ചു മീറ്റർ താഴ്ചയുണ്ട്. പ്രകൃതിദത്തമായ ഗുഹകൾ അടിയിൽ ഉള്ളതിനാൽ സ്‌ഥീകരിക്കാത്ത കണക്കുകൾ പ്രകാരം ഇരുനൂറ്റി നാല് മീറ്റർ വരെ താഴ്ച്ച ഉണ്ടെന്നും അനുമാനിക്കപ്പെടുന്നു.
അഗ്നിപര്‍വ്വതമുഖ വിസ്തീർണ്ണം (1,200 by 824 മീറ്റർ). തടാകത്തിന്റെ അടിത്തട്ടിൽ വെള്ളം കിടക്കുന്ന വിസ്തീർണ്ണം 1087 x 657 മീറ്റർ. തടാകത്തിന്റെ അടിത്തട്ട് അടുത്തുള്ള പട്ടണത്തെക്കാൾ പതിനേഴ് മീറ്റർ താഴ്ചയിൽ ആണ് സ്ഥിതി ചെയ്യുന്നത്. നീല തടാകത്തിലെ വെള്ളമാണ് പട്ടണത്തിലെ ജലലഭ്യത ഉറപ്പാക്കുന്നത്.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ തടാകം ആകർഷമായ നീല നിറത്തിൽ കാണപ്പെടുകയും, ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ചാര നിറമാർന്ന സ്റ്റീൽ നിറത്തിൽ കാണപ്പെടുകയും ചെയ്യും.
ഈ നിറം മാറ്റത്തിന്റെ കാരണമായി അനുമാനിക്കപ്പെടുന്ന ഘടങ്ങൾ താഴെ പറയുന്നതാണ്.
ചൂടുകാലത്ത് തടാകത്തിന്റ ഉപരിതലം ചൂടാകുകയും അത് ഇരുപത് ഡിഗ്രി സെന്റിഗ്രേഡിൽ ഉയരുകയും തത്ഫലമായി കാൽസ്യം കാർബൊണെറ്റ് വിഘടിച്ചു കാൽസിയം കാർബൊണെറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുകയും ചെയ്യുന്നു. അതിന്റെ പരിണിത ഫലമായി നീല നിറം പ്രകീര്‍ണ്ണത നടക്കുകയും ചെയ്യുന്നു.