top of page

എൻറെ നൂറു ഗ്രാം 

 

മീര കമല 

 

 

 

നൂറു ഗ്രാം എന്ന് ഞാൻ സ്നേഹത്തോടെ കളിയാക്കി വിളിക്കുന്ന ശ്രീജ ശ്രീ എന്ന എന്റെ പ്രിയ സ്നേഹിതയെ  ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഏതാനും ദിവസങ്ങൾ മാത്രം അംഗമായിരുന്നപ്പോഴാണ് ഞാൻ യാദൃശ്ചികമായി   പരിചയപ്പെടുന്നത്. നാനൂറോളം അംഗങ്ങളും ആയിരക്കണക്കിന് പോസ്റ്റുകളും ഉള്ള ആ ഗ്രൂപ്പിൽ മുൻപ് യാതൊരു പരിചയവും ഇല്ലാതിരുന്ന ശ്രീജയുടെ കവിത മാത്രം ഞാൻ എന്തിന് ഒരു  ദിവസം കേൾക്കാൻ തിരഞ്ഞെടുത്തു എന്നത് എനിക്ക് ഇന്നും ഒരു നിഗൂഢത ആണ്. ആ ആലാപനത്തിന്റെ വൈകാരിക ശക്തി മനസ്സിൽ ആഴത്തിൽ പതിഞ്ഞെങ്കിലും വരികൾ ആദ്യം എന്നെ അത്ര ഇമ്പ്രസ് ചെയ്തില്ല. എന്നിട്ടും അഭിനന്ദനം അറിയിച്ചുകൊണ്ട് ശ്രീജയ്ക്ക് ഞാൻ ഒരു അഭിനന്ദന സന്ദേശം അയച്ചു. നന്ദി പറഞ്ഞുകൊണ്ട് ശ്രീജയുടെ മറുപടിയും വന്നു. ഞാൻ  ആ ഓഡിയോ പല സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. അവരും അത് മികച്ചത് എന്ന് പറഞ്ഞത് ശ്രീജയോട് നേരിട്ട് ഫോണിൽ വിളിച്ചു പറഞ്ഞു. അങ്ങേയറ്റം ഇഴയടുപ്പുള്ള ഒരു ബന്ധത്തിന്റെ തുടക്കമാവും അതെന്ന് അന്ന് തോന്നിയതേയില്ല.  

 

ശ്രീജ തൊഴിലെന്ന നിലയിൽ  ചെയ്യുന്ന പല കാര്യങ്ങളും എനിക്ക്  ഹോബികൾ ആയതുകൊണ്ട് പിന്നീട് ഞങ്ങൾ പലപ്പോഴും അവയെക്കുറിച്ചൊക്കെ സംസാരിച്ചു. പല രാജ്യങ്ങളിലെ പല സംസ്കാരങ്ങളിലെ ചില പ്രതിഭകളെയെങ്കിലും അടുത്തറിയാൻ കഴിഞ്ഞ എനിക്ക് ശ്രീജയിലെ പ്രതിഭയെ തിരിച്ചറിയാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല. ഒരാഴ്ച കൊണ്ട് തന്നെ ഒരു നോവൽ എഴുതാനുള്ള വിഭവം ശ്രീജയുടെ സംഭാഷണത്തിൽ നിന്നും കിട്ടി. ഞാൻ നടത്തുന്ന ബിബി പബ്ലിക്കേഷൻസ് എന്ന സ്ഥാപനത്തിൽ ചെറിയ ഒരു ജോലി ശ്രീജക്ക് നൽകുവാനും കഴിഞ്ഞു.

 

ഓരോ ദിവസവും ശ്രീജ എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ശ്രീജയുടെ അനുവാദത്തോടെ ഒരു സുഹൃത്തുമായി പങ്കുവെച്ച ശ്രീജയുടെ അനുഭവങ്ങൾ അദ്ദേഹം മനോഹരമായ ചെറുകഥകളാക്കി മാറ്റി. ഒരാളുടെ ജീവിതത്തിൽ ഏറെക്കുറെ സംഭവിച്ച കാര്യങ്ങളാണ്  അവയെന്ന് വായനക്കാർക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

 

നാല് അംഗങ്ങളുള്ള ഒരു കുടുംബം നന്നായി കൊണ്ടുപോവുകയും വെറും നാലക്ക ശമ്പളത്തിൽ 19 വർഷം ഒരു സ്കൂളിൽ കെ ജി ടീച്ചറായി അത്യധ്വാനം ചെയ്യുകയും ചെയ്തതിനിടയ്ക്ക് ശ്രീജ കൈവരിച്ച നേട്ടങ്ങൾ അൽഭുതാവഹമാണ്. സാമ്പത്തിക ഭദ്രതയിലേക്ക് അതൊന്നും വഴിതെളിച്ചില്ലെങ്കിലും ആരോടും പരിഭവം ഇല്ലാതെ തൻറെ കർമ്മത്തിലും ലക്ഷ്യത്തിലും മാത്രം ശ്രദ്ധയുറപ്പിക്കുന്ന ഈ 48 കാരിയെ ചിലരെങ്കിലും   അറിയണം മനസ്സിലാക്കണം എന്നതുകൊണ്ടാണ് ഈ ചെറു ലേഖനം എഴുതാൻ തീരുമാനിച്ചത്.

 

 

 

ശ്രീജയുടെ ജീവിതം ആർക്കും ഒരു വലിയ മോട്ടിവേഷൻ ആണ്. ഒരിക്കൽ ഞാൻ ശ്രീജയോട് ചോദിച്ചു ലക്ഷ്യങ്ങൾ തീരുമാനിക്കുമ്പോൾ സ്വന്തം കഴിവുകൾ പരിഗണിക്കാറുണ്ടോ എന്ന്. അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ശ്രീജയുടെ മറുചോദ്യം.  അധ്യാപനം പ്രധാന തൊഴിലായ ശ്രീജ പ്രൈമറിയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ചുറ്റുമുള്ളവരെ നൃത്തം പഠിപ്പിക്കുന്നത് ഒരു ശീലമാക്കിയിരുന്നു. ഏഴാം ക്ലാസിൽ വെച്ചാണ് അവസാനമായി ശ്രീജ അരങ്ങിൽ നൃത്തം ചെയ്തത്. അതൊരു നാടോടി നൃത്തമായിരുന്നു. പിന്നീട് 17 വയസ്സുള്ളപ്പോൾ അടുത്തുള്ള സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ  നൃത്ത അധ്യാപികയായി. അതിലൂടെ നേടിയ സൽപേര് അമ്പലങ്ങളിലെ ഉത്സവങ്ങളിൽ പരിപാടികൾ ഏറ്റെടുത്ത് നടത്തുവാൻ ശ്രീജയ്ക്ക് ഒരു പ്രോത്സാഹനമായി.  ഇതിനിടയിൽ നന്നായി ചിത്രങ്ങൾ വരയ്ക്കുവാനും സ്വയം അഭ്യസിച്ചു. രൂപങ്ങൾക്ക് അപ്പുറം ഉള്ളത് വായിക്കുവാൻ ശ്രീജയുടെ കണ്ണുകൾക്ക് പ്രത്യേക കഴിവാണ്. എവിടെ ചെന്നാലും ഒരു ചിത്രമോ മറ്റോ ഉണ്ടെങ്കിൽ അതിനടുത്തേ ശ്രീജ ഇരിക്കുകയുള്ളൂ.

 

സംഗീതത്തിൽ അമ്മാവനാണ് ഗുരു എന്ന് ശ്രീജ പറയുമ്പോഴും അത് സാമ്പ്രദായിക ക്‌ളാസ്സുകൾ ആയിരുന്നില്ല. വല്ലപ്പോഴും അമ്മാവൻറെ വീട്ടിൽ സന്ദർശനത്തിന് പോകുമ്പോൾ മറ്റു കുട്ടികൾക്കായി അവിടെ നടക്കുന്ന ക്ലാസുകൾ പിന്നെ ഒരു കസിൻ പഠിക്കുന്നത് കേട്ട് പഠിച്ചത് എന്നിങ്ങനെ മിക്കവാറും സ്വയം ശിക്ഷണം എന്ന് തന്നെ പറയാം. അടിസ്ഥാനം നേടിക്കഴിഞ്ഞ് കേട്ടിടത്ത് നിന്നെല്ലാം സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പാട്ടും പഠിച്ചു. പാട്ടുകളും കവിതകളും കമ്പോസ് ചെയ്യാനുള്ള തൻറെ അസാധാരണമായ കഴിവിനെക്കുറിച്ച് ശ്രീജയ്ക്ക് യാതൊരു ധാരണയുമില്ല. അത് ആർക്കും കഴിയുമല്ലോ എന്നാണ് ഭാവം . ശ്രുതി ശുദ്ധി മാത്രമല്ല ചേർന്ന് ഉച്ചാരണം ശുദ്ധിയും വൈകാരിക ശക്തിയും ശ്രീജയുടെ ആ ലാപനത്തിന്റെ പ്രത്യേകതകളാണ്.

 

ശരീരഭാരം വെറും 36 കിലോയുള്ള ഒരു ചെറിയ വ്യക്തിയാണ് 20 വയസ്സിനു മുൻപ് ഇത്രയും നേട്ടങ്ങൾ നേടിയത് എന്നത് ആരെയാണ് വിസ്മയിപ്പിക്കാത്തത്? നൃത്തം  ചെയ്ത് തേഞ്ഞുപോയതാണ് എൻറെ ദേഹം എന്നാണ് ശ്രീജ പറയാറുള്ളത്. പത്തൊമ്പതാമത്തെ വയസ്സിൽ വിവാഹിതയായ ശ്രീജ തന്റെ 40 കളിൽ 20ന് മേൽ പ്രായമുള്ള രണ്ട് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന സമയത്ത് തന്നെ സ്വയം മറ്റൊരു പഠനത്തിനും തയ്യാറായി. കണ്ടു മാത്രം പരിചയമുള്ള ഭരതനാട്യം പഠിക്കാൻ തീരുമാനിച്ചു. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആരോ തയ്യാറാക്കിയ 2 ഡിസ്കുകൾ ആയിരുന്നു ശ്രീജയുടെ ഏക ആശ്രയം. ശ്രീജിയുടെ വാക്കുകൾ തന്നെ കേൾക്കാം

 

"മാതൃഭൂമി പത്രത്തിൽ ഇങ്ങനെ ഒരു പരസ്യം കണ്ടു.  ഭാരത നാട്യത്തിന്റെ പാഠങ്ങൾ അടങ്ങിയ രണ്ട് ഡിസ്കുകൾ തപാലിൽ അയച്ചു കിട്ടുമെന്ന് . സ്നേഹിത വഴി ഞാൻ അവ തരപ്പെടുത്തി.  ഒരു വർഷം എല്ലാ ശനിയും ഞായറും രണ്ടുമണിക്കൂർ അതിനായി മാറ്റിവെച്ചു. അങ്ങനെ ഒരു ഗുരുവും ഇല്ലാതെ ഒരു വർഷം കൊണ്ട് ഞാൻ  ഭരതനാട്യം എനിക്ക് തൃപ്തി തരുന്ന രീതിയിൽ പഠിച്ചു."  

 

ഒരു വർഷം കൊണ്ട് പഠിച്ച് അരങ്ങേറ്റം നടത്തിയോ എന്ന എന്റെ ചോദ്യത്തിന് 'പണമില്ലാത്തതുകൊണ്ട് അരങ്ങേറ്റം നടത്തിയില്ല പക്ഷേ അടുത്ത ദിവസം 25 കുട്ടികളെ ചേർത്ത് ഞാൻ ഒരു ഭരതനാട്യക്കളരി  തുടങ്ങി എന്ന് ഉത്തരം. ജില്ലാ തലത്തിൽ വരെ തൻറെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നേടിക്കൊടുക്കാനും ശ്രീജയ്ക്ക് കഴിഞ്ഞു.   

 

അവരുടെ പാട്ടുകേട്ട് ഒരിക്കൽ എന്റെ മകൻ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ ടീച്ചർ ഒരു പാട്ടുകാരി ആകാഞ്ഞതെന്ന്.  ഈ ചോദ്യം ഞാൻ കാട്ടുമൈനയോട്  ചോദിച്ചപ്പോൾ  "50 രൂപ വെറും 50 രൂപ എന്നായിരുന്നു മറുപടി"   ആവർത്തിച്ചു ചോദിച്ചപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെക്കുറിച്ച് എന്നോട് പറഞ്ഞു. പാലക്കാട് മ്യൂസിക് കോളേജിൽ ഇൻറർവ്യൂവിൽ നല്ല റാങ്കോട് കൂടി അഡ്മിഷൻ കിട്ടി. അഡ്മിഷൻ ദിവസം  വണ്ടിക്കൂലിക്ക് അൻപത് രൂപ സംഘടിപ്പിക്കാൻ  ഓടി നടന്നു. ഒടുവിൽ അവിടെ ചെന്നപ്പോഴേക്കും അഡ്മിഷൻ ക്യാൻസലായി പോയിരുന്നു. പിന്നെ കെ ജി ക്ലാസുകളിൽ 45 കുട്ടികളോട് തൊണ്ട പൊട്ടി പറഞ്ഞു പറഞ്ഞ് 19 വർഷങ്ങൾ.  "പഠിപ്പിക്കുന്ന പത്തുമാസവും നേരെ ചൊവ്വേ ഒരു പാട്ടുപോലും പാടാൻ കഴിയില്ല. വെക്കേഷൻ തുടങ്ങിയാലും ഒരു മാസം കഴിഞ്ഞാണ് ശബ്ദം തിരിച്ചു കിട്ടുക.  സ്കൂളിൻറെ ആവശ്യത്തിനായി നൃത്ത ഗാനങ്ങളും മറ്റ് ഗാനങ്ങളും കമ്പോസ് ചെയ്യുകയും പാടേണ്ടി വരികയും ചെയ്യും. കുട്ടികൾക്ക് പാഠവുമായി ബന്ധപ്പെട്ട പാട്ടുകൾ അപ്പോഴപ്പോൾ   മനസ്സിൽ എഴുതി കമ്പോസ് ചെയ്തു പാടിക്കൊടുക്കാറുണ്ടായിരുന്നു.  അത് അറിഞ്ഞ് ഒരു ടെക്സ്റ്റ് ബുക്ക് പ്രസിദ്ധീകരണശാല എൻറെ പാട്ടുകൾ  പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. അതൊരു വലിയ സന്തോഷമായി.  അർത്ഥസമ്പുഷ്ടമായ, വികാരം തുളുമ്പിനിൽക്കുന്ന താളനിബന്ധമായ ധാരാളം കവിതകൾ ശ്രീജ എഴുതിയിട്ടുണ്ട്. അവയ്ക്ക് പുരസ്കാരങ്ങളും നേടിയിട്ടുണ്ട് 

 

സൂക്ഷ്മതയിലാണ് ദൈവം ഇരിക്കുന്നത് എന്ന മഹാവാക്യത്തെ ഓർമിപ്പിക്കുന്നതാണ് ശ്രീജയുടെ ഓരോ പ്രവർത്തിയും.  വസ്ത്രധാരണം തൊട്ട് ആലാപനത്തിന്റെ ഉച്ചാരണശുദ്ധിയിൽ വരെ അത് വ്യക്തമാണ്.  മറ്റുള്ളവരുടെ സംഭാഷണ ശൈലിയിലെ സ്വരവിന്യാസങ്ങൾ ശ്രീജ അതീവശ്രദ്ധയോടെ  വിശകലനം ചെയ്ത് ഞാൻ കേട്ടിട്ടുണ്ട്. കനൽപാതകൾ ആയിരുന്നു എന്നും ശ്രീജയുടെ നടവഴികൾ: കഴിക്കാൻ വച്ചിരുന്ന ചോറിൽ മൂത്രമൊഴിച്ച സ്വന്തം അച്ഛനെക്കുറിച്ചും കഞ്ഞിവെക്കാൻ പാത്രം ചോദിച്ചപ്പോൾ പട്ടിപ്പാത്രം എടുത്തുകൊടുത്ത അയൽക്കാരിയെക്കുറിച്ചും  ശ്രീജ ചിരിച്ചുകൊണ്ട് പറയും എടുത്തുകൊടുത്ത അയൽക്കാരിയെക്കുറിച്ച് ശ്രീജ ചിരിച്ചുകൊണ്ട് പറയും.  കടന്നുവന്ന വഴികൾ മറക്കാതിരിക്കാൻ  ശ്രീജ 35 വർഷങ്ങൾക്ക് ശേഷവും ആ പാ ത്രം സൂക്ഷിച്ച് വെച്ചിട്ടുണ്ട്.  അമ്മയുടെ വിയോഗം കഴിഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്ന് എന്തായിരുന്നു എന്ന്  ചോദിച്ചപ്പോൾ ശ്രീജ പറയുന്നു,  "വിദേശത്തുണ്ടായിരുന്ന ഒരു പ്രിയ സ്നേഹിതൻ പെട്ടെന്ന്  ഹൃദയസ്തംഭനം വന്നു മരിച്ചു. നാലുദിവസം കഴിഞ്ഞാണ്  ഞാൻ ആ വാർത്ത അറിയുന്നത്". ജീവിതത്തിലെ ഏറ്റവും മഹനീയമായ സംഭവം ഏതെന്ന് ചോദിച്ചപ്പോൾ  എൻറെ കണ്ണുകളിൽ നോക്കി ശ്രീജ പറഞ്ഞു ചേച്ചിയെ പരിചയപ്പെട്ടതെന്ന്.  

 

മൂന്നുമാസം ലീവ് ചോദിച്ചതിന് 19 വർഷം പഠിപ്പിച്ച സ്ഥാപനം അകാരണമായി പിരിച്ചുവിട്ടപ്പോൾ .ആരും പ്രശ്നം ഏറ്റെടുക്കാൻ ഉണ്ടായിരുന്നില്ല. "നന്നായി അല്ലെങ്കിൽ ഇനിയും പത്തുർഷം കഴിഞ്ഞാലും  അതുതന്നെയല്ലേ സംഭവിക്കൂ. ജീവിതം പുതുതായി തുടങ്ങാൻ പിന്നെ സമയവും ബാക്കി കാണില്ലല്ലോ. ഇപ്പോൾ ഒരു വർഷത്തിൽ 365 ദിവസവും എനിക്ക് പാടാം. എവിടെയും ഡാൻസ് പഠിപ്പിക്കാൻ പോകാം. വായിക്കാനും എഴുതാനും പഠിക്കാനും ധാരാളം സമയം. രണ്ടാം ബാല്യം എന്നുതന്നെ ഞാൻ കരുതുന്നു. ശരിയാണ് ശ്രീജയെ കണ്ടാൽ ഒരു 12 വയസ്സുകാരിയെ പോലെ മാത്രമേ തോന്നു . ആയിരക്കണക്കിന് പരിചയക്കാർ , നൂറുകണക്കിന് അടുത്ത സുഹൃത്തുക്കൾ, ഡെഫിനോളം ഏറ്റവും അടുത്ത സുഹൃത്തുക്കൾഡെഫിനോളം ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ശ്രീജയുടെ ലോകം സ്നേഹബന്ധങ്ങളുടെ ലോകമാണ്. 

 

വിഭവങ്ങൾ തീരെയില്ലാത്ത ഒരാൾ ആണല്ലോ എന്ന് പറഞ്ഞപ്പോൾ വിഭവങ്ങൾ എന്ന വാക്ക് തെറ്റിദ്ധരിച്ചു ശ്രീജ പറയുന്നു എനിക്ക് മോരും ചോറും മാത്രമേ വേണ്ടൂ എന്ന്. അതല്ല റിസോഴ്സസ് എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പറഞ്ഞപ്പോൾ ദൈവം ഉണ്ടല്ലോ റിസോഴ്‌സ് ആയി അതുപോരെ എന്ന്   മറുചോദ്യം. ദൈവത്തിൽ വിശ്വാസമുണ്ട് ദൈവങ്ങളിൽ തീരെ വിശ്വാസമില്ല എന്ന് പറയുന്ന ശ്രീജ തന്നെ മനോഹരമായ ഒരു ദേവിസ്തുതി എഴുതിയിട്ടുണ്ട്.   സ്വയം കമ്പോസ് ചെയ്ത് പാടിയ ആ ഗാനം വൈറലായി . 

 

ദേവി എന്നപേരിൽ ശ്രീജയുടെ ഒരു ബാങ്ക് സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ എന്റെ സുഹൃത്ത് ഒരു കഥ എഴുതിയിട്ടുണ്ട്. അതേക്കുറിച്ച് ചോദിക്കുമ്പോൾ ശ്രീജ പിന്നെയും ധാരാളം കഥകൾ പറയുന്നു. ഭയം എന്തെന്നറിയാത്ത ഒരു മനസ്സിന്റെ കഥകൾ. നിഗ്രഹാനുഗ്രഹ ശക്തികളുള്ള സരസ്വതിയാണ് ആ നാവിൽ . ഒരിക്കൽ അതിൻറെ നിഗ്രഹശക്തി അറിഞ്ഞവർ രണ്ടാമത് ഒരു ശ്രമത്തിന് തുനിഞ്ഞിട്ടില്ല. ലോൺ തന്നില്ലെങ്കിലും തന്നോട് ബഹുമാനക്കുറവ് കാണിച്ചവ മാനേജരെ വെറുതെ വിടില്ല എന്ന് പറഞ്ഞു ബാങ്ക് മാനേജരെ മര്യാദയുടെ പാഠങ്ങൾ പഠിപ്പിച്ച് അവരെക്കൊണ്ട് സോറി പറയിച്ച്  ലോണുമായി മടങ്ങിയ ശ്രീജയാണ് ഈ മുന്നിൽ ഇരിക്കുന്ന ഈ  ചെറിയ പെൺകുട്ടി എന്ന് വിശ്വസിക്കാൻ പ്രയാസം. പൊതുവേ ശാന്തസ്വരൂപയായ ശ്രീജക്ക് അസാമാന്യമായ മെയ് വഴക്കവും താളബോധവും ഉണ്ട് . പണ്ട് വീട്ടുമുറ്റത്തു നിന്നിരുന്ന പറങ്കിമാവിനെക്കുറിച്ച് പറയുമ്പോഴും നല്ല ഭംഗിയുള്ള ഒരു   പറങ്കിമാവായിരുന്നു എന്ന് പറയുന്ന ശ്രീജക്ക് സൗന്ദര്യം തന്നെയാണ് ദൈവം. അതാണ് ആരാധനാമൂർത്തിയും . 

 

സ്വന്തം അധ്വാനം കൊണ്ട് മക്കളെ പഠിപ്പിച്ച നല്ല നിലയിലാക്കാൻ കഴിഞ്ഞു.  . ഒന്നിനുംമുടക്കം വരാതെ തൻറെ കലാസാഹിത്യ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ശ്രീജയ്ക്ക് കഴിഞ്ഞു.  ആരെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ഈ നിമിഷം അത് മീരേച്ചിയെ തന്നെയല്ലേ എന്ന മറുചോദ്യം. 

 

ശുഷ്കമായ സാഹചര്യങ്ങൾ കൊണ്ട് ആഗ്രഹിച്ചിടത്തൊന്നും  എത്താൻ കഴിയാതിരുന്നിട്ടും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ തൻറെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനുവേണ്ടി എത്ര ത്യാഗവും വേദനയും നഷ്ടവും കഷ്ടപ്പാടും സഹിക്കാൻ തയ്യാറാവുകയും ചെയ്യുന്ന ശ്രീജയുടെ മുന്നോട്ടുള്ള യാത്രയിലെ ബാല്യകാലമാണ് ഇതെന്ന് ഞാൻ കരുതുന്നു. ബി ബി എന്ന എൻറെ  പ്രസിദ്ധീകരണശാല മെച്ചപ്പെട്ടാൽ യുകെയിലേക്ക് മടങ്ങുന്നതിനു മുൻപ് അത് ശ്രീജയെ തന്നെയായിരിക്കും ഞാൻ ഏൽപ്പിക്കുക. ദൈവം അനുഗ്രഹിച്ച ഒരു പ്രതിഭയോട് കനിവ് കാണിക്കാത്ത ഒരു ലോകത്തിൻറെ പേരിലുള്ള എന്റെ മാപ്പപേക്ഷയാകും അത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ശ്രീജ ശ്രീ എഴുതിയ കവിത 

ആത്മാവിലൊരു ഗാനം 

 

ഉരുകുന്ന വേദന കഥകളാക്കി

ഉള്ളിലെ മോഹങ്ങൾ കവിതയാക്കി

കാറ്റിന്റെ താളത്തിൽ ഈണമിട്ടു

ഹൃദയത്തിൽ ചേർത്തു ഞാനാലപിച്ചു !

 

നിദ്രാവിഹീനമാം രാവുകളിൽ

നെഞ്ചോടലിഞ്ഞൊരാ വരികളിലെ

മധുരം നിറഞ്ഞൊരാ രാഗശോഭ

ദുഃഖാദ്ര മനസ്സിന് കുളിർമയേകി!

 

ഹൃദയ വിപഞ്ചികേ പാടുക നീ

ആത്മാവിലാനന്ദമായഗീതം

സ്വരമായി സംഗീത സാന്ദ്രമായെൻ മനം

സ്വരസുധയാലെങ്ങും നിറഞ്ഞിടട്ടെ!

കവിത ശ്രീജയുടെ സ്വരമാധുരിയിൽ കേൾക്കുവാൻ ലിങ്ക് 

https://youtu.be/TxT6pzERv10?si=mRecYdv28elPgv_i

Dil Se

Sreeja Sree

(Translated from Malayalam by  Sreekumar Ezhuththaani)

 

Harping on my heartstrings I sang

Stories of my scorching pains

Poems on the sweet memories around them

Setting them to rhythms winds beat

 

On sleepless nights, 

Those songs lay on my bosom

And their melodious luminance

Soothed my sorrow-laden heart 

 

 

O, my heart, my dear harp

sing on, more and more songs 

From the valleys of my soul

Let my mind fledge

And fly everywhere

Fill everything 

With notes, melodies and ragas

 

 

 

 

 

 

 

 

 

 

 

 

 

IMG-20240118-WA0014.jpg
IMG-20240118-WA0012.jpg
Pooja online  2-11.png
  • Facebook
  • Twitter
  • LinkedIn
  • Instagram
ideal loanz_edited.jpg
bottom of page