top of page
ക്രിസ്തുമസ് ചില ചിന്തകള്‍
“ജീവിക്കാനായിട്ട് ഒരാള്‍ക്ക് വളരെ കുറച്ചു കാര്യങ്ങള്‍ മതി. ആകാശത്തിലെ പറവകളെ നോക്കി പഠിക്കുക. നിറയെ കതിര്‍മണികള്‍ ഉള്ള പാടത്തു നിന്നും അവ തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രമേ എടുക്കുന്നുള്ളൂ. ഭൂമി നിറയെ കതിര്‍മണികള്‍ ഉള്ള പാടമാണ്. എനിക്കൊരു കതിര്‍മണിമാത്രം മതി (- ഫാദര്‍ ബോബി ജോസ്കപ്പൂച്ചി)
ക്രിസ്തുമസ് അഥവാ ക്രിസ്തുപൂജ , ക്രിസ്തുകുര്‍ബ്ബാന വര്‍ഷം തോറുംകൊണ്ടാടുന്ന യേശുവിന്‍റെ ജന്മദിനാഘോഷമാണല്ലോ. ബി സി രണ്ടിനും ഏഴിനുമിടയില്‍ ക്രിസ്തു ജനിച്ചുവെന്നു ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നു.ബൈബിളിലെ പഴയമിയമത്തില്‍ പ്രതിപാദിക്കും പോലെ മിശിഹായുടെ ആഗമനത്തിന്‍റെ പ്രവചനങ്ങളുടെ പൂര്‍ത്തികരണമാണ് ക്രിസ്തുവിന്‍റെ ജനനം. പഴയമിയമത്തില്‍ പ്രവാചകന്മാരായ എശയ്യ, ദാനിയല്‍, ഹോസ്ന മിശിഹായുടെ വരവിനെക്കുറിച്ച് പ്രവചിച്ചിരുന്നു. അവയില്‍ പ്രാധാന്യം അര്‍ഹിക്കുന്ന എശയ്യ പ്രവാചകന്‍റെ പ്രവചനം പുതിയനിയമത്തിലെ ക്രിസ്തുവിന്‍റെ ജനനത്തെ സൂചിപ്പിക്കുന്നു. എശയ്യ ഏഴാം അദ്ധ്യായം പതിനാലാം വാക്യത്തില്‍ ജൂദയായിലെ രാജാവായ ആഹാസിനോട് അരുളിചെയ്യുന്നു. ദൈവം അവന്‍റെ ശത്രുക്കളെ നശിപ്പിക്കും. അനീതിയുടെ അവസ്ഥകളാല്‍ പാപപൂരിതമായ ലോകത്തെ രക്ഷിക്കാന്‍ ദൈവം മനുഷ്യര്‍ക്കിടയില്‍ വസിക്കും. യേശയായുടെ പ്രവചനപ്രകാരം യുവതിയായ കന്യക (അല്മാ) കാലതാമസമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കുകയും. കുഞ്ഞിനു “ദൈവം നമ്മോട് കൂടെ” എന്ന അര്‍ഥം വരുന്ന “ഇമ്മാനുവേല്‍” എന്ന പേര് നല്‍കപ്പെടുമെന്നും. അവന്‍ വളര്‍ന്നു വലുതാകുംമുന്‍പേ അവനെ നശിപ്പിക്കുവാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. യേശയ്യയുടെ പ്രവചനത്തെ ബന്ധിപ്പിച്ചു പുതിയനിയമത്തില്‍ സുവിശേഷകനായ
മാത്യുവിന്‍റെ സുവിശേഷത്തില്‍ വളരെ ശക്തമായി യേശുവിന്‍റെ യേശു ജനനവും, പ്രവര്‍ത്തികളും യെശ്ശയ്യ പ്രവാചകന്‍റെ പ്രവചന പൂര്‍ത്തികരണമായി പറയപ്പെടുന്നു.
മനുഷ്യ നന്മയ്ക്കായി പാപത്തില്‍ വസിക്കുന്ന ലോകത്തിലേക്ക് അങ്ങിനെ ദൈവം (വചനം) മാംസമായി നമ്മുടെയിടയില്‍ വസിക്കാന്‍ കന്യകയായ മേരിയുടെ ഉദരത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഉരുവാക്കപ്പെട്ടു. നസ്രത്തിലെ സാധാരണക്കാരനും മരപ്പണിക്കാരനുമായ ജോസഫിനു വിവാഹം നിശ്ചയിച്ചിരുന്ന മേരി ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ വിവാഹമോചനം ചെയ്യാന്‍ ജോസഫ് ആഗ്രഹിച്ചുവെങ്കിലും, മാനുഷിക ധാര്‍മ്മികതയാല്‍ ഒരു യുവതിയായ സ്ത്രീയെ അപമാനത്തില്‍ നിന്നും സമൂഹത്തിന്‍റെ തെറ്റായ വീക്ഷണത്തില്‍ നിന്നും രക്ഷിക്കാന്‍ ദൈവഹിതപ്രകാരം മേരിയെ സ്വീകരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്. അങ്ങിനെ അനുസരണത്തിന്‍റെയും, പരോപകാരത്തിന്‍റെയും, രക്ഷയുടെയും മാതൃകയായ വിശ്വാസ സത്യമായി ജോസഫും, മേരിയും. ക്രിസ്തുമസ് പ്രവാചക പൂര്‍ത്തീകരണമായി ദൈവം മനുഷ്യര്‍ക്കിടയില്‍ വസിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട മേരിയുടെയും, ദൈവദാസനായ
ജോസഫിന്‍റെയും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്‍റെ വഴികള്‍ തുറക്കുന്നു. കോച്ചും മഞ്ഞിലും തണുപ്പിലും ശത്രുക്കളെ ഭയന്ന് ജെറുസലേമില്‍ നിന്നും പാലായനം ചെയ്തു വന്‍ പീഡകള്‍ സഹിച്ചു ഗര്‍ഭിണിയായ മേരിയേയും കൂട്ടി ജോസഫ് അനേകം വാതിലുകള്‍ മുട്ടിയിട്ടും, ബെത്ലെഹേമിലെ ഭവനങ്ങള്‍ ലോകരക്ഷകനായ യേശുവിന്‍റെ പിറവിക്കായി തുറക്കപ്പെട്ടില്ല. ആശ്രയമില്ലാതെ ഒടുവില്‍ ഗോശാലയില്‍ കന്നുകാലികള്‍ക്കൊപ്പം പുല്ലും വൈക്കോലും കൊണ്ട് തീര്‍ത്ത തൊഴുത്തില്‍ മൃഗങ്ങല്‍ക്കിടയില്‍ മനുഷ്യപുത്രനായി ദൈവപ്രതീകമായി ഇമ്മാനുവല്‍ ജീസസ് പിറന്നു. രാജാക്കന്മാരുടെ രാജാവായ ജീസസ് അങ്ങിനെ എളിമയുടെയും, വിശുദ്ധിയുടെയും,
സഹനത്തിന്‍റെയും രാജാവായി ചെറിയവരില്‍ ചെറിയവനായി ജനിച്ച ദിവസത്തെ ഓര്‍ക്കുന്ന ഈ ക്രിസ്തുമസ്സില്‍ നമുക്കും ജഡിക, ജീവിത സുഖങ്ങള്‍ മറന്നു, കാരുണ്യവും, സ്നേഹവും, സഹനവും, നിറഞ്ഞ കര്‍മ്മങ്ങളിലൂടെ മനസ്സുകള്‍ ഒരുക്കി ഉണ്ണി യേശുവിനെ സ്വീകരിക്കാന്‍ ഹൃദയങ്ങള്‍ വിശുദ്ധമാക്കി പുല്‍ക്കൂടൊരുക്കാം. പങ്കുവയ്ക്കലും, അന്യോന്യം സ്നേഹിക്കലും, ധര്‍മ്മങ്ങള്‍ക്കായി സ്വയം വിസ്മരിച്ചും ദൈവഹിതങ്ങള്‍ പാലിച്ചു ജീവിക്കുവാനുള്ള ഓര്‍മ്മപ്പെടുത്തലുമായി ഓരോ ക്രിസ്തുമസ്സും നമ്മളെ തേടിവരുന്നു.
കാലിത്തൊഴുത്തു മുതല്‍ കാല്‍വരിയോളം പാപ നിമഗ്നരായ മനുഷ്യരുടെ മോചനത്തിനായി മുപ്പത്തിമൂന്നു പരസ്യരഹസ്യ വര്‍ഷങ്ങള്‍ നമ്മോടൊപ്പം വസിച്ചു ക്രൂശിതനായി മരിച്ച യേശുവിനായി ജീവിക്കാം കാലങ്ങളായി നമ്മള്‍ ഒരുക്കുന്ന പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമൊക്കെ ക്രിസ്തുവിന്‍റെ മഹത്വങ്ങളെ വിളിച്ചോതുന്ന പ്രതീകങ്ങളാണ്. ക്രിസ്തുവിന്‍റെ ജനനത്തെ ആദ്യമായി മാലാഖമാര്‍ ആട്ടിടയര്‍ക്കു പ്രത്യക്ഷരായി അറിയിച്ചതും, ക്രിസ്തു അശരണരെയും, അഗതികളെയും, ആലംബഹീനരെയും തേടുന്നതിനെ വെളിപ്പെടുത്തുന്നു. ജ്ഞാനികളായ മൂന്നു രാജാക്കന്മാരായ മെല്ക്കിയോര്‍, കാസ്പര്‍, ബാല്ത്താസര്‍ എന്നിവര്‍ ദൂരങ്ങള്‍ താണ്ടി യേശുവിനെ തേടി വന്നപ്പോള്‍, ഹെറോദേസ് അവരെ സ്വീകരിക്കുകയും, യേശുവിന്‍റെ ജന്മവിവരവും, സ്ഥലവും തിരിച്ചുവരും വഴി അറിയിക്കാന്‍ ഗൂഡപദ്ധതികള്‍ ആവിഷക്കരിച്ചതും നന്മയെ നശിപ്പിക്കാനൊരുക്കിയ തന്ത്രങ്ങള്‍ ആയിരുന്നുവല്ലോ. പക്ഷെ ദൈവം ജ്ഞാനികള്‍ക്കു ബെത്ലെഹേമിലെ നക്ഷത്രമായി ആകാശത്തു തെളിഞ്ഞു വഴിതെളിച്ചു, ഉണ്ണിയേശുവിന്‍ ദര്‍ശനഭാഗ്യം നല്‍കി,. പൊന്നും, മീറയും, കുന്തിരിക്കവും കാഴ്ച്ചയേകി ജ്ഞാനികള്‍ തിരിച്ചുപോയതു നക്ഷത്രം കാട്ടിയമ റ്റൊരു മാര്‍ഗ്ഗത്തിലൂടെയായിരുന്നു...
ക്രിസ്തുമസിനു പാരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവപ്പ്, പച്ച, സ്വര്‍ണ്ണ നിറങ്ങളില്‍ ചുവപ്പ് ക്രിസ്തുവിന്‍റെ രക്തത്തെ, അഥവാ കാല്‍വരിയിലെ കുരിശുമരണത്തേയും, പച്ച നിത്യജീവനേയും, സ്വര്‍ണ്ണനിറം, ക്രിസ്തുജനിച്ചപ്പോള്‍ പ്രഥമ കാഴ്ച്ചവസ്തുക്കളില്‍ പ്രധാനമായ സ്വര്‍ണ്ണം, രാജകീയത്വത്തെയും സൂചിപ്പിക്കുന്നു. ക്രിസ്തുമസ് ട്രീ അഥവാ നിത്യഹരിത വൃക്ഷം കൊടും മഞ്ഞിലും ഇലകൊഴിയാതെ നില്‍ക്കുന്ന തീഷ്ണമായ സഹനത്തെയും, അതിന്‍റെ ത്രികോണാകൃതി ത്രീത്വത്തെയും സൂചിപ്പിക്കുകയാണ്. അങ്ങിനെ മനുഷ്യ ജീവിത വഴികളില്‍ നന്മയുടെ പരിവേഷമായി ഈ ഓരോ സൂചനകളും ക്രിസ്തുവിന്‍റെ ജനനവും, പ്രവാചക ദൌത്യവും, ലോകരക്ഷക്കായുള്ള പീഡാസഹനവും, മരണവും, നിത്യജീവനിലേക്കുള്ള ഉയര്‍പ്പും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന കവാടമായി ക്രിസ്തു ജനനം ക്രിസ്തുമസിലൂടെ നമ്മളിലേക്ക് തുറക്കപ്പെടുകയാണ്..
മതങ്ങള്‍ മനുഷ്യ സൃഷ്ടിതം. എന്നാല്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് നന്മയുടെ വഴികള്‍ മാത്രം. ദൈവം ഒന്നേയുള്ളൂ. ഒരേ ഒരു ശക്തി ബ്രഹ്മാണ്ഡം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ശക്തി. ഓരോ മതാചാരങ്ങളും ഓരോകര്‍മ്മങ്ങളുടെ പൂര്‍ത്തീകരണം മാത്രമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ മതങ്ങളും ഒന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. സത്യവും, നീതിയും, ധര്‍മ്മവും പ്രവര്‍ത്തികളില്‍ പാലിക്കുവാന്‍. മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി എന്ന ചിന്ത എത്ര മനോഹരമാണ്. പരസ്പ്പരം സ്നേഹിച്ചും, പങ്കിട്ടും, ജീവിക്കുമ്പോള്‍ ത്യത്തില്‍ മാനുഷര്‍ ദൈവതുല്യരാകുന്നു. ജനിക്കുമ്പോള്‍ ആരും ഒരു മതത്തിലുമല്ല. വെറും മനുഷ്യര്‍ മാത്രം. ദൈവം സൃഷ്ടിച്ച വെറും മനുഷ്യര്‍. മണ്ണില്‍ നിന്നും മണ്ണിലൂടെ, ഒടുവില്‍ മണ്ണിലേക്കുമുള്ള പ്രയാണം. അതിനിടയില്‍
നേടുന്നതെല്ലാം വെറും അന്യം.
പുതു പ്രതീക്ഷ
തിരുസഭ ഭൂമിയിലായിരിക്കുന്നത് യേശുവിന്‍റെ രണ്ടാം വരവിനു വേണ്ടി ജനത്തെ ഒരുക്കാനാണ്. ഒന്നാം വരവിന്റെ അനുസ്മരണമായ ക്രിസ്തുമസ് ആഘോഷിക്കുമ്പോഴും യേശു നമ്മെ വിധിക്കുവാന്‍ രണ്ടാമതും വരും എന്ന് പറഞ്ഞത് നാം മറക്കരുത്. ആ രണ്ടാം വരവിനെയാണ് പ്രത്യാശയോടെ നാം കാത്തിരിക്കുന്നത്. ഒന്നാം വരവ് അനുസ്മരണം നല്ലതാണ് എന്നാല്‍ രണ്ടാം വരവ് നമ്മെ വിധിക്കുവാനുള്ള വരവാണ്. ഈ ക്രിസ്തുമസ് ആഘോഷം നമ്മെ കര്‍ത്താവിന്റെ രണ്ടാം വരവിനായി ഒരുക്കട്ടെ.
സീനോ ജോണ്‍ കൊല്ലം
bottom of page