top of page

വെല്ലൂര്‍ മ്യുസിയത്തിലെ കുരങ്ങൻ

വെല്ലൂര്‍ മ്യുസിയത്തിലെ കുരങ്ങൻ

വെല്ലൂര്‍ മ്യുസിയത്തിലെ കുരങ്ങൻ

യാത്രകള്‍ക്കെന്നും അതിന്‍റെതായ പരിശുദ്ധിയും നൈര്‍മല്യതയും ഉണ്ടായിരിക്കും പ്രത്യേകിച്ച് ആ യാത്രകള്‍ക്ക് പിന്നില്‍ വളരെയേറെ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന തോന്നല്‍ മനസ്സില്‍ സംജാതമാകുമ്പോള്‍.


വെല്ലൂര്‍ മ്യുസിയം കണ്ട് തിരകെ നടക്കുവാന്‍ ഒരുങ്ങുകയായിരുന്നു ഞങ്ങള്‍.


പൌരാണികമായ കുറെ നടരാജ വിഗ്രഹങ്ങളും, കുറെ നാണയ ശേഖങ്ങളും, സ്റ്റഫ്‌ ചെയ്തു വെച്ചിരിക്കുന്ന പുലിയുടെയും, മയിലിന്‍റെയും ശരീര ഭാഗങ്ങളും, കുറെയേറെ ഉടവാളുകളും, പല തരത്തില്‍ ഉള്ള ഗ്രാനൈറ്റ് കല്ലുകളും ഒക്കെ നിറഞ്ഞതായിരുന്നു ആ മ്യുസിയത്തിന്‍റെ അകത്തളം.


ആ മ്യുസിയത്തിന്‍റെ മുന്‍വശത്തായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിനോസറിന്‍റെ പ്രതിമ കുറെ നേരം കണ്ണിമയിക്കാതെ നോക്കി നിന്നപ്പോള്‍ ആണ് മരച്ചില്ലയില്‍ ഇരുന്നു ഞങ്ങളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കുരങ്ങച്ചനെ കാണുവാന്‍ ഇടയായത്.


ഇപ്പോള്‍ ആക്രമിച്ചേക്കും എന്നുള്ള അവന്‍റെ ഭാവം ഞങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പര്യാപ്തവും ആയിരുന്നു.



ലേശം പരിഭ്രമത്തോടെ അവന്‍റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുവാന്‍ തീരുമാനിച്ചു. കാറ്റ് അതിന്‍റെ രൌദ്രഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ മരച്ചില്ലകളെ ഇളക്കികൊണ്ടിരുന്നെങ്കിലും ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്യ് വഴക്കത്തോടെ അതില്‍ അള്ളിപ്പിടിച്ചുള്ള അവന്‍റെ ഇരുപ്പും, തുറിച്ചു നോട്ടവും ഞങ്ങളെ രസിപ്പിക്കുക തന്നെ ചെയ്തു.



കുടെ ഉണ്ടായിരുന്നവര്‍ വാനരന്‍റെ ചേഷ്ടകള്‍ കണ്ടുമടുത്തപ്പോള്‍ മറ്റുള്ള കാഴ്ചകള്‍ കാണുവാനുറച്ചു മെല്ലെ നടന്നു നീങ്ങി. നിശബ്ദത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം ഇഷ്ടപ്പെട്ടതുപോലെ അവന്‍ മരത്തിലൂടെ ഊര്‍ന്നിറങ്ങി. തൊട്ടടുത്തു സ്റ്റാന്‍ഡില്‍ ചാരി വെച്ചിരുന്ന ബൈക്കിലേക്ക് അവന്‍ ഓടി കയറി.

.എന്തിനുള്ള പുറപ്പാടില്‍ ആകും ഇവന്‍?. എന്‍റെ ചിന്താമണ്ഡലത്തെ ചൂട്‌ പിടിപ്പിക്കുവാന്‍ ഉതകുന്നതായിരുന്നു അവന്‍റെ അപ്പോഴത്തെ ആ പ്രവര്‍ത്തി.


എന്തായാലും അവന്‍റെ ഒരു ചിത്രം പകര്‍ത്തുവാന്‍ ഉറച്ച് ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ കയ്യില്‍ എടുത്ത് അതിലെ ക്യാമറാ ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടുള്ള നില്‍പ്പ് തുടര്‍ന്നു.

ബൈക്കിന്‍റെ സീറ്റില്‍ ഇരുന്നു മുന്‍വശത്ത് സാധനങ്ങള്‍ വയ്ക്കുവാന്‍ ആയി പിടിപ്പിച്ചിരിക്കുന്ന ചെറിയ ലെതര്‍ സഞ്ചി അവന്‍ തുറന്നു. അതില്‍ നിന്നും ആയാസരഹിതമായി ഒരു കുപ്പി വെള്ളം എടുത്ത് അതിന്‍റെ അടപ്പ് തുറന്ന് അവന്‍ വെള്ളം കുടിക്കുവാനും തുടങ്ങി.


കണ്ണുകള്‍ക്ക്‌ ഇമ്പമേകുന്ന പ്രവര്‍ത്തിയായിരുന്നു അവന്‍ സമ്മാനിച്ചത്.

bottom of page