അൽപ സമയ ചിന്തകൾ
*ചിന്താശകലങ്ങൾ*
*ചിന്താശകലങ്ങൾ*
ആവശ്യങ്ങളും ആഗ്രഹങ്ങളും
...............
ഒരു നാട്ടിലെ പ്രമാണി, തൻ്റെ വീടിനോടു ചേർന്നുള്ള സ്ഥലത്തു്, ഒരു ബോർഡു് വച്ചു:
"പൂർണ്ണ സംതൃപ്തനായ വ്യക്തിക്കു്, ഞാൻ ഈ സ്ഥലം ദാനം ചെയ്യുതായി
രിക്കും". ഒരാൾ പ്രമാണിയെ സമീപിച്ചു പറഞ്ഞു: "അങ്ങയുടെ സ്ഥലം എനിക്കു തന്നാലും; ഞാൻ പൂർണ സംതൃപ്തനാണു് ''.
പ്രമാണി അയാളോടു ചോദിച്ചു: "എന്തുകൊണ്ടാണു്, നിങ്ങൾക്കു പൂർണ സംതൃപ്തിയുള്ളതു്?" "എനിക്കു് എല്ലാ കാര്യങ്ങളും ആവശ്യത്തിലധികം ഉണ്ടു് ", അയാൾ പ്രതിവചിച്ചു. പ്രമാണി വീണ്ടും ചോദിച്ചു: "എല്ലാം ആവശ്യത്തിലധികം ഉള്ള സംതൃപ്തനാണു താങ്കൾ എങ്കിൽ, പിന്നെന്തിനാണു്, ഈ സ്ഥലം കൂടി ആഗ്രഹിക്കുന്നതു്?" അയാൾക്കു്, മറുപടി ഇല്ലായിരുന്നു!
'മതി' എന്നതു്, ഒരു മനോഭാവമാണു്. ഉള്ളവയിൽ സംതൃപ്തി കണ്ടെത്താനും, അവയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും കഴിവുള്ളവർക്കേ, അതു സ്വായത്തമാക്കാൻ ആകൂ. ആവശ്യവും ആഗ്രഹവും തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞാൽ, വിഭവങ്ങളെ കൈകാര്യം ചെയ്യാൻ, ഏറെ എളുപ്പമാണു്. തൻ്റെ ആവശ്യങ്ങളുടെ പരിധി നിശ്ചയിക്കാൻ കഴിവുള്ളവനാണു്, യഥാർത്ഥ സംതൃപ്തൻ.
ആർത്തിപൂണ്ട ആളുകൾ തമ്മിലുള്ള കിടമത്സരമാണു്, മറ്റുള്ളവരുടെ സമാധാനം പോലും, നശിപ്പിക്കുന്നതു്. ആവശ്യങ്ങൾക്കു് പരിഹാരമുണ്ടു്. എന്നാൽ, ആഗ്രഹങ്ങൾ എന്നും, അപരിഹാര്യമായിത്തന്നെ തുടരും. നിലനിൽപിനും, സ്വയ സംരക്ഷണത്തിനുമുള്ള ഉപാധികൾ എല്ലാവർക്കും ആവശ്യമാണു്. എന്നാൽ, അവ അതിർത്തികൾ ഭേദിച്ച്, ആർഭാടങ്ങളിലേക്കു കടന്നു കയറുമ്പോൾ, ആഗ്രഹങ്ങൾ, ദുരാഗ്രഹങ്ങളായി രൂപാന്തരപ്പെടും.
ധാരാളിത്തമാണു്, ഏറ്റവും വലിയ തിന്മ. വിശക്കുന്നവനു മുമ്പിൽ, ഒരിലയിടാതെ, ഒരാൾ സദ്യ കഴിക്കുന്നുവെങ്കിൽ, അതു്, കൊലപാതകത്തേക്കാൾ, വലിയ ക്രൂരതയാണു്. അപരൻ്റെ അത്യാവശ്യങ്ങളെ ചവുട്ടി മെതിച്ചിട്ടു്, സ്വന്തം അനാവശ്യങ്ങളിലേക്കു തേരോട്ടും നടത്താൻ, നാമാരും തുനിയരുതു്. സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.
എ വി ഇട്ടി, മാവേലിക്കര,
94950 17850 (Mob)
അൽപ സമയ ചിന്തകൾ
ചിന്താശകലങ്ങൾ
സ്നേഹത്തിൻ്റെ പൂർണത
....................
ഒരു രാജാവു്, ക്ഷിപ്രകോപിയായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും അദ്ദേഹം നടക്കാനിറങ്ങുമായിരുന്നു. തനിക്കിഷ്ടമില്ലാത്ത പ്രവൃത്തികൾ ആരെങ്കിലും ചെയ്യുന്നതു കണ്ടാൽ, കയ്യിലുള്ള വടി കൊണ്ടു്, അയാളെ ആഞ്ഞടിക്കുമായിരുന്നു. അതിനാൽ ആളുകൾ രാജാവിനെ കാണുമ്പോഴെ, ഓടി ഒളിക്കുമായിരുന്നു.
ഒരു ദിവസം, ഒരാൾ രാജാവിൻ്റെ മുന്നിൽ ചെന്നുപെട്ടു. അയാൾ തൊട്ടടുത്ത വീട്ടിലേക്കു കയറാൻ ശ്രമിച്ചെങ്കിലും സാധാച്ചില്ല. രാജാവ് അയാളെ പിടികൂടി. "ഇതു താങ്കളുടെ വീടാണോ", രാജാവ് അയാളോടു ചോദിച്ചു? "അല്ല, സുഹൃത്തിൻ്റെതാണു് " അയാൾ പ്രതിവചിച്ചു. ''പിന്നെ തനെന്തിനാണ് ഇവിടെ കയറാൻ ശ്രമിച്ചത്?" രാജാവു വീണ്ടും ചോദിച്ചു. "എനിക്കു രാജാവിനെ പേടിയാണു്!", അയാൾ പറഞ്ഞു. ദേഷ്യം വന്ന രാജാവു് അലറി: "എന്നെ പേടിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു? ഞാൻ നിങ്ങളുടെ രാജാവാണു്. നീ എന്നെ സ്നേഹിക്കുവാൻ ബാദ്ധ്യസ്ഥനാണു്. സ്നേഹിച്ചില്ലെങ്കിൽ, ഞാൻ നിന്നെ വകവരുത്തും!"
സ്നേഹത്തിനും, സ്നേഹം പ്രകടിപ്പിക്കാൻ, നം ഉപയോഗിക്കുന്ന വാക്കുകൾക്കും ഒരേ ഭാഷയായിരിക്കണം? പ്രകടിപ്പിക്കാത്ത സ്നേഹത്തിനു്, ആരിലും ഒരു പരിവർത്തനവും വരുത്താനാവില്ല. സ്നേഹമല്ല, സ്നേഹത്തിൻ്റെ ഭാവമാണു പ്രധാനം. സ്നേഹത്തിൻ്റെ പൂർണത സ്നേഹിക്കപ്പെടുന്നവരുടെ സംതൃപ്തിയിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതു്. അന്യർക്കു മനസ്സിലാകാത്ത രീതിയിൽ അവരെ സ്നേഹിക്കുന്ന ആരും, യഥാർത്ഥ സ്നേഹത്തിൻ്റെ ഉടമകളല്ല.
തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹമാണു്, എല്ലാ വേർപിരിയലുകളുടെയും കാരണം? പരസ്പരം സ്നേഹിക്കുന്നുണ്ടെന്നു പറയുകയും, അതു രണ്ടു പേർക്കും മനസ്സിലാകാതെ വരികയും ചെയ്യുന്നതിനേക്കാൾ, വലിയ ദുരന്തം മറ്റെന്താണു്? സ്നേഹിക്കുക എന്നതൊരാളുടെ കടമയാണു്. സ്നേഹിക്കപ്പെടുക എന്നത് അവകാശവും?
സ്നേഹിക്കുന്നതൊഴിച്ചെന്തു കാര്യവും, നിങ്ങൾക്കൊരാളെക്കൊണ്ടു്, നിർബ്ബന്ധിച്ചു ചെയ്യിക്കാം. സ്നേഹിക്കാൻ നിർബ്ബന്ധിക്കപ്പെടുമ്പോൾ, സ്നേഹത്തിൻ്റെ അർത്ഥം നഷ്ടപ്പെടുകയാണു്? ബന്ധങ്ങളുടെയോ, അധികാരത്തിൻ്റെയോ പേരിൽ, ഇല്ലാത്ത സ്നേഹം പ്രകടിപ്പിക്കേണ്ടി വരുന്നയാൾ, സ്വാഭാവികമായും, കാപട്യത്തിൻ്റെ മുഖംമൂടി അണിയേണ്ടി വരും? ചിലരെ സനേഹിക്കാൻ നമുക്കു കഴിയല്ല; ചിലരെ സ്നേഹിക്കാതിരിക്കാനും? ഇവ രണ്ടും ഒരാളുടെ സമീപനങ്ങളുടെയും, ഇടപെടലുകളുടെയും, അനന്തര ഫലമാണു്? "സ്നേഹം നിർവ്യാജമായിരിക്കണം" എന്നാണു്, പൗലൊസ് അപ്പൊസ്തലൻ എന്ന പുണ്യാത്മാവു നമുക്കു നൽകുന്ന അനുശാസനം. നമുക്കതിനു കഴിയട്ടെ? ദൈവം അനുഗ്രഹിക്കട്ടെ? ഏല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി. നമസ്ക്കാരം.
എ വി ഇട്ടി, മാവേലിക്കര,
94950 17850 (Mob)
അൽപ സമയ ചിന്തകൾ
ശുഭ ചിന്തകൾ
അലസനായി സദാസമയവും ഇരിക്കുകയും അലസതയ്ക്ക് ന്യായീകരണമായി കൂടിയിരുന്നു നന്നായി പ്രവർത്തിക്കുന്നവരെ കളിയാക്കി വേദനിപ്പിച്ചു അവരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്ന ചില വിരുത്തന്മാറുണ്ടല്ലോ. ഇത്തരക്കാരെ നന്മയുള്ളവരായി മാറ്റാൻ ദക്ഷിണാഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ ഒരാചാരമുണ്ട്.
മനസ്സിലെ നന്മ മുഴുവൻ ചോർന്നുപോയ അയാളെ ഗോത്ര മൂപ്പൻ വലിയ സദസ്സിന് മുന്നിലിരുത്തി. അദ്ദേഹം പണ്ടു ചെയ്ത നല്ല കാര്യങ്ങൾ ഒന്നൊന്നായി ഓർത്തോർത്തു പറഞ്ഞു പുകഴ്ത്താൻ തുടങ്ങും. സദസ്സിലുള്ള ഓരോത്തരും അദ്ദേഹം തനിക്കും തന്റെ കൂടെയുള്ളവർക്കു ചെയ്തു തന്ന നന്മകൾ എണ്ണിയെണ്ണി പറയും... ഒടുവിൽ അയാളുടെ മനസ്സും നന്മകൾ കൊണ്ട് നിറയും.
ഒരുവനിലെ നന്മകളെ ഉണർത്താൻ അവനിൽ അവശേഷിച്ചിരിക്കുന്ന നന്മകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക മാത്രമാണ് നല്ല വഴി. കുറവുകൾ ചൂണ്ടി കാട്ടി ആർക്കെങ്കിലും ആരുടെയെങ്കിലും കുറവുകൾ ഇല്ലാതാകുവാൻ കഴിഞ്ഞിട്ടുണ്ടോ?. അതേസമയം നന്മകളെ കാണിച്ചു കുറവുകളെ നികത്താൻ എത്രയെളുപ്പം, അതിനാണ് നാം പരിശ്രമിക്കേണ്ടത്!....
ചീഫ് എഡിറ്റർ..