അദ്ധ്യായം 2
ഏലമ്മച്ചിയെ കണ്ടില്ലല്ലോ?. അമ്പിളി 'അമ്മച്ചിയോടായി ചോദിച്ചു.
ഉറക്കം ആണെന്നു തോന്നുന്നു. മറിയാമ്മച്ചി കഴിഞ്ഞ സംഭവങ്ങളിൽ നിന്നും പൂർണ്ണമായി മുക്തമാകാത്തതു പോലെ മെല്ലെയാണ് ഉത്തരം പറഞ്ഞത്.
ഈപ്പച്ചന്‍റെ കെട്ടിക്കാത്ത സഹോദരിയാണ് ഏലമ്മച്ചി. കാലിനു സ്വാധീനക്കുറവ് മൂലം വിവാഹം വേണ്ടെന്ന് വെച്ച് സഹോദരനോടും, കുടുംബത്തോടുമൊപ്പം തറവാട്ടിൽ തന്നെ കഴിയുന്നു.
അപ്പച്ചാ ഊണ് കഴിക്കേണ്ടെ?.
അമ്പിളിയുടെ സ്നേഹപൂർവ്വമായ ക്ഷണം സ്വീകരിച്ചുകൊണ്ട് ഈപ്പച്ചൻ മെല്ലെ അടുക്കളയോട് ചേർന്നുള്ള ഭക്ഷണമുറിയിലേക്ക് നടന്നു. അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ ഊണിനു ശേഷം മരുന്ന് കഴിക്കുന്ന കാര്യം അപ്പച്ചനെ ഓര്‍പ്പിക്കുവാനും അമ്പിളി മറന്നില്ല.
അടുക്കളയില്‍ എത്തിയ അമ്പിളി ഗൗരി ഉണ്ടാക്കി വെച്ചിരിക്കുന്ന കറികൾ എല്ലാം ഒന്നൊന്നായി എടുത്ത് രുചിച്ചു നോക്കി. എല്ലാം ഒന്നിനൊന്നു മെച്ചം. അടുത്ത കാലത്തോന്നും ഇത്രയും രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മനസ്സിലോര്‍ത്തെങ്കിലും, ഗൗരിയോടുള്ള ദേഷ്യം മുന്നിട്ടു നിന്നതിനാൽ അവൾ ഉണ്ടാക്കിയ കറികളെ പറ്റി ഓരോ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് അമ്മച്ചിയെ വിളിക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങി.
മറിയമ്മച്ചി വീട്ടില്‍ പുറംജോലിക്കു നിൽക്കുന്ന പയ്യനെ വിളിക്കുന്നത് കേട്ടപ്പോള്‍ അമ്പിളി ദുരെയെ പറ്റി ഓര്‍ത്തു. കോഴിക്കോട് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന കനകയുടെ മകന്‍ ദുരെയെ ഇവിടെ കൊണ്ടാക്കിയത് ഉമ്മച്ചനാണ്. അവരുടെ ദാരിദ്രവും കഷ്ടപ്പാടും കണ്ട് മനസ്സലിഞ്ഞു നിര്‍ത്തുവാന്‍ കൂട്ടികൊണ്ട് വന്നതാണ് ഇവിടേക്കെന്നാണ് എല്ലാവരേയും ധരിപ്പിച്ചു വച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യം അതിനും എത്രയോ അപ്പുറം ആണെന്ന ചിന്ത മനസ്സില്‍ പൂത്തുലഞ്ഞപ്പോള്‍ അമ്പിളി ചിരിച്ചുപോയി.
വീട്ടിലെ ഓരോ നീക്കങ്ങളും രഹസ്യമായി അറിയുവാന്‍ ഉമ്മച്ചന്‍ നിറുത്തിയിരിക്കുന്നതാണ് ദുരെയെ. വലിയ ശമ്പളമൊന്നും ഇല്ലാതെ തന്നെ അവന്‍ ഇവിടെനില്‍ക്കുമെന്ന് അറിയാവുന്ന ഉമ്മച്ചന്‍ അതിനുവേണ്ടിയുള്ള കരുനീക്കങ്ങള്‍ വളരെ സമര്‍ത്ഥമായിട്ടാണ് നടത്തിയത്.
യഥാര്‍ത്ഥത്തില്‍ ഉമ്മച്ചന് ആരോടും വലിയ സ്നേഹമൊന്നുമില്ല. തനിക്ക് പോലും ഉമ്മച്ചന്‍റെ ജീവിതത്തില്‍ രണ്ടാം സ്ഥാനം മാത്രമേയുള്ളൂ. ഒന്നാം സ്ഥാനമെന്നും പണത്തിന് മാത്രമാണ്. അവിടെ ബന്ധങ്ങള്‍ക്ക് വലിയ വിലയില്ലെന്നുള്ള യാഥാര്‍ത്ഥ്യമൊരു സര്‍പ്പത്തെപോലെ പത്തി വിടര്‍ത്തി നില്‍ക്കുന്നതുകൊണ്ടാണ് അപ്പച്ചനെ ഇത്രമാത്രം സ്നേഹിക്കുന്നതായി അഭിനയിക്കുന്നത്.
അത്യാഗ്രഹത്തിന്‍റെ കാര്യത്തില്‍ താനും ഒട്ടും പിന്നിലല്ലെന്ന് അമ്പിളി ഓര്‍ത്തു. ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന തനിക്ക് കിട്ടിയ ഭാഗ്യം തന്നെയാണ് ഉമ്മച്ചന്‍. ജീവിതത്തില്‍ സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഉയരത്തില്‍ കല്യാണം കഴിപ്പിച്ചു അയക്കുവാനുള്ള ത്രാണിയൊന്നും തന്‍റെ അപ്പന്‍ ഇത്താക്കുവിനില്ലായിരുന്നു.
ഉമ്മച്ചനും താനും അവിചാരിതമായി കണ്ടു മുട്ടുകയും, ആ ബന്ധം ഒരു പ്രണയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതുകൊണ്ടു മാത്രമാണ് താന്‍ ഈ വീട്ടില്‍ മരുമകളായി വരുവാന്‍ ഇടയായി തീര്‍ന്നത്.
നീ എന്തെടുക്കുകയാ അമ്പിളിയേ?.
അടുക്കളയില്‍ നിന്നും മറിയാമ്മച്ചിയുടെ ഒച്ച ഉയര്‍ന്നപ്പോള്‍ അമ്പിളി ചിന്തകളില്‍ നിന്നും സ്വതന്ത്രയായിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു.
ഞാന്‍ ഇവിടെയുണ്ട് അമ്മച്ചിയേ, അന്നമ്മാമ്മയെ പറ്റി ഓര്‍ത്തുകൊണ്ട് നില്‍ക്കുകയായിരുന്നു. വയ്യാത്ത നിങ്ങളെ ഇട്ടിട്ട് എങ്ങനെ വീട്ടില്‍ പോയി നില്‍ക്കുവാന്‍ ചേച്ചിയ്ക്ക് കഴിയുന്നു. ഇവിടുത്തെ കാര്യം ഓര്‍ക്കുമ്പോള്‍ എന്‍റെ ഇടനെഞ്ച് വിങ്ങിപ്പൊട്ടുകയാണ്. നെഞ്ചില്‍ കൈ തൊട്ടുകൊണ്ട് ശോകഭാവത്തിലാണ് അമ്പിളി അവരുടെ അഭിപ്രായം പ്രകടിപ്പിച്ചത്.
അന്നമ്മയുടെ കാര്യം ഒന്നും പറയാതിരിക്കുകയാണ് നല്ലത്. മറിയാമ്മച്ചി വെറുപ്പിന്‍റെ മേമ്പൊടി ചലിച്ചുകൊണ്ടാണ് സംസാരിച്ചത്.
നീ വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ അവൾ പോകാൻ ഒരുക്കം തുടങ്ങിയതാ.
ഇന്നലെയാണ് അവൾ ഇവിടെ നിന്നും പോയത്. മറിയമ്മച്ചി പറഞ്ഞു പൂർത്തീകരിക്കുന്നതിന് മുൻപ് അമ്പിളി ഇടയ്ക്ക് കയറി പറഞ്ഞു.
അല്ലെങ്കിൽ തന്നെ ബേബിച്ചായന് ചേച്ചിയുടെ ശരീരം ഇളകുന്നത് ഇഷ്ടമല്ലല്ലോ?. ബെന്നിക്ക് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്തൊക്കെയാണെന്ന് അമ്മച്ചിയ്ക്ക് അറിയാമോ?. ബേബിച്ചന്‍റെ മൂത്തമോനാണ് ബെന്നി.
നീ കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ അവിടെ തന്നെ ഇരിക്കട്ടെ. ഊണ് കഴിച്ചിട്ട് നമ്മൾക്ക് അതൊക്കെ കാണാം.
ഉള്ളിന്‍റെ ഉള്ളിൽ തികട്ടി വന്ന കാപട്യത്തിന്‍റെ മുഖം മറച്ചു കൊണ്ട് അമ്പിളി വെളുവെളുക്കെ മറിയാമ്മച്ചിയെ നോക്കിയൊന്നു ചിരിച്ചു.
കുവൈറ്റിലെ ജോലിയുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഞാന്‍ ഇവിടെ വന്നു നിന്ന് നിങ്ങളുടെ കാര്യങ്ങള്‍ എല്ലാം നോക്കിക്കോളാം അമ്മച്ചിയേ.
അത് കേട്ടപ്പോള്‍ ഇത്രയും സ്നേഹമുള്ള മരുമകളെ തന്നതിന് മനസ്സിൽ കാരുണ്യവാനായ ദൈവത്തിന് സ്തോത്രം ചൊല്ലുവാന്‍ മറിയാമ്മച്ചി മറന്നില്ല.
അമ്പിളി അടുക്കളയില്‍ കയറി ഗൌരിയുണ്ടാക്കിയ കറികള്‍ എല്ലാം വെവ്വേറെ പാത്രങ്ങളിലാക്കി മേശമേൽ നിരത്തി വെച്ചു.
അപ്പച്ചൻ അറിഞ്ഞിരുന്നോ ഇവിടെ നടന്ന സംഭവങ്ങൾ ഒക്കെ?. അമ്പിളി ചോദ്യരൂപേണ അപ്പച്ചനോടായി ചോദിച്ചു.
എന്താടീ അമ്പിളിയേ?.
"മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം എന്താണെന്ന് പറയീൻ".
ഈപ്പച്ചൻ തെല്ലു ഗൗരവം മുഖത്ത് വരുത്തികൊണ്ടാണ് അത്രയും പറഞ്ഞത്.
ഗൗരിയെ തല്ലാൻ ഉമ്മച്ചൻ ഒരുങ്ങിയതാണ്. ഞാൻ തടസ്സം നിന്നുകൊണ്ട് അവൾ തല്ലു കൊള്ളാതെ ഓടി രക്ഷപെട്ടു.
പെണ്ണുങ്ങളായാൽ ഇച്ചിരി അടക്കവും ഒതുക്കവും ഒക്കെ വേണമെന്ന് ഉമ്മച്ചൻ അവളോട് ലോഹ്യത്തിൽ വെറുതെയൊന്നു പറഞ്ഞുപോയി.
കേട്ട പാതി കേൾക്കാത്ത പാതി അവൾ ഉമ്മച്ചന് നേരെ ഈറ്റപുലിയെ പോലെ ചാടികൊണ്ട് ഒന്നമട്ടി. "നീ നിന്‍റെ കെട്ടിയവളെ നിലയ്ക്ക് നിർത്താൻ ആദ്യം ശീലിയ്ക്ക്, എന്നിട്ട് എന്നെ ഭരിക്കാൻ വന്നാൽ മതിയെന്ന്".
അത്രയും നേരം ക്ഷമയോടെ നിന്നിരുന്ന ഉമ്മച്ചന്‍റെ സകല നിയന്ത്രണവും അഴിച്ചു വിട്ട കാളക്കൂറ്റന്റെതു പോലെ നഷ്ടപെട്ടിരുന്നു. അപ്പോള്‍ അവിടെ ഒന്നും സംഭവിക്കാതിരുന്നത് അവളുടെ ഭാഗ്യം.
അമ്പിളി ഉമ്മച്ചനെ ഏറുകണ്ണിട്ടൊന്നു നോക്കിയിട്ടു മന്ദമായി ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.
എന്നിട്ട് അവൾ എന്തിയേ?. ഉമ്മച്ചനോടായി ഈപ്പച്ചൻ ചോദിച്ചു.
അവളെ ഞാൻ അപ്പോഴേ പറഞ്ഞുവിട്ടു, ഉമ്മച്ചൻ മേശപ്പുറത്തിരുന്ന കറികൾ രുചിച്ചു നോക്കികൊണ്ടിരിക്കുന്നതിനിടയിൽ അപ്പന് മുഖം കൊടുക്കാതെ തന്നെ പറഞ്ഞു.
അടുക്കളയിലായിരുന്ന മറിയാമ്മച്ചി ആ സംസാരം കേട്ടില്ല.
ഞാൻ ഏലമ്മച്ചിയെ വിളിച്ചു കൊണ്ട് വരട്ടെ. എന്നിട്ട് ഊണ് കഴിക്കാം.
ഉമ്മച്ചന് ഭാര്യയുടെ അഭിനയത്തിൽ പൂർണ്ണ തൃപ്തി തോന്നി.
എപ്പോഴും ഇവിടുത്തെ കാര്യം ഓർത്തു അവൾ കരച്ചിലാണ്. ഇന്നലെ രാത്രി അവൾ ഉറങ്ങിയിട്ട് കൂടിയില്ല.
ഈപ്പച്ചനോട് അത്രയും പറഞ്ഞിട്ട് അപ്പന്‍റെ മുഖഭാവും വീക്ഷിച്ചു കൊണ്ട് ഉമ്മച്ചൻ അവിടെ തന്നെ ഇരുന്നു.
അപ്പോൾ ഉമ്മച്ചന്‍റെ മനസ്സിൽ മൊട്ടിട്ട ചിന്ത മറ്റൊന്നായിരുന്നു. മറ്റു സഹോദരന്മാരെ പറ്റിച്ചു സ്വത്തുക്കൾ മുഴുവൻ സ്വന്തമാകുന്നതിനുള്ള ചവിട്ടുപടിയാണ് തന്‍റെ ഭാര്യ അമ്പിളി. അവളുടെ ഈ വിനയവും, സ്വത്തുക്കൾ കൈപ്പിടിയിൽ ആക്കുവാനുള്ള അവളുടെ ത്വരയും ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനുള്ള കുറുക്കുവഴി മാത്രമാണ്. ഇനിയും തങ്ങള്‍ ഇരുവരും ഏറെ അഭിനയിച്ചെങ്കില്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തിച്ചേരുകയുള്ളൂ.
അമ്പിളി ഏലമ്മച്ചിയേയും കൂട്ടി ഊണ്മുറിയിലേക്ക് വന്നിട്ട് അവിടെ കിടന്ന കസേരയില്‍ അവരെ ഇരുത്തി. ഏലമ്മച്ചി ഒത്തിരി ക്ഷീണിച്ചു പോയി അല്ലേ ഉമ്മച്ചായാ?.
ഉമ്മച്ചന്‍ അതിനു മറുപടിയൊന്നും പറയാതെ മെല്ലെയൊന്നു ചിരിച്ചു.
ഏലമ്മച്ചിയെ ഓര്‍ത്തു പ്രാര്‍ത്ഥിച്ചു കരയാത്ത ദിവസങ്ങളില്ല എന്‍റെ ജീവിതത്തില്‍. കണ്ണുകളിലൂടെ ധാരധാരയായി ഒഴുകുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് അമ്പിളി ഗത്ഗതത്തോടെ പറഞ്ഞു.
എല്ലാവരും അങ്ങോട്ടും, ഇങ്ങോട്ടും നോക്കിയിരിക്കാതെ ഊണ് കഴിച്ചേ?. നേരം എത്രയായി എന്നറിയാമോ?. ചോറുമായി അവിടേക്ക് വന്ന മറിയാമ്മച്ചി മുറുകി നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പരിസമാപ്തി കുറിക്കുവാന്‍ എന്നതുപോലെ എല്ലാവരോടും ആയിട്ട് പറഞ്ഞു.
അമ്മച്ചിയും കൂടെ ഇരിക്ക്. നമ്മൾക്ക് ഒന്നിച്ച് ഊണ് കഴിക്കാം.
ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അമ്പിളിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇങ്ങനെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് എത്രനാളായി. മേശപ്പുറത്തിരുന്ന ചോറും, കറികളുമെല്ലാം എല്ലാവർക്കും വിളമ്പി കൊടുക്കുകയും, നിർബന്ധിച്ചു അവരെ കൊണ്ടു കഴിപ്പിക്കുകയും ചെയ്യുന്ന അമ്പിളിയുടെ സ്നേഹത്തെപറ്റി വാനോളം പുകഴ്ത്തുവാൻ കിട്ടിയ അവസരം മറിയാമ്മച്ചിയൊട്ടു പാഴാക്കിയതുമില്ല.
ഊണ് കഴിഞ്ഞ് മറിയാമ്മച്ചി അടുക്കളയിലേക്ക് നടന്നു.
അമ്പിളി ഊണ് കഴിഞ്ഞതിന് ശേഷം പാത്രം എല്ലാം അടുക്കളയിൽ കൊണ്ട് വെച്ചിട്ട് കഴുകുവാൻ തുടങ്ങിയപ്പോൾ മറിയാമ്മച്ചി അമ്പിളിയെ ആ സാഹസത്തിൽ നിന്ന് വിലക്കിയിട്ടു തൊടിയിലേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു.
എടാ ദുരെയേ.
എന്താ അമ്മച്ചിയേ. തമിഴ് ഇടകലര്‍ന്ന മലയാളം സംസാരിച്ചുകൊണ്ട് അവന്‍ അവിടേക്ക് ഓടിവന്നു.
ഈ പാത്രങ്ങൾ എല്ലാം കഴുകി വയ്ക്കണം. ജോലി ചെയ്യുന്നതിനുള്ള അനിഷ്ടം പ്രകടിപ്പിക്കാതെ അവന്‍ പാത്രം കഴുകുവാനും തുടങ്ങി.
വാ അമ്മച്ചിയേ, നമ്മുക്ക് ചാവടിയിലേക്കു പോകാം.
ടോമിനേയും, ജെറിയെയും എന്താ കൊണ്ടുവരാഞ്ഞത്?.
ചവടിയിലേക്ക് നടക്കുന്നതിനിടയില്‍ മറിയാമ്മച്ചി അമ്പിളിയോട് തിരക്കി. അടുത്ത പ്രാവശ്യം വരുമ്പോള്‍ ഉറപ്പായിട്ടും കൊണ്ടുവരാം അമ്മച്ചിയേ. ടോമിന് പ്ലസ്‌ടു പരീക്ഷ നടന്നു കൊണ്ടിരിക്കുകയായിരുന്നതിനാല്‍ കുവൈറ്റില്‍ നിന്നും വരുന്ന വിവരം പോലും അവനെ അറിയിച്ചിട്ടില്ല. ജെറിക്ക് കുട്ടിക്കളി മാറിയിട്ടില്ലാത്തതിനാല്‍ അവനെ എന്‍റെ വീട്ടില്‍ കൊണ്ടാക്കിയിരിക്കുകയല്ലേ.
ടോമിന്‍റെ പരീക്ഷ കഴിഞ്ഞിട്ട് വേണം രണ്ടിനേയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍. അനുസരണയെന്നത് രണ്ടിന്‍റെയും ഏഴയല്‍വക്കത്തുകൂടി പോയിട്ടില്ല.
ഉമ്മച്ചന്‍റെയും അമ്പിളിയുടെയും മക്കളാണ് ടോമും, ജെറിയും.
കുവൈറ്റില്‍ നിന്നും കൊണ്ടുവന്ന പെട്ടികള്‍ തുറക്കുവാന്‍ തുടങ്ങിയപ്പോഴാണ് ആരോ കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടത്. നീ അതങ്ങ് അടച്ചു വെച്ചേക്ക്. രാത്രിയാകുമ്പോള്‍ നമ്മള്‍ക്ക് പെട്ടികള്‍ തുറക്കാം. അമ്പിളി ഇപ്പോള്‍ ഉമ്മറത്തേക്കൊന്നും വരേണ്ട, മറിയാമ്മച്ചി താക്കീതിന്‍റെ സ്വരത്തില്‍ അമ്പിളിയോടായി പറഞ്ഞു.
ആരാ?. വന്നവരോട് മറിയാമ്മച്ചി ലേശം പരുക്കനായിട്ടാണ് സംസാരിച്ചത്.
തറവട്ടം വായനശാലയില്‍ നിന്നാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. പാവപ്പെട്ട ഒരാള്‍ക്ക് വീട് വെച്ചുകൊടുക്കുന്നതിനായുള്ള പിരിവാണ് എന്തെങ്കിലും സംഭാവന തരണം. അമ്മച്ചിയുടെ മക്കള്‍ വിചാരിച്ചാല്‍ തരക്കേടില്ലാത്ത നല്ല തുക തരുവാന്‍ കഴിയും. കൂട്ടത്തില്‍ മുതിര്‍ന്ന കപ്പടാമീശക്കാരന്‍ അമ്മച്ചിയോടായി തെല്ല് ഉച്ചത്തില്‍ പറഞ്ഞു.
നിങ്ങള്‍ ഒരു പത്ത് ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതി.
അവരെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കുവാന്‍ വ്യഗ്രത പെട്ടു നിന്നിരുന്ന മറിയാമ്മച്ചിയുടെ മനസ്സില്‍ അപ്പോള്‍ രൂപപ്പെട്ട ആശയമായിരുന്നത്. അവര്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മടങ്ങിപോയി.
രാത്രി ഏറെ വൈകിയാണ് അവര്‍ ചാവടിയില്‍ വീണ്ടും ഒത്തുകൂടിയത്.
അമ്പിളിയും, ഉമ്മച്ചനും കൂടി പെട്ടി തുറന്നു. അമ്മച്ചിയും , അപ്പച്ചനും മരുമകള്‍ തങ്ങള്‍ക്കായി എന്തൊക്കെയാണ് കൊണ്ടുവന്നിരിക്കുന്നത് എന്നറിയുവാനുള്ള ആകാംക്ഷയില്‍ അതിന് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു.
ആദ്യം പുറത്തെടുത്തത് ഒരു സ്വിസ്സ് വാച്ചായിരുന്നു.
ഇതാര്‍ക്കാണ്?.
മിസ്റ്റര്‍ ചാക്കോച്ചന്, ഉമ്മച്ചന്‍റെ മൂത്ത സഹോദരി വത്സലയുടെ ഭര്‍ത്താവാണ് ചാക്കോച്ചന്‍. മറിയാമ്മച്ചി അതെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ട് ഈപ്പച്ചനോടായി പറഞ്ഞു.
നല്ല വില കൂടിയ വാച്ച് ആണെന്ന് തോന്നുന്നു.
വത്സലയ്ക്ക് ഒന്നുമില്ലേ?. ഒരു കവറില്‍ നിന്നും പള പള മിന്നുന്നൊരു സില്‍ക്ക് സാരി പുറത്തെടുത്തുകൊണ്ട് അമ്പിളി അമ്മച്ചിയ്ക്ക് നേരെ നീട്ടി. ഇതാണ് മിസ്സ് . ചാക്കോച്ചന്. സ്വന്തം കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിയാതെ മറിയാമ്മച്ചി ഏതാനും നിമിഷം നിശബ്ദമായിരുന്നു.
ഇതിനെത്ര വിലവരും?.
മറിയാമ്മച്ചി അമ്പിളിയ്ക്ക് നേരെ നോട്ടം എറിഞ്ഞുകൊണ്ട് ചോദിച്ചു. വത്സലയ്ക്ക് വേണ്ടി വാങ്ങുമ്പോള്‍ വിലയെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല അമ്മച്ചീ. നിസ്സാര മട്ടില്‍ അത്രയും പറഞ്ഞിട്ട് ഉമ്മച്ചനെയൊന്നു പാളി നോക്കി. അമ്പിളിയുടെ നോട്ടത്തില്‍ നിന്നും അര്‍ത്ഥം മനസ്സിലാക്കിയ ഉമ്മച്ചന്‍ വെളുവെളുക്കെ എല്ലാവരേയും നോക്കിയൊന്നു ചിരിച്ചു.
അമ്പിളി നിസ്സാര മട്ടില്‍ പെട്ടിയില്‍ തിരച്ചില്‍ തുടര്‍ന്നു.
വല്‍സലയുടെ മക്കളായ സച്ചുവിനും, റോണിയ്ക്കും കൊണ്ടുവന്നിരിക്കുന്ന ഷര്‍ട്ടിന്‍റെയും, പാന്‍സിന്‍റെയും തുണിയും കൂടി അമ്മച്ചിയേ കാണിച്ചു കഴിഞ്ഞു മാത്രമേ അമ്പിളി ആ തിരച്ചില്‍ അവസാനിപ്പിച്ചുള്ളൂ.
നീ ജെസ്സിയ്ക്ക് ഒന്നും കൊണ്ടുവന്നില്ലേ?. അമ്മച്ചി അമ്പിളിയോടായി ചോദിച്ചു.
(തുടരും )